തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിന് ഇനി പത്ത് ദിനം കൂടി ബാക്കിനിൽക്കെ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ജില്ലയിൽ ജയപരാജയങ്ങൾ നിശ്ചയിക്കുന്നതിൽ ചെറുതല്ലാത്ത സ്വാധീനവുമായി ചെറുപാർട്ടികളും രംഗത്തുണ്ട്.
നേരിയ വോട്ടുകൾക്ക് വിധി നിർണയിക്കപ്പെടുന്ന പല മണ്ഡലങ്ങളിലും ആം ആദ്മി പാർട്ടി (എ.എ.പി), എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി, ബി.എസ്.പി, തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളായ എസ്.യു.സി.ഐ, സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ തുടങ്ങിയ പാർട്ടികൾ പിടിക്കുന്ന വോട്ടുകൾ നിർണായകമാകും. ചെറുപാർട്ടികളും അപരന്മാരും പിടിക്കുന്ന വോട്ടുകൾ എത്രത്തോളം നിർണായകമാണെന്ന് 2016ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുണ്ട്. വടക്കാഞ്ചേരിയിൽ യു.ഡി.എഫിലെ അനിൽ അക്കര സി.പി.എമ്മിലെ മേരി തോമസിനെ പരാജയപ്പെടുത്തിയത് കേവലം 43 വോട്ടുകൾക്കാണ്. അന്ന് അവിടെ എസ്.ഡി.പി.ഐ സ്ഥാനാർഥിയായിരുന്ന എ.കെ. ഗദ്ദാഫി 477 വോട്ടും ബി.എസ്.പിയുടെ പി.കെ. സുബ്രഹ്മണ്യൻ 419 വോട്ടും നേടിയിരുന്നു.
ഇരിങ്ങാലക്കുടയിൽ എൽ.ഡി.എഫ് സ്ഥാനാർഥി പ്രഫ. കെ.യു. അരുണൻ 2711 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് തോമസ് ഉണ്ണിയാടനെ പരാജയപ്പെടുത്തിയത്. അവിടെയും അപരന്മാരുടെയും ചെറുപാർട്ടികളുടെയും സ്ഥാനാർഥികൾ നേടിയ വോട്ടുകളാണ് ഫലത്തെ സ്വാധീനിച്ചത്.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സാറാ ജോസഫിലൂടെ 44,638 വോട്ടുകൾ നേടി തൃശൂരിൽ എ.എ.പി വലിയ ചലനം സൃഷ്ടിച്ചിരുന്നു. പിന്നീട് ആ സ്വാധീനം നിലനിർത്താൻ കഴിഞ്ഞില്ലെങ്കിലും ജില്ലയിലെ 13 മണ്ഡലങ്ങളിൽ 12ലും ഇത്തവണ ചൂൽ ചിഹ്നത്തിൽ ആം ആദ്മി പാർട്ടി ജനവിധി തേടുന്നുണ്ട്. തൃശൂരിൽ റാണി ആന്റോ, ഗുരുവായൂരിൽ പോളി, കൊടുങ്ങല്ലൂരിൽ ഡോ. കെ.എം. ഫ്രാൻസിസ് റോയ്, മണലൂരിൽ ഡോ. ഉണ്ണികൃഷ്ണൻ ചിറയത്ത് തുടങ്ങി പ്രഫഷണലുകളെയും സാധാരണക്കാരെയും ഇറക്കി നിഷ്പക്ഷ വോട്ടുകൾ സമാഹരിക്കാനാണ് എ.എ.പിയുടെ ശ്രമം.
കയ്പമംഗലം (എ.എം. മുഹമ്മദ് റിയാസ്), ഗുരുവായൂർ (കെ.വി. അബ്ദുൽ നാസർ), മണലൂർ (ജിലീഫ്), ചേലക്കര (വിനോദ് കുമാർ) എന്നീ മണ്ഡലങ്ങളിൽ എസ്.ഡി.പി.ഐ നേരിട്ട് കത്രിക ചിഹ്നത്തിൽ ജനവിധി തേടുന്നുണ്ട്. സ്വന്തം സ്ഥാനാർഥികളില്ലാത്ത മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്യുമെന്നാണ് സൂചന.
ജില്ലയിലെ ചില പോക്കറ്റുകളിൽ, പ്രത്യേകിച്ച് തീരദേശ-ന്യൂനപക്ഷ സ്വാധീന മേഖലകളിൽ കൃത്യമായ വോട്ട് ബാങ്കുള്ളവരാണ് എസ്.ഡി.പി.ഐയും വെൽഫെയർ പാർട്ടിയും. ഭരണത്തുടർച്ചക്കെതിരെ കേരളം വിധിയെഴുതണമെന്ന വെൽഫെയർ പാർട്ടിയുടെ പ്രഖ്യാപനം യു.ഡി.എഫിന് ആശ്വാസം നൽകുന്ന നിലപാടാണ്. സംഘ്പരിവാറിന് വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ തൊട്ടടുത്ത വിജയസാധ്യതയുള്ള ജനാധിപത്യ കക്ഷികളുടെ സ്ഥാനാർഥികൾക്ക് പിന്തുണ നൽകുമെന്നും പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്.
പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകൾ മുൻനിർത്തി മത്സരിക്കുന്ന ചെറുകിട പാർട്ടികൾ എൽ.ഡി.എഫ് വോട്ട് ബാങ്കിലാണ് വിള്ളൽ വീഴ്ത്തുക. ഗുരുവായൂരിൽ എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) സ്ഥാനാർഥിയായി സി.ആർ. ഉണ്ണികൃഷ്ണൻ, തൃശൂരിൽ സി.പി.ഐ (എം.എൽ) സ്ഥാനാർഥിയായി അർഷദ് അസീസ്, കയ്പമംഗലത്ത് റെഡ് സ്റ്റാർ സ്ഥാനാർഥിയായി എം.എം. മനോജ് എന്നിവർ മത്സരരംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.