എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ ''ഉമ്മുൽഖുറ'' ബോട്ട്
എറിയാട്: എൻജിൻ നിലച്ച് കടലില്‍ ഒഴുകി നടന്ന മത്സ്യബന്ധന ബോട്ടിലെ കൊല്ലം സ്വദേശികളായ 11 തൊഴിലാളികളെ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് റെസ്ക്യൂ സംഘം രക്ഷപ്പെടുത്തി. മുനക്കകടവ് ഫിഷ് ലാൻഡിങ് സെന്ററിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെ മത്സ്യബന്ധനത്തിന് പോയ മുനക്കക്കടവ് സ്വദേശി പോക്കാക്കില്ലത്ത് അബ്ദുറസാഖിന്റെ ‘ഉമ്മുൽഖുറ’ ബോട്ടാണ് കാര വടക്ക് പടിഞ്ഞാറ് 13 നോട്ടിക്കല്‍ മൈല്‍ അകലെ എൻജിൻ നിലച്ച് കടലിലകപ്പെട്ടത്. ഞായറാഴ്ച രാവിലെ 6.30 ഓടെയാണ് ബോട്ടും തൊഴിലാളികളും കടലില്‍ കുടുങ്ങിയതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്.
ഫിഷറീസ് അസി. ഡയറക്ടര്‍ ഡോ. സി.സീമയുടെ നിര്‍ദേശാനുസരണം മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിങ് ഓഫിസർമാരായ വി.എൻ.പ്രശാന്ത്കുമാർ, വി.എം. ഷൈബു, ഇ.ആർ. ഷിനിൽകുമാർ, റെസ്ക്യൂ ഗാര്‍ഡ്മാരായ ഹുസൈൻ വടക്കേനോളി, വിജീഷ്, ബോട്ട് സ്രാങ്ക് റോക്കി എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
മത്സ്യബന്ധന യാനങ്ങൾ വാർഷിക അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതും മത്സ്യബന്ധനത്തിന് കാലപ്പഴക്കമുള്ള യാനങ്ങൾ ഉപയോഗിക്കുന്നതിനാലും കടലിൽ അപകടങ്ങൾ തുടർക്കഥയാവുകയാണ്. ജില്ലയില്‍ രക്ഷാപ്രവര്‍നത്തിന് ഫിഷറീസ് വകുപ്പിന്റെ രണ്ട് ബോട്ടുകൾ മുനക്കക്കടവിലും അഴീക്കോടും 24 മണിക്കൂറും പ്രവർത്തിക്കുന്ന മറെൻ എൻഫോഴ്സ്മെന്റ് യൂനിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും തീർത്തും സൗജന്യമായാണ് സർക്കാർ സേവനം നൽകുന്നതെന്നും ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽ മജീദ് പോത്തനൂരാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.