തൃശൂർ: കളിയും ചിരിയും പിണക്കങ്ങളുമായി കഴിഞ്ഞിരുന്ന ഉറ്റ സുഹൃത്ത് പോയ വിഷമത്തിൽ നെഞ്ചുരുകുന്ന ഏറെപ്പേർ പൊറ്റേക്കര-ആറമ്പിള്ളി റോഡിലെ ആനപ്പറമ്പിലേക്ക് എത്തിയിരുന്നു. കൊമ്പൻ കടമ്പാട്ട് ഗണപതി ജീവനറ്റ് കിടക്കുകയായിരുന്നു അവിടെ. വ്യാഴാഴ്ച ഉച്ചയോടെ കോടനാട്ടെ ആന ശ്മശാനത്തിലേക്ക് ഉടമസ്ഥൻ ഗിരീഷ് കുമാർ, രക്ഷാധികാരി മണികണ്ഠൻ, പാപ്പാന്മാരായ ശ്യാം, അരുൺ എന്നിവർ തേങ്ങുന്ന മനസ്സോടെയാണ് ഗണപതിയെ യാത്രയാക്കിയത്.
നാട്ടുകാരുടെയും കുട്ടികളുടെയും പ്രിയ കൊമ്പനായിരുന്നു ഗണപതി. പനമ്പട്ടയിലേറെ, കുട്ടികൾ കാത്തുവെച്ച് നീട്ടുന്ന മധുരപലഹാരങ്ങളെ ആർത്തിയോടെ തിന്നുതീർക്കുമായിരുന്നു കുസൃതിക്കുറുമ്പൻ. ഉയരക്കൂടുതലില്ലെങ്കിലും ഇണക്കക്കൂടുതലായിരുന്നു ഗണപതിയെ വേറിട്ടതാക്കിയത്. ബിഹാറിൽനിന്ന് കേരളത്തിലെത്തിയ ശേഷം മൂന്നര പതിറ്റാണ്ടാണ് തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലെ ഉത്സവപ്പറമ്പുകളിലെ നിത്യസാന്നിധ്യമായത്. നാളിതുവരെ ഒരാളെപോലും ആക്രമിച്ച ചരിത്രമില്ല. അതുകൊണ്ടുതന്നെ പാപ്പാന്മാരുടെ ശാസനയും ഇഷ്ടമായിരുന്നില്ല.
കൂട്ടുകാരെ പോലെ പെരുമാറണമെന്ന് ഗണപതിയെ അറിയുന്നവർക്കറിയാം. ശാസിച്ചാൽ പിണക്കം ഭാവിച്ച് മാറിനിൽക്കും. രക്ഷാധികാരി കൂടിയായ വെളപ്പായ മണികണ്ഠൻ എത്തി മധുരമോ ബിസ്കറ്റോ നൽകി വേണം ആ പിണക്കം മാറ്റാൻ. തൃശൂര്‍ പൂരത്തിന്റെ തെക്കോട്ടിറക്കത്തിനും കുടമാറ്റത്തിനും പുറമെ തിരുവമ്പാടിയിലെ പ്രധാന പരിപാടികള്‍ക്കെല്ലാം ഗണപതി ഉണ്ടാകാറുണ്ട്. ആറാട്ടുപുഴ-പെരുവനം പൂരം ഉള്‍പ്പെടെ പ്രധാന പൂരങ്ങളിലെല്ലാം പങ്കെടുത്തിട്ടുണ്ട്. ബുധനാഴ്ച പുറ്റേക്കരയിലെ പറമ്പിലാണ് കഫക്കെട്ട് മൂലമുള്ള ബുദ്ധിമുട്ടിനെത്തുടർന്ന് ഗണപതി ചെരിഞ്ഞത്. 48 വയസ്സായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.