അ​ഴീ​ക്കോ​ട് തീ​ര​ത്ത് വ​ല ന​ന്നാ​ക്കു​ന്ന ടി​പ്പു​സു​ൽ​ത്താ​ൻ വ​ള്ള​ത്തി​ന്റെ ഉ​ട​മ ഷി​ഹാ​ബും

തൊ​ഴി​ലാ​ളി​ക​ളും

വോട്ടല്ല, തെരഞ്ഞെടുപ്പല്ല...; കടലിൽ കുത്തിക്കീറപ്പെടുന്ന വലയാണ് ഇവരുടെ വിഷയം

തൃശൂർ: അഴീക്കോട് കടപ്പുറം, സമയം രാവിലെ 11 മണി. 15ഓളം തൊഴിലാളികൾ തെങ്ങിൻ തോപ്പുകളിൽ വിരിച്ച ടാർപോളിൻ ഷോപ്പുകളിൽ ഇരുന്ന് വലകൾ തുന്നിക്കൂട്ടുകയാണ്. കഴിഞ്ഞദിവസം കടലിൽ മത്സ്യബന്ധനത്തിന് പോയപ്പോൾ കേരള തീരത്ത് മുങ്ങിയ എം.എസ്.സി എൽസ മൂന്ന് കപ്പലിൽനിന്നുള്ള കണ്ടെയ്നറുകളിൽ കുടുങ്ങി നശിച്ച വലകളാണ് തുന്നിക്കൂട്ടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനെയും വോട്ടിനെയും പറ്റിയുള്ള ചോദ്യത്തിന് ആർക്കും മറുപടിയില്ല. എല്ലാവരും പറയുന്നത് കടലിൽ അനുഭവിക്കുന്ന ദുരിതം. കപ്പൽ മുങ്ങിയ ശേഷം വലകൾ കീറി നശിക്കുന്നത് തുടർക്കഥയാകുന്നതായി അവർ പറയുന്നു.

ഇപ്പോൾ വോട്ടോ തെരഞ്ഞെടുപ്പോ സംസാരിക്കാനുള്ള മാനസികാവസ്ഥയിൽ അല്ല തങ്ങളെന്നും അവർ വ്യക്തമാക്കുന്നു. ഈ വലകൾ എത്രയും വേഗം ശരിയാക്കി കടലിൽ പോയാൽ മാത്രമാണ് വീട് പട്ടിണിയാകാതിരിക്കൂവെന്ന ബോധ്യത്തിലാണ് അവർ. ‘കൃഷ്ണ കൃപ’ വള്ളത്തിലുള്ളവരെയാണ് ആദ്യം കണ്ടത്. വല നശിക്കലും തൊഴിൽ നഷ്ടപ്പെടലും അടക്കം വിഷമങ്ങളിലാണ് അവർ. 20 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കൃഷ്ണകൃപ വള്ളത്തിലെ അനീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.

തങ്ങളെ ആരും സഹായിക്കാനില്ല. ഈ വല ശരിയാക്കി ഉടൻ കടലിൽ പോകാൻ സാധിച്ചില്ലെങ്കിൽ ‘തരകൻ’മാരിൽനിന്ന് വാങ്ങിയ പൈസക്കുള്ള മീൻ നൽകാനാകില്ല. എല്ലാ രാഷ്ട്രീയക്കാരും കൈകാട്ടി പോകുന്നതല്ലാതെ ആരും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നില്ലെന്നും അവർ പറയുന്നു. കടലേറ്റത്തിൽ മണ്ണടിച്ച് തകർന്ന റോഡിലൂടെ 100 മീറ്റർ കൂടി മുന്നോട്ടുനീങ്ങിയപ്പോൾ മറ്റൊരു സംഘം. 15ഓളം പേരുണ്ട് അവരും. ടിപ്പുസുൽത്താൻ വള്ളത്തിലെ പണിക്കാരാണ്. കടലിൽ വെച്ച് ‘പണി’ കിട്ടിയ വലകൾ നന്നാക്കുകയാണ് അവരും.

വള്ളത്തിന്റെ ഉടമ ഷിഹാബും പണിക്കാരും എത്രയും വേഗത്തിൽ പണി തീർത്ത് കടലിൽ ഇറങ്ങാനുള്ള ശ്രമത്തിലാണ്. മൂന്നാഴ്ചയായി വലയുടെ പണിയിലാണെന്ന് ഈ മത്സ്യത്തൊഴിലാളികൾ ‘മാധ്യമ’ത്തോട് പറഞ്ഞു. അഞ്ചും ആറും ലക്ഷം രൂപ വിലകൊടുത്ത് വാങ്ങിയ വലകളാണ് നശിച്ചിരിക്കുന്നത്. ഇവ നന്നാക്കിയെടുക്കുമ്പോൾ ഇത്രയും തുക തന്നെയാകും.

അഞ്ച് പണിക്കാരെ കൊണ്ടുവന്ന് താമസവും ഭക്ഷണവും കൊടുത്താണ് വല നന്നാക്കുന്നത്. കടലിലെ കണ്ടെയ്നർ ഭാഗങ്ങളിലും മറ്റും തട്ടി വല കീറിയതിൽ പരാതി കൊടുത്തിട്ട് കാര്യമില്ലെന്നും കേന്ദ്രമായാലും സംസ്ഥാനമായാലും തിരിഞ്ഞുനോക്കാറില്ലെന്നും അവർ പറയുന്നു. ഇത്രയൊക്കെ പ്രതിസന്ധിയിലാണെങ്കിലും വോട്ട് മുടക്കില്ലെന്ന് അവർ വ്യക്തമാക്കി. അത് ഞങ്ങളുടെ അവകാശമാണ്. എന്തായാലും വോട്ട് ചെയ്യുക തന്നെ ചെയ്യുമെന്ന് ഉറപ്പിച്ച് പറഞ്ഞ് അവർ തങ്ങളുടെ പണിയിലേക്ക് നീങ്ങി.

Tags:    
News Summary - fishing net was damaged by getting entangled in the containers after the ship sank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-05 08:45 GMT