ആമ്പല്ലൂർ: നെന്മണിക്കര മടവാക്കരയിൽ സ്വത്ത് തർക്കത്തെ തുടർന്ന് പിതാവിനെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയയാൾ അറസ്റ്റിൽ. മടവാക്കര പൊലിയേടത്തുപറമ്പിൽ വീട്ടിൽ കൃഷ്ണനാണ് (89) കൊല്ലപ്പെട്ടത്. കൃഷ്ണന്റെ ഇളയ മകൻ രാധാകൃഷ്ണനാണ് അറസ്റ്റിലായത്. വീട്ടിൽ തനിച്ചുതാമസിച്ചിരുന്ന കൃഷ്ണനെ ചൊവ്വാഴ്ച രാവിലെയാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടത്. ചെങ്ങാലൂരിലുള്ള മൂത്ത മകൻ മുരളീധരൻ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
മടവാക്കരയിലുള്ള വീട്ടിലെത്തിയ മുരളീധരൻ, അടഞ്ഞുകിടന്ന വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് അനുഭവപ്പെട്ടതോടെ പുതുക്കാട് പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി വീട് തുറന്ന് നടത്തിയ പരിശോധനയിലാണ് കൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടം പരിശോധനയിലാണ് തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണെന്നും കൊലപാതകമാണെന്നും വ്യക്തമായത്. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതി രാധാകൃഷ്ണനാണെന്ന് തിരിച്ചറിഞ്ഞത്. സ്വത്ത് തർക്കത്തെ തുടർന്ന് കൃഷ്ണനുമായി പിണങ്ങി തൊട്ടടുത്ത പറമ്പിലാണ് രാധാകൃഷ്ണനും കുടുംബവും താമസിച്ചിരുന്നത്.
കൃഷ്ണന് ജീവനാംശമായി മൂവായിരം രൂപ നൽകാൻ കോടതി ഉത്തരവുണ്ടായിരുന്നു. എന്നാൽ, ഈ തുക നൽകാൻ രാധാകൃഷ്ണൻ തയാറാകാതിരുന്നതിനെത്തുടർന്ന് കോടതി ഉത്തരവ് പ്രകാരം രാധാകൃഷ്ണന്റ ഭൂമി അറ്റാച്ച് ചെയ്തിരുന്നു. ഈ സംഭവമാണ് പിതാവിനോടുള്ള വൈരാഗ്യത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം രാവിലെ പത്രവിതരണത്തിനെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ രാധാകൃഷ്ണൻ, വീടിന്റെ മുകൾ നിലയിലൂടെ അകത്തുകടന്ന് കൃഷ്ണനെ കൊലപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.