ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൃശൂർ ഐക്യദാർഢ്യ സമിതി പോസ്റ്റ് ഓഫിസിന് മുന്നിൽ നടത്തിയ ഐക്യദാർഢ്യ സദസ്സ് സാഹിത്യകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ: അഭിമാനത്തോടെ പാടേണ്ട ദേശീയഗാനം ഇന്ത്യയിലെ കുഞ്ഞുങ്ങൾ നിലവിളിച്ചുകൊണ്ട് ജന്തർ മന്തറിലെ സമരവേദിയിൽ പാടുന്ന കാഴ്ച നെഞ്ചുലച്ചെന്ന് എഴുത്തുകാരി സാറാ ജോസഫ്. തൃശൂർ സെൻട്രൽ പോസ്റ്റ് ഓഫിസിന് മുന്നിൽ വിദ്യാർഥി ഐക്യവേദി സംഘടിപ്പിച്ച ജന്തർ മന്തർ വിദ്യാർഥി സമരത്തിലെ പൊലീസ്-ഹിന്ദുത്വ അതിക്രമത്തിനെതിരായ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
പാറ്റകൾ എന്നുപറഞ്ഞ് പുതുതലമുറയിലെ കുട്ടികളെ ഭരണകൂടം അധിക്ഷേപിക്കുന്നു. ആണവായുധത്തെ അതിജീവിക്കുന്ന ഏക ജീവി വർഗമാണ് പാറ്റകൾ. കുട്ടികളെ പാറ്റകളെന്ന് വിളിച്ച് അധിക്ഷേപിക്കേണ്ട. നമുക്ക് കഴിഞ്ഞ പത്തുകൊല്ലം കഴിയാത്തത് ഈ കുഞ്ഞുങ്ങൾക്ക് കഴിയും. ഇവർ ഇന്ത്യ വീണ്ടെടുക്കും.
ഇനിയുള്ള രാത്രി ജന്തർ മന്തറിലെ സമരസ്ഥലത്ത് എന്തും സംഭവിക്കും. പത്ത് കൊല്ലം ഭയന്ന് അടക്കിയൊതുക്കി വെച്ചതിന്റെ ഒരു പൊട്ടിപ്പുറപ്പെടൽ, അതിന്റെ അന്ത്യം ആണ് ഈ കുട്ടികൾ കാണിച്ചുതന്നിരിക്കുന്നത്. അങ്ങേയറ്റത്തെ ജനാധിപത്യബോധമുള്ള പുതിയ തലമുറയെ കണ്ടതിന്റെ ആനന്ദം ചെറുതൊന്നുമല്ല.
കേവലം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചാൽ തീരുന്നതല്ല ഈ സമരം. 10 കൊല്ലത്തിനിടക്ക് 152 പരീക്ഷ പേപ്പർ ചോർച്ച ഉണ്ടായി. പ്രധാനെ നിലനിർത്തുന്ന ശക്തിയും രാജിവെച്ച് പുറത്തുപോകേണ്ടതുണ്ട്. അതുവരെ സമരം തുടരേണ്ടതുണ്ടെന്നും സാറാ ജോസഫ് പറഞ്ഞു.
നൂറുകണക്കിന് വിദ്യാർഥികൾ പരിപാടിയിൽ അണിനിരന്നു. ഡൽഹി സമരത്തിൽ പങ്കെടുത്ത ചില വിദ്യാർഥികൾ പൊലീസ് അതിക്രമത്തിന്റെ അനുഭവങ്ങൾ വിവരിച്ചു. കവികളായ പി.എൻ. ഗോപീകൃഷ്ണൻ, അൻവർ അലി, പ്രഫ. കുസുമം ജോസഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.