തൃശൂർ: ദേശീയപാത 544ന്റെ വാളയാർ മുതൽ അങ്കമാലി വരെയുള്ള 11 ബ്ലാക്ക് സ്പോട്ടുകൾ സുരക്ഷിതമാക്കുന്നതിനുള്ള നിർമാണ കരാർ ലഭിച്ചത് തമിഴ്നാട് സർക്കാറിന്റെ നടപടി നേരിട്ട കമ്പനിക്കെന്ന് വ്യക്തമായി. ഇതോടെ മണ്ണുത്തി-അങ്കമാലി മേഖലയിലെ അടിപ്പാതകളുടെ നിർമാണത്തിലെ നിലവാരത്തിലും സുരക്ഷയിലും ആശങ്കയുയർന്നിട്ടുണ്ട്.
383.04 കോടി രൂപയുടെ കരാർ പി.എസ്.ടി എൻജിനീയറിങ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിക്കാണ് ലഭിച്ചത്. 2024 ഫെബ്രുവരി 28നാണ് കരാർ ഒപ്പുവെച്ചത്. 2024 മാർച്ച് 13ന് നിർമാണം തുടങ്ങുകയും 2025 സെപ്റ്റംബർ ഒമ്പതിന് പൂർത്തിയാക്കുകയും ചെയ്യുമെന്നായിരുന്നു കരാർ. എന്നാൽ, നിലവിലെ സാഹചര്യത്തിൽ മണ്ണുത്തി-അങ്കമാലി ഭാഗത്തെ പണികൾക്ക് ഇനിയും സമയമെടുക്കുമെന്നാണ് സൂചന. ഡിസംബർ എട്ടിന് പണി പൂർത്തിയാക്കുമെന്ന് രേഖകൾ പ്രകാരം വ്യക്തമാക്കുന്നുണ്ടെങ്കിലും പൂർത്തിയാകാൻ സാധ്യതയില്ല.
മണ്ണുത്തി-അങ്കമാലി പാതയിൽ സുരക്ഷിതത്വം ഒരുക്കാതെയും ആവശ്യമായ നടപടികൾ സ്വീകരിക്കാതെയുമാണ് നാല് അടിപ്പാതകളുടെ അടക്കം നിർമാണം നടന്നിരുന്നതെന്ന് നേരത്തേ വ്യക്തമായിരുന്നു. ഇതിനിടെയാണ് തമിഴ്നാട് സർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുകയും മദ്രാസ് ഹൈകോടതിയിൽനിന്ന് സ്റ്റേ വാങ്ങി നിർമാണം തുടരുകയും ചെയ്യുന്ന കമ്പനിയാണ് ഇവിടെയും നിർമാണം നടത്തുന്നതെന്ന് വ്യക്തമായത്.
തമിഴ്നാട്ടിൽ അർബൻ ഹാബിറ്റാറ്റ് ഡെവലപ്മെന്റ് ബോർഡ് കണ്ടെത്തിയ നിർമാണത്തിലെ അപാകതകൾ സംബന്ധിച്ചാണ് കമ്പനിക്ക് നോട്ടീസ് ലഭിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് പൊതുമരാമത്ത് രംഗത്ത് വീഴ്ച വരുത്തിയ ഒരു കമ്പനിക്ക് കേരളത്തിലെ പ്രധാന ദേശീയപാതയുടെ നിർമാണ ചുമതല നൽകിയത് ഏറെ വിമർശനങ്ങൾക്ക് കാരണമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.