പുത്തൂർ സുവോളജിക്കൽ പാർക്കിലെ നിർമാണങ്ങൾ

പുത്തൂർ സുവോളജിക്കൽ പാർക്ക് തുറക്കുന്നു

തൃശൂർ: കോവിഡ് കാരണം രണ്ട് ഓണക്കാലങ്ങൾ ഇല്ലാതായ തൃശൂരിന് ഇത്തവണ ഇരട്ടിയാഹ്ലാദത്തിന്‍റേതാവും ഓണം. ഈ ഓണത്തിന് ജില്ലക്ക് സമ്മാനമായി പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന പുത്തൂർ സുവോളജിക്കൽ പാർക്ക് തുറന്നുനൽകും. നിർമാണ പ്രവൃത്തികൾ അവസാനത്തിലെത്തിയ പാർക്കിന് കേന്ദ്ര സൂ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചു.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഡയറക്ടർ ജനറൽ ചന്ദ്രപ്രകാശ് ഗോയലുമായി ചർച്ച നടത്തിയെന്നും സുവോളജിക്കൽ പാർക്കിന് അംഗീകാരമായെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി. ഓണത്തോടെ പാർക്ക് ജനങ്ങൾക്ക് തുറന്നുനൽകാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നഗരത്തിലെ മൃഗശാലയിൽനിന്ന് ജീവജാലങ്ങളെ മാറ്റുന്ന പ്രക്രിയ വൈകാതെ തന്നെ ആരംഭിക്കാനാണ് ആലോചിക്കുന്നത്. ഇതിനായി ഷെഡ്യൂൾ ക്രമീകരിച്ച് പ്രവർത്തനം വേഗത്തിലാക്കും. മഴക്കാലത്തെ തണുപ്പുള്ള കാലാവസ്ഥ അനുകൂലമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. എങ്കിലും ഘട്ടംഘട്ടമായി മാത്രമേ മൃഗശാലമാറ്റം നടത്താനാകൂ. ഈ വർഷംതന്നെ പാർക്ക് പ്രവർത്തനസജ്ജമാക്കാൻ കഴിയുമെന്നാണ് വിലയിരുത്തുന്നത്. സുവോളജിക്കൽ പാർക്കിന്‍റെ പ്രവർത്തനങ്ങളും നിർമാണവും സംബന്ധിച്ച് ചില നിബന്ധനകളും വ്യവസ്ഥകളും നടപ്പാക്കേണ്ട രീതികളെപ്പറ്റിയും കേന്ദ്ര അതോറിറ്റിയുടെ ഉത്തരവിലുണ്ട്.

ഇതുസംബന്ധിച്ച് അടുത്ത ദിവസംതന്നെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേരും. ഒരു വർഷം മുമ്പ് പാർക്കിന്റെ ഒന്നാം ഘട്ട നിർമാണം പൂർത്തിയായ സാഹചര്യത്തിലാണ് കേന്ദ്ര സൂ അതോറിറ്റിയുടെ വിദഗ്ധ സംഘം പുത്തൂരിലെത്തി പരിശോധന നടത്തിയത്. ആ സമയത്ത് തന്നെ ടെക്നിക്കൽ അതോറിറ്റിയുടെ അനുമതിയായെങ്കിലും നിർമാണത്തിൽ ചില മാറ്റങ്ങൾ വരുത്തി വീണ്ടും പദ്ധതിയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇത് നൽകി ഒരു വർഷം കഴിഞ്ഞാണ് അംഗീകാരം ലഭിക്കുന്നത്.

വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തുടങ്ങിവെച്ച പദ്ധതിക്ക് ഇതിനകം നിരവധി തവണയാണ് ഉദ്ഘാടന പരിപാടികൾ നടന്നത്. ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് ചീഫ് വിപ്പും ഇപ്പോൾ മന്ത്രിയുമായിരിക്കെയുള്ള കെ. രാജന്‍റെ നിരന്തരമായ ഇടപെടലാണ് സുവോളജിക്കൽ പാർക്ക് നിർമാണത്തിന് വേഗമേറിയത്.

കിഫ്ബിയിൽ നിന്നുള്ള 200 കോടിയിലാണ് നിർമാണം നടക്കുന്നത്. പക്ഷിമൃഗാദികളെ ഇടുങ്ങിയ കൂടുകൾക്കുള്ളിൽ അനങ്ങാൻ കഴിയാത്തവിധം പൂട്ടിയിടാതെ കാടിന്‍റെ ആവാസ വ്യവസ്ഥയിൽ തുറന്നിടും. അന്താരാഷ്ട്ര മൃഗശാല ഡിസൈനർ ജോൻ കോ ആണ് പുത്തൂർ സുവോളജിക്കൽ പാർക്ക് ഡിസൈൻ ചെയ്തത്. 300 കോടി രൂപയുടേതാണ് പദ്ധതി.

കാൽ നൂറ്റാണ്ടായി കാത്തിരുന്ന ജില്ലയുടെ സ്വപ്നപദ്ധതിയാണ് പുത്തൂരിൽ സഫലമാകുന്നത്. പുത്തൂർ കുരിശുമൂലയിലെ വനം വകുപ്പിന്‍റെ 330 ഏക്കർ സ്ഥലത്ത് ഒരുങ്ങുന്ന പാർക്ക് ഏഷ്യയിലെ തന്നെ ഏറ്റവും വലുതാണെന്ന പ്രത്യേകതയുമുണ്ട്.

Tags:    
News Summary - Puthoor Zoological Park will open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.