അളഗപ്പ ടെക്സ്റ്റൈൽസ് മിൽ
അളഗപ്പ, കേരള ലക്ഷ്മി സ്പിന്നിങ് മില്ലുകൾ അടച്ചുപൂട്ടിയിട്ട് മാർച്ച് 23ന് മൂന്ന് വർഷമാകും. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ ടെക്സ്റ്റൈൽസ് കോർപറേഷൻ (എൻ.ടി.സി) നേരിട്ട് നടത്തുന്ന ജില്ലയിലെ രണ്ട് മില്ലുകളാണിവ. കോവിഡിനാൽ രാജ്യം ലോക്ഡൗണിലായ 2020 മാർച്ച് 23ന് താഴിട്ട മില്ലുകൾ പിന്നീട് തുറന്നില്ല; ഇനി തുറക്കുമോയെന്നും അറിയില്ല. പൂട്ടുമ്പോൾ രണ്ടു സ്ഥാപനങ്ങളിലുമായി താൽക്കാലിക ജീവനക്കാരടക്കം 850 പേരുണ്ടായിരുന്നു. പകുതിയോളം സ്ത്രീകൾ.
എൻ.ടി.സിക്കു കീഴിലുള്ള മില്ലുകൾ ഭൂരിഭാഗവും നഷ്ടത്തിലാണ് പ്രവർത്തിച്ചിരുന്നതെന്ന് കണക്കുകൾ പറയുന്നു. രാജ്യത്തെ 23 മില്ലുകളിലായി പൂട്ടുന്നതിന് മുമ്പുള്ള രണ്ടു വർഷത്തെ നഷ്ടം 320 കോടി രൂപയാണ്. മില്ലുകളുടെ ഭൂമി വിൽപന നടത്തി ലഭിച്ച തുകയും പ്രശ്നം പരിഹരിക്കാൻ ഉപയോഗിച്ചിട്ടും നഷ്ടക്കണക്കിനു കുറവില്ലെന്നു പറയുന്നു.
ഇതിനിടയിലാണ് കോവിഡ് വന്നത്. അത് അടച്ചുപൂട്ടൽ എളുപ്പമാക്കി. കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയം ഫണ്ട് അനുവദിച്ചാലേ മില്ലുകൾ തുറക്കൂവെന്നാണ് എൻ.ടി.സിയുടെ ഇപ്പോഴത്തെ നിലപാട്. കെട്ടിക്കിടക്കുന്ന നൂലുകൾ വിറ്റഴിച്ചാലുടൻ തുറക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്.
എന്നാൽ, അത് നടന്നില്ല. പ്രവർത്തിക്കുന്നതിനേക്കാൾ അടച്ചിടുന്നതാണ് ലാഭമെന്ന് ആവർത്തിച്ചിരുന്ന എൻ.ടി.സിക്ക് മുന്നിൽ തൊഴിലാളികളുടെ കണ്ണീരിനു വിലയില്ലാതായി. ഈ അവസ്ഥയിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ മറുവഴികൾ തേടേണ്ട ദുരവസ്ഥയിലാണ് ജീവനക്കാർ. പ്രായം പലപ്പോഴും അവർക്ക് തടസ്സമാകുന്നു.
നൂലുണ്ടാക്കാനുള്ള അസംസ്കൃത വസ്തുവായ കോട്ടണും (പരുത്തിയിൽനിന്നുള്ള പഞ്ഞി) സിന്തറ്റിക് ഫൈബറും (പോളിസ്റ്റർ നൂലുണ്ടാക്കാനുള്ള കൃത്രിമ പഞ്ഞി) എല്ലാ മില്ലുകൾക്കും ആവശ്യാനുസരണം കൈമാറുന്നത് എൻ.ടി.സി നേരിട്ടാണ്. ഇവ നൂലാക്കി തിരിച്ച് എൻ.ടി.സിക്കുതന്നെ കൈമാറുകയാണ് മില്ലുകളുടെ ജോലി.
തനി കോട്ടൺ നൂലും തനി പോളിസ്റ്റർ നൂലും കോട്ടണും പോളിസ്റ്ററും ചേർത്ത നൂലും മില്ലുകൾ ഉണ്ടാക്കി നൽകുന്നു. ലക്ഷ്മി മില്ലിൽ 70 ശതമാനം പോളിസ്റ്ററും 30 ശതമാനം കോട്ടണുമുള്ള നൂലാണ് നിർമിക്കുന്നത്. അളഗപ്പയിൽ 67 ശതമാനം പോളിസ്റ്ററും 33 ശതമാനം കോട്ടണുമുള്ള നൂലും.
അടച്ചിട്ട മില്ലുകളിലെ തൊഴിലാളികൾക്ക് കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്ത 35 ശതമാനം വേതനം നിലച്ചിട്ട് നാലുമാസമായി. പട്ടിണിയിലാണ് മിക്ക കുടുംബങ്ങളും. വിരമിച്ചവർക്കുള്ള ഗ്രാറ്റ്വിറ്റി ആനുകൂല്യവുമില്ല. താൽക്കാലിക ജീവനക്കാർക്ക് ഒരു സഹായവും ലഭിച്ചിട്ടില്ല.
കേന്ദ്ര സർക്കാറിന്റെ നയങ്ങളാണ് എൻ.ടി.സി മില്ലുകളുടെ നിലനിൽപിന് ഭീഷണി. ലാഭകരമാക്കാനുള്ള സാഹചര്യം പോലും പരിഗണിക്കാതെ അടച്ചുപൂട്ടാൻ രംഗമൊരുക്കുകയാണ് കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം. ഇതുവരെ അടച്ചുപൂട്ടാൻ തീരുമാനിച്ചതായി കേന്ദ്രത്തിന്റെ അറിയിപ്പ് എത്തിയിട്ടില്ല.
മില്ലുകളുടെ ആസ്തി കണക്കെടുത്ത് പോയിട്ടുണ്ട്. മൂലധനമില്ലായ്മ തന്നെയാണ് നേരിടുന്ന പ്രതിസന്ധി. ആധുനികീകരണം അരിച്ചരിച്ചാണ് എത്തുന്നത്. അതിനാൽ, യന്ത്രങ്ങളുടെ ഉൽപാദനക്ഷമതയും കണക്കാണ്. വൈദ്യുതി കുടിശ്ശികയും വൈദ്യുതിത്തുകയും വലിയ ബാധ്യതയാണ്.
എൻ.ടി.സിയുടെ കീഴിലെ അളഗപ്പ നഗറിലെ അളഗപ്പ ടെക്സ്റ്റൈൽ മിൽ രണ്ടര വർഷമായിട്ടും തുറക്കാതായതോടെ അഞ്ഞൂറോളം തൊഴിലാളികളാണ് പട്ടിണിയിലായത്. ഇതിൽ 270 സ്ഥിരം ജീവനക്കാർ, 170 താൽക്കാലികക്കാർ. ഗേറ്റ് ബദലി തൊഴിലാളികൾ വേറെ. ഇവരില്‍ 191 പേരും സ്ത്രീകൾ. കാലങ്ങളായി കമ്പനി നഷ്ടത്തിലാണ്. പ്രവർത്തിച്ചിരുന്ന അവസാന രണ്ട് വർഷത്തെ നഷ്ടം 22 കോടി.
ബാക്കിയായ 20 ദിവസത്തേക്കുള്ള പഞ്ഞി ഇപ്പോൾ മണ്ണടിഞ്ഞുപോയിട്ടുണ്ടാകും. ഇവർക്ക് ലഭിച്ചിരുന്ന തുച്ഛ സമാശ്വാസ വേതനവും മുടങ്ങിയതോടെ മക്കളുടെ വിദ്യാഭ്യാസത്തിനും വീടുപണിക്കും മറ്റുമായി വായ്പയെടുത്തവർ തിരിച്ചടവിന് നെട്ടോട്ടത്തിലാണ്. അളഗപ്പനഗര്‍ പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും താമസക്കാരാണ് ഇവര്‍.
1937ലാണ് തമിഴ്നാട് ശിവഗംഗ ജില്ലയിലെ കരൈക്കുടി സ്വദേശി അളഗപ്പ ചെട്ടിയാര്‍ ആമ്പല്ലൂരിനടുത്ത് ടെക്സ്റ്റൈല്‍സ് കമ്പനി സ്ഥാപിച്ചത്. ഭൂമിയുടെ കുറഞ്ഞവിലയും ഗതാഗത സൗകര്യവും കണക്കിലെടുത്ത് ചെട്ടിയാര്‍ ആമ്പല്ലൂരില്‍ 200ഓളം ഏക്കര്‍ ഭൂമി വാങ്ങി കമ്പനി തുടങ്ങി.
കാര്‍ഷിക വൃത്തിയുമായി കഴിഞ്ഞ തദ്ദേശീയരായ 200ഓളം പേര്‍ക്ക് തുടക്കത്തില്‍ ജോലി ലഭിച്ചു. 1957 ഏപ്രില്‍ അഞ്ചിന് ചെട്ടിയാര്‍ അന്തരിച്ചു. ജീവിച്ചിരിക്കുമ്പോള്‍തന്നെ, തന്റെ സ്വത്തുക്കള്‍ നോക്കിനടത്തുന്നതിന് ചെട്ടിയാര്‍ ട്രസ്റ്റ് രൂപവത്കരിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണാനന്തരം ട്രസ്റ്റ് മില്‍ ഏറ്റെടുത്തു നടത്തുകയും സാമ്പത്തികമായി പരാജയപ്പെടുകയും ചെയ്തു.
തുടര്‍ന്ന് കമ്പനി പാട്ടത്തിന് നല്കി. അപ്പോഴും സ്ഥിതി മറിച്ചായിരുന്നില്ല. ശേഷം 62ല്‍ കാരിമുത്തു ത്യാഗരാജാര്‍ ചെട്ടിയാര്‍ എന്നയാള്‍ കമ്പനി വിലയ്ക്കുവാങ്ങി. സര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിച്ച കമ്പനി വായ്പ തിരിച്ചടച്ചില്ല. പിടിച്ചുനില്‍ക്കാനാകാതെ കാരിമുത്തു 71ല്‍ കമ്പനി പൂട്ടി. 74ല്‍ കേന്ദ്ര സര്‍ക്കാറിന്റെ നാഷനല്‍ ടെക്സ്റ്റൈല്‍സ് കോര്പറേഷന് കമ്പനി ഏറ്റെടുത്തു.
91 -92 വരെ ലാഭക്കണക്കുകളിൽ ഒട്ടും കുറവുണ്ടായിരുന്നില്ല. 20 ശതമാനം ബോണസിന് പുറമെ ദിവസത്തേക്ക് അറ്റൻഡൻസ് ഇൻസെന്റിവ് -4.50 രൂപ കൊടുത്തിരുന്ന കാലം. കെ. കരുണാകരൻ മുഖ്യമന്ത്രിയും നരസിംഹറാവു പ്രധാനമന്ത്രിയുമായിരുന്ന കാലം വരെ നല്ല ഓർമകളാണ്.
അന്ന് 1500 പേർ തൊഴിൽ നോക്കിയിരുന്നു. പോളിസ്റ്ററിന് പുറമെ പഞ്ഞിയിൽനിന്ന് കോട്ടൺ നൂലുകൾ ഉണ്ടാക്കുമായിരുന്നു. മാന്യമായ തൊഴിൽ അന്തരീക്ഷവും കൂലിയും. പിന്നീടാണ് നെയ്ത്തുമേഖലയുടെ കഷ്ടകാലം വരുന്നത്.
നഷ്ടത്തിലോടുന്ന പൊതുമേഖല വ്യവസായപ്പട്ടികയിൽ എൻ.ടി.സി മില്ലുകളെ ഉൾപ്പെടുത്തി. പുതിയ നിയമനങ്ങളും സ്ഥിര നിയമനങ്ങളും ഇല്ലാതായി. കൈത്തറി കുറഞ്ഞതോടെ റീലിങ് നിർത്തി. 150ഓളം പേർ അവിടെ ഉണ്ടായിരുന്നു. മറ്റു നെയ്ത്ത് അനുബന്ധ പ്രവർത്തനങ്ങളും ഘട്ടം ഘട്ടമായി ഇല്ലാതായി.
ഉൽപാദനം പോളിസ്റ്റർ കോട്ടൺ മാത്രമായി. നഷ്ടത്തിൽനിന്ന് രക്ഷനേടാൻ എൻ.ടി.സിയുടെ കീഴിലെ ഭൂമികൾ വിറ്റ കൂട്ടത്തിൽ 2003ൽ നാലേക്കറോളം വിറ്റു. ഈ പണംകൊണ്ട് നവീകരിച്ച കൂട്ടത്തിൽ ചൈനയുടെ 12 സ്പിന്നിങ് ഫ്രെയിമുകൾ വന്നു. കോമ്പർ മെഷീൻ, ഓട്ടോ സിംപ്ലക്സ് മെഷീൻ, ചൂട്ട് ഫീഡ് മെഷീൻ, ഓട്ടോ കോണർ എന്നീ ആധുനികീകരണങ്ങൾ മില്ലിൽ നടന്നു.
2010 -11 കാലഘട്ടത്തിൽ നടന്ന ആധുനികീകരണം കമ്പനിയിൽ കാര്യമായി ഗുണം ചെയ്തില്ല. ചൈനയിൽ നിന്നെത്തിയ കോടികൾ വിലവരുന്ന 12 സ്പിന്നിങ് ഫ്രെയിമുകൾ ചെറിയ ഫ്രെയിമുകളായിരുന്നു. നല്ല രീതിയിൽ പ്രവർത്തിക്കാത്ത കാരണത്താൽ ലാഭത്തിലെത്തിയില്ല.
600 ശതമാനം കോട്ടൺ നൂലിനായി കൊണ്ടുവന്ന കോമ്പർ മെഷീൻ ആറുമാസം മാത്രമേ ഓടിയുള്ളൂ. ചൂട്ട് ഫീഡ് മെഷീനും കാർഡിങ് മെഷീനും ഉപകാരപ്പെട്ടെങ്കിലും നിലവാരം കുറഞ്ഞ പഞ്ഞി വാങ്ങുന്നതിനാൽ കയറ്റുമതി ലക്ഷ്യം യാഥാർഥ്യമായില്ല. നിലവാരം കുറഞ്ഞ നൂലുകൾ ബാക്കിയാവുന്നു.
വാങ്ങിക്കൂട്ടിയ യന്ത്രങ്ങളിൽ കമീഷൻ ആരോപണങ്ങളും ഉയർന്നു. 82 കാലഘട്ടത്തിൽ വാങ്ങിക്കൂട്ടിയ 60 യന്ത്രങ്ങളുമായാണ് ഈയടുത്ത കാലം വരെ മിൽ പ്രവർത്തിച്ചിരുന്നതെന്ന യാഥാർഥ്യം ആധുനികീകരണം എങ്ങുമെത്തിയില്ല എന്നതിന്റെ തെളിവാണ്.
ആളുകളെ വെട്ടിക്കുറക്കാൻ ഡബ്ൾ ഗ്രാറ്റ്വിറ്റി കൊടുത്തുള്ള വി.ആർ.എസ് സ്കീം രണ്ടും മൂന്നും ഘട്ടങ്ങളിലായി നടപ്പാക്കി. 2006, 2008, 2011 വർഷങ്ങളിൽ വി.ആർ.എസ് പാക്കേജുകൾ കൊണ്ടുവന്നു. ആദ്യം 108 പേർ പോയി. പതിയെ കൊഴിഞ്ഞുപോക്ക് തുടങ്ങി. മേഖല അനാകർഷകമായതോടെ ജോലിക്ക് ആളുകളുടെ വരവ് കുറഞ്ഞു.
104 സ്പിന്നിങ് ഫ്രെയിം മുഴുവനായി ഓടിക്കാൻ ആളെ കിട്ടാത്ത അവസ്ഥ. തമിഴ്നാട്ടിൽനിന്ന് കരാറുകാരെ കൊണ്ടുവന്ന് മിൽ പ്രവർത്തിപ്പിച്ചു. ഒരു യൂനിറ്റ് ഷെഡിന്റെ പ്രവർത്തനം നിർത്തി.
വേതന വർധന ആവശ്യപ്പെട്ട് 2011ൽ നടന്ന സമരങ്ങൾക്കു ശേഷം മില്ലിൽ അധികം തൊഴിൽ സമരങ്ങളുണ്ടായിട്ടില്ല. 2011ലായിരുന്നു അവസാന വേതന കരാർ ഉണ്ടായത്. അക്കാലത്ത് കുറച്ചുകാലം അടഞ്ഞുകിടന്നിരുന്നു. രാവിലെ ആദ്യ ഷിഫ്റ്റിൽ സ്ത്രീകളും പിന്നീടുള്ള രണ്ട് ഷിഫ്റ്റിൽ പുരുഷന്മാരുമാണ് ജോലി ചെയ്തിരുന്നത്.
മറ്റ് ഷിഫ്റ്റുകളിൽ കൂടി തങ്ങൾക്ക് ജോലി ചെയ്യണമെന്നാവശ്യപ്പെട്ട് ഏതാനും വനിത ജീവനക്കാർ കോടതിയെ സമീപിച്ചിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കമ്പനി തുറക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, ബി.എം.എസ് എന്നീ ട്രേഡ് യൂനിയനുകളുടെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷമായി കമ്പനിപ്പടിക്കല്‍ ഉപവാസം നടന്നിരുന്നു. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
ഇടക്ക് പുനരാരംഭിച്ചിരുന്നു. എട്ട് മണിക്കൂര്‍ വീതം മൂന്ന് ഷിഫ്റ്റിലാണ് ജോലി. വളരെ കുറഞ്ഞ വരുമാനത്തില്‍ ജോലിചെയ്തിരുന്ന തൊഴിലാളികള്‍ക്ക് മിൽ അടച്ചത് പ്രഹരമായി. സ്ഥിരം തൊഴിലാളികള്‍ക്ക് മാത്രമാണ് മിൽ അടച്ച ശേഷം 50 ശതമാനത്തില്‍ താഴെ വേതനം നല്‍കിയിരുന്നത്.
രണ്ടു മാസമായി അതും മുടങ്ങി. മക്കളുടെ വിദ്യാഭ്യാസത്തിനും വീട് നിര്‍മിക്കാനുമായി മിക്ക തൊഴിലാളികളും ബാങ്കില്‍നിന്ന് വായ്പയെടുത്തവരാണ്. കുടുംബ ചെലവുകളും വായ്പ തിരിച്ചടവുംമൂലം ഇവരുടെ ജീവിതം ഇപ്പോഴും പ്രതിസന്ധിയിൽ തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.