കാ​രി​ക്ക​ട​വ് കോ​ള​നി​യി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍ന്ന് 20 ദി​വ​സം പ്രാ​യ​മു​ള്ള

കു​ഞ്ഞു​മാ​യി വെ​ള്ളി​ക്കു​ള​ങ്ങ​ര​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ ക​ഴി​യു​ന്ന ആ​ദി​വാ​സി വീ​ട്ട​മ്മ

എന്ന് തീരും, കാരിക്കടവ് കോളനിവാസികളുടെ ദുരിത ജീവിതം..?

കൊടകര: മഴക്കാലത്ത് വീടുകളിലേക്ക് പുഴ ഇരച്ചുകയറും. വേനലില്‍ കുടിവെള്ളമില്ലാതെ വലയും. മറ്റത്തൂര്‍ പഞ്ചായത്തിലെ കാരിക്കടവ് ആദിവാസി കോളനിക്കാരുടെ ജീവിതമാണിത്. വേനലും വര്‍ഷവും ഭേദമില്ലാതെ തുടരുന്ന കാട്ടാനശല്യവും കൂടിയാകുമ്പോള്‍ കോളനി വാസയോഗ്യമല്ലാതായെന്ന് താമസക്കാർ പറയുന്നു. കുറുമാലിപ്പുഴയുടെ കൈവഴിയായ മുപ്ലിപ്പുഴയുടെ തീരത്താണ് കോളനിയുള്ളത്. 14 കുടുംബങ്ങളിലായി 54 പേര്‍ കോളനിയില്‍ കഴിയുന്നു. നൂറ്റാണ്ടോളമായി ഇവര്‍ മുപ്ലിപ്പുഴയോരത്തെ കാരിക്കടവില്‍ താമസിക്കുന്നവരാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ചാലക്കുടിയില്‍നിന്ന് പറമ്പിക്കുളത്തേക്ക് നിലവിലുണ്ടായിരുന്ന കൊച്ചിന്‍ ഫോറസ്റ്റ് ട്രാംവേയില്‍ പണിയെടുത്തിരുന്നവരുടെ പിന്‍തലമുറയാണ് കാരിക്കടവ് കോളനിയിലെ മലയ കുടുംബങ്ങള്‍. പുഴയോടുചേര്‍ന്നാണ് കോളനി സ്ഥിതി ചെയ്യുന്നത്. കിഴക്കന്‍കാടുകളില്‍ ശക്തമായ മഴ പെയ്യുകയോ ഉള്‍വനത്തില്‍ ഉരുള്‍പൊട്ടുകയോ ചെയ്താല്‍ കാരിക്കടവ് കോളനിയിലേക്ക് പുഴ ഇരച്ചുകയറും. 2006ലും 2018ലും കഴിഞ്ഞ രാത്രിയിലും ഇത്തരത്തില്‍ കോളനിയിലെ വീടുകളില്‍ കാരിക്കടവ് പുഴയിലെ വെള്ളം കയറി.

പ്രസവിച്ച് 20 ദിവസം മാത്രം പ്രായമായ ചോരക്കുഞ്ഞിനെ വാരിയെടുത്താണ് കോളനിയിലെ മൂപ്പന്‍ ചന്ദ്രനടക്കമുള്ളവര്‍ വ്യാഴാഴ്ച വെള്ളിക്കുളങ്ങരയിലെ ദുരിതാശ്വാസ ക്യാമ്പില്‍ അഭയം തേടിയത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയെങ്കിലും യുവാക്കളടക്കമുള്ള പുരുഷന്മാര്‍ കോളനിയില്‍ തന്നെ തുടരുകയാണ്.

കോളനിക്കാര്‍ ഒന്നടങ്കം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയാല്‍ തിരിച്ചുചെല്ലുമ്പോള്‍ താമസിക്കാന്‍ വീടുണ്ടാകില്ലെന്ന് ഇവര്‍ പറയുന്നു. ഒച്ചയെടുക്കാനാളില്ലെങ്കില്‍ കാട്ടാനക്കൂട്ടം വീടുകള്‍ ഇടിച്ചുനിരത്തും.

ഏതാനും മാസം മുമ്പ് കലക്ടര്‍ കോളനി സന്ദര്‍ശിച്ചപ്പോള്‍ പുഴയിലെ തുരുത്ത് നീക്കണമെന്നാവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. മറ്റത്തൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ പെടുന്ന കാരിക്കടവ് കോളനിയിലേക്ക് വെള്ളിക്കുളങ്ങരയില്‍നിന്ന് നായാട്ടുകുണ്ട് ചൊക്കന പ്രദേശങ്ങളിലൂടെയാണ് റോഡുള്ളത്.

രാത്രിയില്‍ കോളനിയിലെ ആര്‍ക്കെങ്കിലും വൈദ്യസഹായം വേണ്ടി വന്നാല്‍ വഴിനീളെ കാട്ടാനകളുടെ സാന്നിധ്യമുള്ളതിനാല്‍ ജീവന്‍ പണയം വെച്ചുവേണം പുറത്തിറങ്ങാന്‍.

ഈ ദുസ്ഥിതിക്ക് അറുതി വേണമെന്നാണ് ഇപ്പോള്‍ വെള്ളിക്കുളങ്ങരയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ആദിവാസികള്‍ ആവശ്യപ്പെടുന്നത്. അനുയോജ്യമായ സ്ഥലം കണ്ടെത്തി വാസയോഗ്യമായ വീടും കൃഷി ചെയ്ത് ഉപജീവനം നടത്താന്‍ ഭൂമിയും നല്‍കി തങ്ങളെ പുനരധിവസിപ്പിക്കണമെന്നാണ് അധികാരികളോട് ഇവര്‍ക്ക് അപേക്ഷിക്കാനുള്ളത്.

Tags:    
News Summary - Karikadav colony in trouble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.