കൈപ്പിള്ളി-എറവ് റോഡ് നിർമാണ കരാറുകാരന്റെ ടോറസ് ലോറിയും എക്സ്കവേറ്ററും നാട്ടുകാർ
തടഞ്ഞുവെച്ചപ്പോൾ
അരിമ്പൂർ: കൈപ്പിള്ളി-എറവ് റോഡ് നിർമാണത്തിന്റെ ഭാഗമായി കൂട്ടിയിട്ട സ്ലാബുകളും തൂണുകളും കടത്തിക്കൊണ്ടുപോകാനെത്തിയ കരാറുകാരന്റെ ടോറസ് ലോറിയും എക്സ്കവേറ്ററും നാട്ടുകാർ തടഞ്ഞു. ഏറെനാളായി നടക്കുന്ന റോഡുപണി കരാറുകാരനും അധികൃതരും തമ്മിലുള്ള തർക്കത്തിൽപെട്ട് ഇഴഞ്ഞാണ് നീങ്ങുന്നത്. അതിനിടെ, കരാറുകാരൻ നിർമാണ സാമഗ്രികൾ കടത്തിയാൽ പണി വീണ്ടും പ്രതിസന്ധിയിലാകുമെന്നതിനാലാണ് നാട്ടുകാർ ഇടപെട്ടത്.
നാല് കിലോമീറ്ററോളം വരുന്ന കൈപ്പിള്ളി-എറവ് റോഡ് നിർമാണം ആരംഭിച്ച് രണ്ട് വർഷം പിന്നിട്ടു. കരാർ കരാറുകാരന് വാട്ടർ അതോറിറ്റി നൽകേണ്ടതായ തുക നൽകിയില്ലെന്ന് പറഞ്ഞ് കരാറുകാരൻ പ്രവൃത്തി നിർത്തിവെച്ചിരിക്കുകയാണ്. നിർമാണം നിലച്ച സാഹചര്യത്തിൽ റോഡ് പണി വീണ്ടും മറ്റൊരാളെ ഏൽപ്പിക്കാനായി ശ്രമം നടത്തിയെങ്കിലും കരാറുകാരൻ പിന്മാറാത്തിനാൽ അതിന് കഴിഞ്ഞില്ലെന്ന് അധികൃതർ പറഞ്ഞു.
നിരവധി സ്കൂൾ വാഹനങ്ങൾ അടക്കം പോകുന്ന ഈ റോഡ് നിലവിൽ താറുമാറായാണ് കിടക്കുന്നത്. ഇതിനിടയിലാണ് ബുധനാഴ്ച ഉച്ചക്ക് കരാറുകാരന്റെ ആളുകൾ എത്തി റോഡരികിൽ കാനകൾക്ക് മുകളിൽ ഇടാനായി സൂക്ഷിച്ചിരുന്ന വാർത്ത് വെച്ച സ്ലാബുകളും തൂണുകളും ടോറസ് ലോറിയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
ഇത് കണ്ട് നാട്ടുകാർ വാഹനം തടഞ്ഞിടുകയായിരുന്നു. അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റും വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും വിവരമറിഞ്ഞ സ്ഥലത്തെത്തി. റോഡിന്റെ കാര്യത്തിൽ തീരുമാനമാകാതെ വാഹനം വിട്ടുകൊടുക്കില്ല എന്ന നിലപാടിലായിരുന്നു ജനങ്ങൾ. തുടർന്ന് അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി.
അരിമ്പൂർ പഞ്ചായത്ത് പ്രതിനിധികളും റോഡ് കരാറുകാരനുമായി സി.ഐയുടെ സംസാരിച്ച് അടുത്ത ദിവസം കാര്യങ്ങളിൽ തീരുമാനം ഉണ്ടാക്കാം എന്ന് ധാരണയായി. സി.ഐയുടെ ഉറപ്പിൽ കരാറുകാരന് എക്സ്കവേറ്റർ വിട്ടുകൊടുത്തെങ്കിലും ടോറസ് ലോറി വിട്ടു നൽകിയില്ല. നാല് മണിക്കൂറോളമാണ് നാട്ടുകാർ തടിച്ചു കൂടിയത്. അരിമ്പൂർ പഞ്ചായത്തിന്റെ അധീനതയിൽ ഉണ്ടായിരുന്ന ഈ റോഡ് ടാർ ചെയ്ത് അടിസ്ഥാന സൗകര്യങ്ങൾ കൂട്ടി നിർമിക്കുന്നതിന് പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിലേക്ക് കൈമാറിയിരുന്നു. അതനുസരിച്ച് തുടക്കംകുറിച്ച ജോലികളാണ് ഇപ്പോൾ മുടങ്ങിക്കിടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.