കുന്നംകുളം: നാട്ടുകാർ അടച്ച കെട്ടിടനികുതി സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി കടവല്ലൂർ പഞ്ചായത്ത് ക്ലർക്ക് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. തദ്ദേശ സ്‌ഥാപനങ്ങളിലെ സേവനങ്ങൾക്കുള്ള കെ-സ്മാർട്ട് ആപ്ലിക്കേഷനിലെ സാങ്കേതിക പോരായ്മ മുതലെടുത്താണ് തട്ടിപ്പ് നടത്തിയതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
കെട്ടിട ഉടമകൾ നൽകുന്ന തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം കെ-സ്മാർട്ട് ആപ്പിൽ വ്യാജ യു.പി.ഐ ഐ.ഡി നൽകിയാണ് ക്രമക്കേട് നടത്തിയത്. തുടർന്ന് ആപ്പിൽ നിന്ന് ഔദ്യോഗിക നികുതി രശീത് ഡൗൺലോഡ് ചെയ്ത് ഉടമകൾക്ക് നൽകും. യഥാർഥ രശീത് ലഭിക്കുന്നതിനാൽ നികുതിയടച്ചവർ തട്ടിപ്പ് അറിഞ്ഞിരുന്നില്ല. നികുതി സ്വീകരിക്കുമ്പോൾ പണം പഞ്ചായത്തിന്റെ അക്കൗണ്ടിൽ എത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള സംവിധാനം കെ-സ്മാർട്ട് ആപ്ലിക്കേഷനിലില്ല.
അടുത്തിടെ ചുമതലയേറ്റ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം നടത്തിയ തട്ടിപ്പാണ് കണ്ടെത്തിയത്. ഇതോടെ 31 ഇടപാടുകളിലായി തട്ടിയെടുത്ത 3,76,641 രൂപ ക്ലർക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക അക്കൗണ്ടിലേക്ക് തിരിച്ചടച്ചു. സ്വന്തം ഐ.ഡിയിൽ മാത്രമല്ല സഹപ്രവർത്തകരുടെ ഐ.ഡിയിൽ ലോഗിൻ ചെയ്തും തട്ടിപ്പ് നടത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയും ഭരണസമിതിയും പഞ്ചായത്ത് ജോയന്റ് ഡയറക്ടർക്ക് പരാതി നൽകി. തദ്ദേശവകുപ്പ് വിജിലൻസ് ഉദ്യോഗസ്ഥൻ ഓഫിസിൽ പരിശോധന നടത്തി.
ഈ ക്ലർക്ക് നാല് വർഷമായി കടവല്ലൂർ പഞ്ചായത്തിലുണ്ട്. മുൻ വർഷങ്ങളിലും സമാന തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. പരാതി ലഭിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പഞ്ചായത്ത് ജോയന്റ് ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.