മാള: നാടിനെ ഒന്നാകെ ആശങ്കയിലാഴ്ത്തി അച്ഛനെയും മൂന്ന് മക്കളെയും കാണാതായ സംഭവത്തിന് മണിക്കൂറുകൾക്കകം ശുഭപര്യവസാനം. സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അച്ഛനെയും 11, ഒമ്പത്, ആറ് വയസ്സ് ഉള്ള മൂന്ന് മക്കളെയും കൃത്യമായ അന്വേഷണത്തിലൂടെ പൊലീസ് സുരക്ഷിതരായി കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്നിറങ്ങിയ നാലുപേരും വൈകിയും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ മാള പൊലീസിൽ പരാതി നൽകുകയായിരുന്നു.
റൂറൽ എസ്.പി മുഹമ്മദ് നദിമുദീന്റെയും ഡിവൈ.എസ്.പി സന്തോഷ് കുമാറിന്റെയും മേൽനോട്ടത്തിൽ മാള പൊലീസ് അന്വേഷണം ഏറ്റെടുത്തു. ബന്ധുക്കളോടും നാട്ടുകാരോടും ഗോവയിലേക്കെന്ന് പറഞ്ഞാണ് ഇവർ വീട് വിട്ടതെന്ന് കണ്ടെത്തി. എന്നാൽ, അത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്ന് പിന്നീട് വ്യക്തമായി. സൈബർ ട്രാക്കിങ്ങിന്റെയും മറ്റ് രഹസ്യാന്വേഷണ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ഇവർ ആദ്യം ആലപ്പുഴയിലെ കൃപാസനത്ത് എത്തിയതായും പിന്നീട് എറണാകുളം ജില്ലയിലെ പിറവത്തേക്ക് പോയതായും തിരിച്ചറിഞ്ഞു.
പിറവം സി.ഐ മഹേഷിന്റെയും സംഘത്തിന്റെയും മാള പൊലീസിന്റെയും സംയുക്ത നീക്കത്തിലൂടെ മണിക്കൂറുകൾക്കകം അച്ഛനെയും മൂന്ന് മക്കളെയും സുരക്ഷിതരായി കണ്ടെത്തുകയായിരുന്നു. ആളൂർ എസ്.എച്ച്.ഒ കെ.വി. ഹരിക്കുട്ടൻ, മാള എസ്.ഐ വിശാഖ് കെ. വിശ്വൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സമയത്തോട് മല്ലിട്ടാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. പരമ്പരാഗത അന്വേഷണ രീതികൾക്കൊപ്പം സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗവും വിവിധ പൊലീസ് യൂനിറ്റുകൾ തമ്മിലെ മികച്ച ഏകോപനവും ചേർന്നാണ് മണിക്കൂറുകൾക്കകം വിജയത്തിലെത്താൻ കഴിഞ്ഞത്.
എസ്.ഐമാരായ ബാബു, ഫൈസൽ കോറോത്ത്, മുഹമ്മദ് ബാഷി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജിബിൻ, എയ്ഞ്ചൽ, കൃഷ്ണദാസ്, സി.പി.ഒമാരായ ആകാശ്, കിരൺ, ഹരികൃഷ്ണ, ഡ്രൈവർ ജവഹർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.