തൃശൂർ: കോഴിത്തീറ്റ വില വർധനയും അനുബന്ധ ചെലവുകൾ ഏറിയതും കോവിഡ് നിയന്ത്രണങ്ങളും കോഴി കർഷകർക്ക് തിരിച്ചടിയായി. കർഷകർക്ക് അധ്വാനത്തിന് പണം തിരിച്ചുകിട്ടുന്നില്ലെന്ന് മാത്രമല്ല, ഭൂരിഭാഗം കോഴിക്കടകളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് കോഴി കർഷകരുടെ സംഘടന ആരോപിക്കുന്നു.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിവാഹം, പെരുന്നാൾ, ഉത്സവങ്ങൾ എന്നിവയുടെ സീസണാണ്. കൂടുതൽ കോഴിക്കച്ചവടം നടന്നിരുന്ന മാസങ്ങളാണിവ. എന്നാൽ, കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ വിൽപന കുത്തനെ ഇടിഞ്ഞു. മാത്രമല്ല, രാജ്യത്ത് കോഴി ഉൽപാദനം കൂടിയതും കോഴി വിലയെ താഴ്ത്തി. അതേസമയം, കോഴിത്തീറ്റ വില ചാക്കിന് 1000 രൂപയോളം വർധിച്ചു.
1350-1420 രൂപ വരെയായിരുന്നു ഏഴ് മാസം മുമ്പുവരെ ഒരു ചാക്ക് കോഴിത്തീറ്റയുടെ വില. ഈ വില കൂടി 2400 വരെ എത്തി. അൽപം കുറഞ്ഞ് 2050 വരെ എത്തി. ഇപ്പോഴത്തെ വില 2150 ആണ്. 600 മുതൽ 900 രൂപ വരെയാണ് അടുത്ത ദിവസങ്ങളിൽ വർധിച്ചത്. അതായത് ഒരു കിലോ കോഴിത്തീറ്റക്ക് ഇപ്പോൾ 43 രൂപ വിലയുണ്ട്. കോഴിത്തീറ്റയിൽ ഉൾപ്പെടുന്ന ചോളം, സോയാബീൻ എന്നിവക്ക് വില കൂടിയതാണ് വില കൂടാനിടയാക്കിത്. ഇത് ദുരിതമായെന്ന് കർഷകർ പറയുന്നു.
36 ദിവസം കൊണ്ട് ഇറച്ചിപ്രായമാകുന്ന കോഴികളുണ്ട്. ചിലത് 40 ദിവസവും. കോഴി ഇറച്ചി പ്രായമാകും വരെ ഫാമിൽ ഉൽപാദനച്ചെലവ് 93 രൂപയാണ്. വീടാണെങ്കിൽ 97 രൂപ വരെ ചെലവ് വരും. ഫാമുകളിൽ ഈ കോഴികളാണ് 84 രൂപക്ക് വിൽക്കേണ്ടി വരുന്നതെന്ന് കേരള പൗൾട്രി ട്രേഡേഴ്സ് ആൻഡ് ഫാർമേഴ്സ് സമിതി സംസ്ഥാന സമിതി അംഗം പി. ബിനുമോൻ 'മാധ്യമ'ത്തോട് പറഞ്ഞു.
മൂന്ന് മാസമായി കേരളത്തിലെ ഒരു കോഴികർഷകനും ഒരു രൂപ ലാഭമില്ല. 5.3 ലക്ഷത്തിൽ കൂടുതൽ ഒരുമാസം വിറ്റിരുന്നതായിരുന്നു. ഇപ്പോൾ രണ്ട് ലക്ഷം പോലും വിൽക്കാൻ പറ്റില്ല. മൂന്ന് മാസം കൂടി ഈ അവസ്ഥ തുടർന്നാൽ കേരളത്തിലെ 90 ശതമാനം കോഴി കർഷകരും കൃഷിയിൽനിന്ന് പിൻവാങ്ങും. വൻ പ്രതിസന്ധിയിലാണ് കർഷകർ- അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.