തൃശൂർ: തുടർച്ചയായി കാട്ടാനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുകയും കാട്ടാനയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് പരിക്കേൽക്കുകയും വനം വകുപ്പിന്റെ ജീപ്പ് നശിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ മന്ത്രി അഡ്വ. കെ. രാജനും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടക്കമുള്ള സംഘം കുതിരാനിൽ കാട്ടാന ആക്രമണം നേരിട്ട പ്രദേശങ്ങൾ സന്ദർശിച്ചു.
പ്രദേശവാസികളുടെ കൂടി സേവനം ഉൾപ്പെടുത്തി ആനയെ പിടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് വനം വകുപ്പ് പ്രകടിപ്പിച്ചിട്ടുള്ളതെന്നും ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും പ്രശ്നമൊഴിയുന്നതുവരെ വനം വകുപ്പിന്റെ സേവനം തുടരുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.പൊങ്ങണംകാട്, പട്ടിക്കാട് ഒഴികെ മറ്റു മേഖലകളിലേക്ക് ആർ.ആർ.ടിയുടെ പ്രവർത്തനം എത്താൻ കഴിയില്ലെന്ന സാഹചര്യം വന്നപ്പോൾ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ആർ.ആർ.ടിക്ക് പ്രത്യേകമായി വാഹനം ഒരുക്കിയതായി മന്ത്രി പറഞ്ഞു. അപകടമുണ്ടായാൽ വോയ്സ് മെസ്സേജിലൂടെ അറിയിക്കാനും വനം വകുപ്പിന്റെ സേവനം ലഭ്യമാക്കാനുമായി പ്രദേശത്തെ മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളിച്ച് വാട്സ് ആപ്പ് ഗ്രൂപ് തുടങ്ങിയത് പ്രധാനകാര്യമാണെന്നും മന്ത്രി പറഞ്ഞു.
പ്രദേശത്തിലൂടെയുള്ള രാത്രിയാത്രക്ക് നിയന്ത്രണമുണ്ടാകണമെന്നും അത്യാവശ്യ രാത്രിയാത്രകൾ വനം വകുപ്പിന്റെ അനുവാദത്തോടെയോ സഹായത്തോടെയോ നടത്തണമെന്നും മന്ത്രി പറഞ്ഞു.
ആനകളുടെ സഞ്ചാര പാത വ്യക്തമായിട്ടുണ്ടെന്നും രാത്രിയിൽ എന്ത് നീക്കമുണ്ടായാലും ഡ്രോൺ സംവിധാനത്തിലൂടെ അറിയാനാകുമെന്നും ഏത് സഹായത്തിനും സർക്കാറിന്റെയും വനം വകുപ്പിന്റെയും ആർ.ആർ.ടിയുടെയും സേവനങ്ങൾ ലഭ്യമാക്കാൻ സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.