തൃശൂര്‍: ഒരു ചെറിയ ശബ്ദം കേട്ടാല്‍പോലും ഞെട്ടിയുണര്‍ന്ന് വിളക്ക് തെളിയിച്ച് ജനാലപഴുതിലൂടെ നോക്കി ആശങ്കപ്പെടുന്ന മലയോര ജനത ചോദിക്കുന്നു, ഇവിടെ അന്തിയുറങ്ങുന്നവന്റെ ജീവൻ ആര് സംരക്ഷിക്കും. വനത്തിന്റെ ഭീകരമുഖം പാതിമയക്കത്തിലും സ്വപ്നം കാണുന്നവന്റെ ആകുലതകള്‍ അധികൃതർ മറന്നുപോകുന്നു എന്ന പരാതിയാണ് ജില്ലയുടെ വനമേഖലയോട് ചേര്‍ന്ന് കഴിയുന്ന ഒരോ കുടുംബത്തിനും പറയാനുള്ളത്. ഉത്തരമില്ലാത്ത ചോദ്യം സ്വയം ചോദിച്ച് കഴിയുന്ന മനുഷ്യരുടെ വീടുകളിലേക്ക് വോട്ട് ചോദിച്ച് വരുന്നവരോട് എന്ത് മറുപടി പറയണം എന്നറിയാതെ നിസ്സഹായരാവുകയാണ് ജില്ലയുടെ മലയോര ഗ്രാമങ്ങള്‍.
വാണിയംപാറയില്നിന്ന് തുടങ്ങി മലയോര മേഖലകളിലൂടെ കുതിരാന്‍ കടന്ന് പീച്ചി ഡാം വൃഷ്ടി പ്രദേശത്തിലൂടെ കണ്ണാറ -പുത്തൂര്‍ മാന്ദാമംഗലം വഴി കല്ലൂരിലൂടെ പാലപ്പിള്ളിയിലേക്കും തുടര്‍ന്ന് വെള്ളികുളങ്ങര രണ്ടക്കൈ വഴി ചാലക്കുടി വരെ എത്തുമ്പോള്‍ ഈ മേഖലയില്‍ താമസിക്കുന്ന എല്ലാവരുടെയും മുഖ്യപ്രശ്നം വന്യമൃഗങ്ങള്‍ തന്നെ. വന്യമൃഗങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് മലയോര കര്‍ഷകര്‍ക്കും അഭിപ്രായമുണ്ട്.
എന്നാല്‍, മനുഷ്യനും ജീവിക്കാനുള്ള അവകാശമില്ലേ എന്ന ചോദ്യമാണ് മലയോര കര്‍ഷകര്‍ ഉയര്‍ത്തുന്നത്. ഇതിന് പരിഹാരം കാണാന്‍ കഴിയുന്നവര്‍ മാത്രം വോട്ട് തേടി എത്തിയാല്‍ മതിയെന്ന് മലയോരഗ്രാമങ്ങൾ പറയുന്നു. കുതിരാന്‍ പീച്ചി മേഖലയില്‍ ആനകളുടെ ശല്യമാണ് മുഖ്യമായുള്ളത്. ഒപ്പം കാട്ടുപന്നി, മലയണ്ണാന് തുടങ്ങിയ മൃഗങ്ങളുടെ ആക്രമണവും കൂടിയാകുമ്പോള്‍ കൃഷിയിറക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇനി പീച്ചി കടന്ന് പാലപ്പിള്ളിയിലേക്ക് പോയാല്‍ പുലിയാണ് വില്ലൻ. വളര്‍ത്തുമൃഗങ്ങളും മനുഷ്യരും ഇരകളാണ്.
കഴിഞ്ഞ ദിവസമാണ് മലക്കപ്പാറയില്‍ കുട്ടിയെ പുലി കൊന്നത്. നിര്‍ധനരായ അന്തർസംസ്ഥാന തൊഴിലാളി കുട്ടികളുടെ ജീവന് വിലകൽപിക്കാത്ത അവസ്ഥയാണ്.
വന്യമൃഗങ്ങളെ പറ്റി പരാതി ഉയര്‍ന്നാല്‍ അടുത്ത ദിവസം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വന്ന് സ്ഥലം സന്ദര്‍ശിച്ച് ആശ്വസിപ്പിച്ച് സ്ഥലം വിടുന്നതില്‍ കവിഞ്ഞ് ഒന്നും സംഭവിക്കാതായിട്ട് വര്‍ഷങ്ങളായി. വന്യമൃഗശല്യത്തിന് പുറമേയാണ് പ്രകൃതി ദുരന്തങ്ങള്‍, വെള്ളപ്പൊക്കം തുടങ്ങിയ വിഷയങ്ങൾ. എല്ലാം തീര്‍ന്ന് വരുമ്പോള്‍ മിച്ചമൊന്നും ഇല്ലാത്ത അവസ്ഥ. എല്ലുമുറിയെ പണിയെടുത്താലും വയറ് നിറയെ ഭക്ഷണം കിട്ടാത്ത അവസ്ഥയിലാണ് മലയോര കര്‍ഷകര്‍.
വനാതിര്‍ത്തിയിലെ വൈദ്യുതി വേലികള്‍ പ്രവര്‍ത്തിപ്പിക്കുക, തകർന്ന ഭാഗങ്ങളില്‍ പുതിയവ സ്ഥാപിക്കുക, കിടങ്ങ് ഒരുക്കുക, നാശനഷ്ടം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് സഹായധനം കൃത്യമായി എത്തിക്കുക എന്നീ അടിസ്ഥാന സൗകര്യങ്ങളെങ്കിലും ലഭിക്കണം എന്നാണ് മലയോര കര്‍ഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.