ചാലക്കുടി: പരിയാരത്തെ കൊമ്പൻപാറ തടയണക്ക് മുകളിലൂടെയുള്ള അപകടകരമായ സഞ്ചാരം തടയാനോ സുരക്ഷാ സംവിധാനമൊരുക്കാനോ നടപടിയെടുക്കാതെ അധികൃതർ. തടയണക്കു മുകളിലൂടെ സഞ്ചരിക്കാനും നീരാട്ട് നടത്താനും നിരവധി സന്ദർശകരാണെത്തുന്നത്. അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ തുടങ്ങിയ വെള്ളച്ചാട്ടങ്ങളിൽ വെള്ളം കുറഞ്ഞതോടെയാണ് പരിയാരം തടയണയിലേക്ക് വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്നത്.
ഈ തടയണയിൽ വെള്ളം കവിഞ്ഞൊഴുകുന്നത് മനോഹരമായ കാഴ്ചയാണ്. പുഴയിൽ ഇറങ്ങാനും കുളിക്കാനും സൗകര്യമുണ്ട്. ചൂട് കൂടിയതോടെ ജലാശയങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണം പ്രതിദിനം വർധിച്ചുവരികയാണ്. അതിരപ്പിള്ളി റോഡിലും പരിയാരം സി.എസ്.ആർ കടവ് റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്താണ് തടയണയിലേക്ക് എത്തുന്നത്. എന്നാൽ, അപകടമേഖലയാണെന്നറിയാതെയാണ് ഏറെ പേരും ഇവിടേക്ക് വരുന്നത്. തടയണക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോൾ എത് നിമിഷവും ആഴമേറിയ ഭാഗത്തേക്ക് തെന്നി വീഴാം. ഇരുചക്രവാഹനങ്ങൾ ഇതിലൂടെ ഓടിച്ചു പോകുന്നവരുമുണ്ട്. നേരത്തെ കൊമ്പൻപാറ തടയണയിൽ നിരവധി പേർ അപകടത്തിൽപെട്ട് മരിച്ചിട്ടുണ്ട്. ഇപ്പോൾ ഇവിടെ സഞ്ചാരികളെ നിയന്ത്രിക്കാനോ സുരക്ഷയൊരുക്കാനോ ആരുമില്ലാത്ത അവസ്ഥയാണ്.
ജനങ്ങളുടെ ഇത്തരം മരണക്കളികൾക്കെതിരെ കഴിഞ്ഞ ദിവസം സാമൂഹിക പ്രവർത്തകൻ ജയൻ ജോസഫ് പട്ടത്ത് തടയണയിൽ ഒറ്റയാൾ പ്രതിഷേധം നടത്തിയിരുന്നു. രാവിലെ മുതൽ ആരംഭിച്ച ജല ജാഗ്രത സത്യഗ്രഹം വൈകീട്ടാണ് സമാപിച്ചത്. തടയണക്ക് മുകളിലൂടെ സഞ്ചരിക്കുന്നത് തടയണമെന്നും അധികാരികൾ സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സത്യഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.