തൃശൂർ: തട്ടിക്കൂട്ട് പണികൾ നടത്തിയതിന് പിന്നാലെ സി.ബി.ഐയുടെ കണ്ടെത്തലും കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള കലക്ടറുടെ റിപ്പോർട്ടുമായതോടെ മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത അറ്റകുറ്റപ്പണികളിൽനിന്നും സര്‍വിസ് റോഡ് പൂര്‍ത്തീകരണത്തിൽനിന്നും കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനെ ഒഴിവാക്കി ദേശീയപാത അതോറിറ്റി.
ഇത്തരം നിര്‍മാണങ്ങള്‍ക്ക് പുതിയ ടെൻഡർ വിളിച്ചു. ജില്ല കലക്ടര്‍മാരുടെ അന്ത്യശാസനത്തോടെ ദേശീയപാതയിലെ കുഴിയടക്കല്‍ യന്ത്ര സഹായത്തോടെ പുരോഗമിക്കുകയാണ്. ഹൈകോടതി ഇടപെടലിനെ തുടര്‍ന്ന് ദേശീയപാതയില്‍ കരാര്‍ കമ്പനി നടത്തുന്ന കുഴിയടക്കല്‍ പ്രവൃത്തികൾ തട്ടിപ്പ് ഓട്ടയടക്കലായി മാറിയത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കോള്‍ഡ് മിക്സ് ടാറിങ് നടത്തിയ പാതയിലെ കുഴികളെല്ലാം വീണ്ടും പ്രത്യക്ഷപ്പെടുകയും റോഡ് റോളർ ഉപയോഗിക്കുന്നതിന് പകരം ഇരുമ്പുദണ്ഡ് ഉപയോഗിച്ച് ഒതുക്കുന്നതുമടക്കം കടുത്ത വിമർശനത്തിനിടയാക്കി.
ഹൈകോടതി നിർദേശപ്രകാരം കലക്ടർമാർ പ്രവൃത്തികൾ വിലയിരുത്താനെത്തിയതോടെ തട്ടിക്കൂട്ട് പണികൾ നേരിട്ട് ബോധ്യപ്പെട്ടു. പൊതുമരാമത്ത് വിഭാഗത്തിൽനിന്ന് അടിയന്തര റിപ്പോർട്ട് തേടിയതിൽ പ്രവൃത്തികൾ അശാസ്ത്രീയമാണെന്നും ആവശ്യമായ ഉപകരണങ്ങളോ തൊഴിലാളികളോ അടക്കം കമ്പനിക്ക് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിലെ കണ്ടെത്തൽകൂടി ഉൾപ്പെടുത്തിയാണ് കരാർ കമ്പനിയായ ഗുരുവായൂർ ഇന്‍ഫ്രാസ്ട്രക്ച്ചർ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള ശിപാർശയോടെ കലക്ടർ ഹൈകോടതിക്ക് റിപ്പോർട്ട് നൽകിയത്.
ഇതോടൊപ്പം അടിയന്തരമായി പ്രവൃത്തികൾ പൂർത്തീകരിച്ച് മറുപടി നൽകാൻ ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് കാരണംകാണിക്കൽ നോട്ടീസും നൽകിയിരുന്നു. 2006 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ നടന്ന ഇടപ്പള്ളി -മണ്ണുത്തി ദേശീയപാത നിർമാണ പ്രവൃത്തിയിൽ അഴിമതി നടന്നുവെന്നാണ് സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിലുള്ളത്. റോഡിന്റെ ടാറിങ്ങിൽ ഗുരുതര ക്രമക്കേടാണ് സി.ബി.ഐ കണ്ടെത്തിയത്. 22.5 സെ.മീ കനത്തിൽ ടാറിങ് നടത്തുന്നതിന് പകരം 17 മുതൽ 18 സെ.മീ മാത്രമാണ് പലയിടത്തും കനമുള്ളത്.
സർവിസ് റോഡ് നിർമാണത്തിലും അഴിമതി നടന്നതായി കുറ്റപത്രത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. നെടുമ്പാശേരിയിലും തൃശൂർ തളിക്കുളത്തും ബൈക്ക് യാത്രികർ റോഡിലെ കുഴികളിൽ വീണ് മരിക്കാനിടയായതും ഒരേസമയത്ത് വന്നതോടെയാണ് കരാർ കമ്പനിക്ക് തിരിച്ചടിയായത്. ദേശീയപാത അതോറിറ്റിക്കെതിരെ ഹൈകോടതി കടുത്ത നിലപാടെടുക്കുകയും ചെയ്തതോടെയാണ് കരാർ കമ്പനിയെ മാറ്റാനുള്ള നീക്കത്തിലേക്ക് ദേശീയപാത അതോറിറ്റി കടന്നത്. ഹൈകോടതി നിർദേശപ്രകാരമുള്ള പ്രവൃത്തികളിൽ കഴിഞ്ഞദിവസം അപാകതകൾ കണ്ടെത്തിയതോടെ വ്യാഴാഴ്ച മുതൽ ഹോട്ട് മിക്സ് ടാറിങ് തുടങ്ങി. രണ്ട് റോഡ് റോളറുകളുപയോഗിച്ചാണ് ടാറിങ് പുരോഗമിക്കുന്നത്.
ചാലക്കുടി അടിപ്പാത നിര്‍മാണം, പാതയുടെ അറ്റക്കുറ്റപ്പണികള്‍, സര്‍വിസ് റോഡുകളുടെ പൂര്‍ത്തീകരണം എന്നിവ കമ്പനി യഥാസമയം പൂര്ത്തിയാക്കാത്തതുമടക്കം ഗുരുവായൂര്‍ ഇന്ഫ്രാസ്ട്രക്ച്ചറിനെ കരാറില്‍നിന്ന് ഒഴിവാക്കാന്‍ കാരണമായി. ഇതിനായി പുതിട ടെൻഡർ വിളിച്ചിട്ടുണ്ട്. 20ന് ടെൻഡർ തുറന്ന് 21ന് ടെൻഡർ അംഗീകരിച്ചുനല്‍കും. ഇതിന്റെ ചെലവായി വരുന്ന 36 കോടിയോളം രൂപയും 25 ശതമാനം പിഴയും നിലവിലെ കരാര്‍ കമ്പനിയില്‍നിന്ന് ഈടാക്കുമെന്നാണ് ദേശീയപാത അതോറിറ്റി അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.