അതിദാരിദ്ര്യം പരിഹരിക്കാൻ സൂക്ഷ്മതല പദ്ധതികൾ വരുന്നു

തൃശൂർ: ജില്ലയിൽ അതിദരിദ്രരായി കണ്ടെത്തിയ 5024 കുടുംബങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ സൂക്ഷ്മതല പദ്ധതി തയാറാക്കുന്നു. പഞ്ചായത്തുതലത്തിലാണ് ലിസ്റ്റിലുൾപ്പെട്ട കുടുംബങ്ങളുടെ സാഹചര്യം വിലയിരുത്തി അവർക്കായി പദ്ധതി തയാറാക്കുന്നത്. ഓരോ കുടുംബത്തിനുംവേണ്ട വകുപ്പുതല ഫണ്ട് ഏതെല്ലാം ലഭ്യമാക്കാമെന്നത് വിലയിരുത്തിയാണ് പദ്ധതി തയാറാക്കേണ്ടതെന്ന് സർക്കാർ നിർദേശിച്ചു.

വിവിധ വകുപ്പുകളുമായി സംയാജിപ്പിച്ച് ഈ കുടുംബങ്ങൾക്ക് അതിജീവനവും ഉപജീവന സുരക്ഷയും സാമൂഹികസുരക്ഷയും ഉറപ്പാക്കണം. അതിദാരിദ്ര്യം പരിഹരിക്കാനുള്ള അതിജീവന ആവശ്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ,ആരോഗ്യ പരിരക്ഷ, വികസന ആവശ്യങ്ങൾ തുടങ്ങി എല്ലാ ഘടകങ്ങളും ഉൾക്കൊള്ളിച്ചുവേണം മൈക്രോ പ്ലാനുകൾ തയാറാക്കേണ്ടത്. ഉടൻ ആരംഭിക്കേണ്ട പദ്ധതി, ഇടക്കാല പദ്ധതി, സമഗ്ര പദ്ധതി എന്നീ മൂന്ന് ഘട്ടങ്ങളായാണ് നടപ്പാക്കുക.

ഉടൻ ആരംഭിക്കേണ്ട പദ്ധതികളാണ് ഇപ്പോൾ നടക്കുത്. അതിദാരിദ്ര്യത്തിന്‍റെ വ്യാപ്തി അനുസരിച്ചുള്ള മുൻഗണന റേഷൻ കാർഡിൽതന്നെയാണോ ലിസ്റ്റിലുൾപ്പെട്ട കുടുംബങ്ങൾ ഉൾപ്പെട്ടതെന്നത് പരിശോധിച്ചുവരുകയാണ്. അതിലുൾപ്പെട്ടില്ലെങ്കിൽ റേഷൻകാർഡ് തരം മാറ്റാനുള്ള നടപടി വേണ്ടിവരും. റേഷൻ കാർഡ് ഇല്ലാത്ത അതിദരിദ്ര കുടുംബങ്ങൾക്ക് അടിയന്തരമായി ലഭ്യമാക്കാൻ നടപടി സ്വീകരിക്കാനാണ് നിർദേശം. റേഷൻ കാർഡിൽ ആനുകൂല്യത്തിന് അർഹതപ്പെട്ട വ്യക്തി ഉൾപ്പെടാതെ പോയ സംഭവങ്ങളും നിരവധിയുണ്ട്. അവരെ ചേർക്കുന്ന നടപടി വൈകാതെ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.

പ്രശ്നഘടകങ്ങൾ പരിഹരിക്കപ്പെടും

ഭക്ഷണ ലഭ്യത, വരുമാനം, ആരോഗ്യം, വാസസ്ഥലം എന്നീ ഘടകങ്ങൾ പ്രകാരമാണ് അതിദരിദ്ര പട്ടിക തയാറാക്കിയത്. വാസസ്ഥലം ഇല്ലാത്തവരെ ലൈഫ് പദ്ധതിയിൽപെടുത്താൻ നടപടി, കടൽക്ഷോഭം മൂലം വാസസ്ഥലം നഷ്ടപ്പെട്ടവർക്ക് പുനർഗേഹം പദ്ധതി, വാസസ്ഥലം ഇല്ലാത്ത കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ക്ലസ്റ്റർ ഹോംസ്, ഭവനമുണ്ടായിട്ടും മോശം സാഹചര്യത്തിൽ കഴിയുന്നവരെ തദ്ദേശ സ്ഥാപന ഭവന മെയിന്‍റനൻസ് പദ്ധതിയിൽ സഹായം, പട്ടിക ജാതി-വർഗ അതിദരിദ്രർക്ക് ഭൂമി ലഭ്യമാക്കാൻ ബന്ധപ്പെട്ട വകുപ്പുകളുടെ പദ്ധതി എന്നിവയുടെ സാധ്യതയാണ് പരിശോധിക്കുന്നത്. വികസനക്ഷേമ പ്രവർത്തനങ്ങൾക്ക് എല്ലാ വിഭവങ്ങളും സമാഹരിക്കാം.

ശാരീരികപ്രയാസങ്ങൾ നേരിടുന്നവർക്ക് അനുയോജ്യ ഉപകരണങ്ങൾ, പരിഹാര സംവിധാനങ്ങൾ മുതലായവ ഏർപ്പെടുത്താൻ പഞ്ചായത്തുകൾക്ക് പ്രോജക്ട് ഏറ്റെടുക്കാം. പരിചരിക്കാൻ ബ്ലോക്ക് അടിസ്ഥാനത്തിലെ പാലിയേറ്റിവ് കെയർ സെന്‍ററുകൾ ആരംഭിക്കാം. ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുത്ത് പൈലറ്റ് പ്രവർത്തനം ആരംഭിക്കാൻ ജില്ലതലത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. പ്രഫഷനൽ കോളജ് ഉൾപ്പെടെ കോളജ് വിദ്യാർഥികളെകൂടി പ്രവൃത്തിയിൽ പങ്കാളികളാക്കുമെന്ന് അധികൃതർ അറിയിച്ചു.

തുടർനടപടികൾക്ക് ഗതിവേഗം

തദ്ദേശ സ്ഥാപനങ്ങളിലെ അതിദരിദ്ര പട്ടിക ബന്ധപ്പെട്ട സപ്ലൈ ഓഫിസുകൾക്ക് കൈമാറി പട്ടികയിലെ കുടുംബങ്ങളിലെ എല്ലാ അംഗങ്ങളെയും സർക്കാറിൽനിന്നുള്ള സൗജന്യ ആനുകൂല്യങ്ങൾക്ക് അർഹതപ്പെടുത്തുകയും അത് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് നിർദേശം. ആധാർ, വോട്ടർ ഐ.ഡി ലഭ്യമല്ലാത്ത അതിദരിദ്ര പട്ടികയിൽ ഉൾപ്പെടാത്ത കുടുംബാംഗങ്ങൾക്ക് അവ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണം. സാമൂഹികസുരക്ഷ പെൻഷൻ ഉറപ്പാക്കാനും നടപടി സ്വീകരിക്കണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.