ജില്ല കലക്ടര്‍ എസ്. ഷാനവാസ് കൊടകരയിലെ സ്വാതന്ത്ര്യസമര സേനാനി പാപ്പുവി​െൻറ വീട്ടിലെത്തിയപ്പോള്‍

സ്വാതന്ത്ര്യസമര സേനാനിയുടെ ജീവിതം വൃത്തിഹീനമായ അന്തരീക്ഷത്തിൽ

കൊടകര: സ്വാതന്ത്ര്യസമര സേനാനിയും മുന്‍ പൊതുമരാമത്ത്​ വകുപ്പു ജീവനക്കാരനുമായിരുന്ന കൊടകര കാവുംതറ മുളയംകുടത്ത് പാപ്പുവി​െൻറ വീട്ടില്‍ ജില്ല കലക്ടറെത്തി.

മാലിന്യം നിറഞ്ഞതും ചോര്‍ന്നൊലിക്കുന്നതുമായ വീട്ടിലെ 94കാര​െൻറ ദുരിതജീവിതമറിഞ്ഞാണ് ഓണപ്പുടവയുമായി ഉത്രാടനാളില്‍ ഉച്ചയോടെ കലക്ടറെത്തിയത്്. കൊടകര പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ കാവുംതറയില്‍ ഏറെ വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു ഏകാകിയായി പാപ്പു കഴിഞ്ഞിരുന്നത്. മഴയില്‍ ചോര്‍ന്നൊലിക്കുന്ന രണ്ടുമുറികളും വെള്ളം കെട്ടിക്കിടക്കുന്ന ചെറിയ അടുക്കളയുമുള്ള വീട് മാലിന്യക്കൂമ്പാരമായിരുന്നു. 1942ല്‍ ക്വിറ്റിന്ത്യ സമരത്തില്‍ പങ്കെടുത്ത് 33 ദിവസം ഇരിങ്ങാലക്കുട സബ്ജയിലില്‍ കിടന്നയാളാണ് പാപ്പു.

കെ.പി.സി.സി അംഗം, ഹരിജന്‍ ലീഗ് സംസ്ഥാന പ്രസിഡൻറ്​ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1959 പൊതുമരാമത്ത്​ വകുപ്പി​െൻറ പാര്‍ട്ട്ടൈം സ്വീപ്പറും '75ല്‍ സ്ഥിരം സ്വീപ്പറുമായിരുന്നു. പുതുക്കാടും കൊടകരയിലും ജോലിചെയ്തു. അന്നത്തെ ജോലിവകയില്‍ 11 വര്‍ഷത്തെ ശമ്പളം ഇപ്പോഴും കിട്ടാനുണ്ടത്രെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലംമുതല്‍ ഇതിനായി അപേക്ഷകള്‍ കൊടുത്തുതുടങ്ങിയതാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം കൊടുത്തിട്ടുണ്ടെന്ന് പാപ്പു പറയുന്നു.

ഞായറാഴ്ച ഉച്ചയോടെയാണ് കലക്ടര്‍ എസ്. ഷാനവാസ് വീട്ടിലെത്തിയത്. വീട് നന്നാക്കാനുള്ള മുഴുവന്‍ ചെലവും കലക്ടര്‍ വാഗ്ദാനം ചെയ്തു. അടിയന്തരമായി വീടിനുമുകളില്‍ മേല്‍ക്കൂര പണിയുന്നതിനും അകത്ത് ടൈല്‍ വിരിക്കാനും വേണ്ട എസ്​റ്റിമേറ്റ് തയാറാക്കാന്‍ ജില്ല കുടുംബശ്രീ മിഷനെ കലക്ടര്‍ ചുമതലപ്പെടുത്തി. പാപ്പുവിന് നല്ലവീട്ടില്‍ അന്തിയുറങ്ങാനുള്ള സൗകര്യമൊരുക്കാന്‍ രണ്ട് ലക്ഷം രൂപ ലയണ്‍സ്‌ ക്ലബ് നല്‍കാമെന്ന് അറിയിച്ചതായി കലക്ടര്‍ പറഞ്ഞു. മുന്‍ കലക്ടര്‍മാരായ ടി.വി. അനുപമ, കൗശികന്‍ എന്നിവരും വീട് സന്ദര്‍ശിച്ചിട്ടുണ്ട്.

കൗശികന്‍ ഓണത്തിന് പാപ്പുവി​െൻറ വീട്ടിലെത്തി അദ്ദേഹത്തിന് ഓണപ്പുടവ സമ്മാനിച്ചിരുന്നു. കഴിഞ്ഞദിവസം മിസോറാം ഗവര്‍ണര്‍ ശ്രീധരന്‍പിള്ള വീട് നന്നാക്കാനായി സഹായം വാഗ്ദാനം ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.