തൃശൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് നിര്‍മാണ പുരോഗതി വിലയിരുത്താനെത്തിയ രാജന് ജെ. പല്ലന് എം.എല്‍.എ
തൃശൂര്‍: തൃശൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തില്‍ വ്യാപക അനാസ്ഥയെന്ന് രാജൻ ജെ. പല്ലൻ എം.എല്‍.എ. ആവശ്യമായ അനുമതി നേടിയെടുക്കാതെ തിരക്കിട്ടാണ് പഴയ കെട്ടിടം പൊളിച്ചതെന്നും പുതിയ നിര്‍മാണത്തിന് തറക്കല്ലിട്ടതെന്നും വ്യക്തമായതായി അദ്ദേഹം പറഞ്ഞു. നിര്‍മാണ പുരോഗതി വിലയിരുത്താന്‍ എത്തിയതായിരുന്നു എം.എല്‍.എ. ഭരണാനുമതി ലഭിച്ചിരുന്നെങ്കിലും നിയമപരമായിരുന്നില്ല. സാങ്കേതികാനുമതി ലഭിച്ചിട്ടില്ല. ഇതെല്ലാം കഴിഞ്ഞിട്ടുവേണം ടെൻഡർ നടപടികൾ സ്വീകരിക്കാൻ. ഒമ്പത് മാസം മുമ്പാണ് കെട്ടിടം പൊളിച്ചുമാറ്റിയത്. മുഖ്യമന്ത്രി വി.ഡി. സതീശൻ, ഗതാഗത മന്ത്രി സി.പി. ജോൺ എന്നിവരെ നേരിൽ കണ്ട് അടിയന്തര നടപടികൾ ആവശ്യപ്പെടും.
ബസ് സ്റ്റാൻഡിന്റെ അവസ്ഥ പരിതാപകരമാണ്. യുദ്ധകാലാടിസ്ഥാനത്തിൽ പ്രവൃത്തികൾ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കും. മാര്‍ച്ച് ആറിനാണ് തറക്കല്ലിട്ടത്. ജനുവരി 29ന് ഓഫിസ് അടക്കമുള്ള ടെര്‍മിനല്‍ കെട്ടിടം പണിയാന്‍ ഭരണാനുമതി കിട്ടിയെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ പൂര്‍ണമായി പരിഹരിച്ചില്ല. സാങ്കേതികാനുമതി കിട്ടിയാലും കരാര്‍ വെക്കാന്‍ കുറഞ്ഞത് മൂന്ന് മാസമെങ്കിലും എടുക്കും. പഴയ കെട്ടിടം ശോച്യാവസ്ഥയിലായിരുന്നതിനാല്‍ പുതിയ കെട്ടിട നിര്‍മാണം അനിവാര്യമായിരുന്നു. അതേസമയം, കെ.എസ്.ആര്‍.ടി.സിക്ക് വരുമാനം കിട്ടുന്ന വിധത്തില്‍ പദ്ധതി വേണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
മൂന്ന് ഏക്കര്‍ 22 സെന്‍റ് സ്ഥലത്ത് 20,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പുതിയ കെട്ടിടം പണിയുന്നത്. അനുമതി നേടിയെടുക്കാനുള്ള ശ്രമത്തിലാണെന്നും എം.എല്‍.എ കൂട്ടിച്ചേർത്തു. കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേഫി ഡെൽസൺ, കൗൺസിലർമാരായ ഷിബു പൊറത്തൂർ, അഡ്വ. ജോയ് സെബാസ്റ്റ്യൻ, ലാലി ജെയിംസ്, പോളി ജോസ്, കെ. സുമേഷ്, മുൻ കൗൺസിലർ ഫ്രാൻസീസ് ചാലിശ്ശേരി, കെ. രാമനാഥൻ, ഡി.ടി.ഒ ഉബൈദ് എന്നിവർ എം.എൽ.എയോടപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.