അറസ്റ്റിലായ പ്രതി
കൊടുങ്ങല്ലൂർ: സ്കൂളിലെ സ്റ്റോർറൂമിൽ നിന്ന് 250 കിലോ അരിയും പാചക പാത്രങ്ങളും മോഷ്ടിച്ച് വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണം മുടക്കിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലുരിനടുത്ത് വാസുദേവ വിലാസം യു.പി സ്ക്കൂളിൽ നടന്ന മോഷണ കേസിൽ ആസാം ഗായ് ജില്ല സ്വദേശിയും നിലവിൽ പി. വെമ്പല്ലൂർ വാഴൂർ ക്ഷേത്രത്തിന് സമീപം താമസക്കാരനുമായ താജുദ്ദീൻ (38) എന്നയാളാണ് അറസ്‌റ്റിലായത്.
സ്കൂൾ സ്റ്റോർ റൂമിന്റെയും അടുക്കളയുടെയും പൂട്ട് പൊളിച്ച് 50 കിലോ വീതമുള്ള അഞ്ച് ചാക്ക് അരിയും, ഉച്ചഭക്ഷണ പാചകത്തിനും വിതരണത്തിനുമായി സൂക്ഷിച്ചിരുന്ന പാത്രങ്ങളും ഉൾപ്പെടെ ഒരു ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്.
കുടുംബത്തോടൊപ്പം പി. വെമ്പല്ലൂർ ഭാഗത്ത് താമസിച്ച് ആക്രി സാധനങ്ങൾ പെറുക്കി ജീവിച്ചു വരികയായിരുന്നു പ്രതിയായ താജുദ്ദീൻ.
മോഷണത്തെക്കുറിച്ച് പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. ഇയാളുടെ താമസസ്ഥലത്തുനിന്നു മോഷ്ടിക്കപ്പെട്ടവയിൽ ഉൾപ്പെട്ട 99.700 കിലോഗ്രാം അരി പൊലീസ് കണ്ടെടുത്തു.
മതിലകം എസ്.എച്ച്.ഒ രജീഷ്, എസ്.ഐമാരായ നസിയ എം. ഷാഹിബ്, സജീവ്, രാജി, എ.എസ്.ഐ പ്രജീഷ്, എസ്.സി.പി.ഒ സനീഷ്, സി.പി.ഒമാരായ സബീഷ്, ബിനിൽ, മിഥുൻ, മുഹമ്മദ് സൻസിൽ എന്നിവരാണ് അന്വേഷണം നടത്തിയത്. മോഷണത്തെ തുടർന്ന് അധ്യാപകരും പി.ടി.എയും മനേജ്മെൻറും സഹകരിച്ച് ഭക്ഷണ വിതരണം തുടർന്നിരുന്നു. കൊടുങ്ങല്ലൂർ റോട്ടറി ക്ലബ്ബ് വെച്ചുവിളമ്പാൻ പാത്രങ്ങൾ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.