കേരളത്തിലേക്ക് ലഹരിക്കടത്ത്; നൈജീരിയൻ സ്വദേശിയിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചു

തൃശൂർ: കേരളത്തിലേക്ക് വിദേശങ്ങളിൽനിന്നുള്ള ലഹരിക്കടത്തുമായി ബന്ധപ്പെട്ട് തൃശൂർ പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. കഴിഞ്ഞദിവസം ഡൽഹിയിലെ നൈജീരിയൻ കോളനിയിൽനിന്ന് അറസ്റ്റ് ചെയ്ത കെൻ എന്ന എബൂക്ക വിക്ടർ അനയോയിൽ (27) നിന്നാണ് ലഹരിക്കടത്തിലെ വിദേശബന്ധങ്ങളിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചത്.

ഇതനുസരിച്ച് അന്വേഷണം കൂടുതൽ ശക്തമാക്കി. ഡൽഹി കേന്ദ്രീകരിച്ച് പൊലീസിന്റെ നിരീക്ഷണം വേറെയും നടക്കുന്നുണ്ട്. കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘങ്ങളിലെ പ്രധാനികളിലൊരാളാണ് കെൻ. ചോദ്യം ചെയ്യലിൽ പൊലീസിനെ കുഴക്കുന്ന മറുപടികളാണ് നൽകുന്നതെങ്കിലും ചില പൊരുത്തക്കേടുകളിൽ കൂടുതൽ ചോദ്യം ചെയ്തതിൽനിന്നാണ് നിർണായക വിവരം ലഭിച്ചത്.

കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് എം.ഡി.എം.എ അടക്കമുള്ള മാരക സിന്തറ്റിക് ലഹരിമരുന്നുകളുടെ മൊത്തവിതരണത്തിന് പിന്നിൽ കെന്നിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ഡൽഹി കിർക്കി എക്‌സ്റ്റൻഷനിലെ കോളനിയിൽ ആറ് റോഡുകൾ ഒരേസമയം തടസ്സപ്പെടുത്തിയാണ് ഡൽഹി പൊലീസിന്റെ സഹായത്തോടെ ഇയാളെ വലയിലാക്കിയത്.

ലഹരിനിർമാണ ഉറവിടം സംബന്ധിച്ചും മറ്റും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തത ലഭിക്കുമെന്ന വിലയിരുത്തലിലാണ് പൊലീസ്. ഐക്യരാഷ്ട്രസഭയുടെ ഇന്ത്യൻ അഭയാർഥി കാര്യാലയത്തിലെ ഹൈകമീഷണർ നൽകിയ അഭയാർഥി സർട്ടിഫിക്കറ്റ് മാത്രമുപയോഗിച്ചാണ് ഇയാൾ ഡൽഹിയിൽ ഇത്രനാളും കഴിഞ്ഞത്. നൈജീരിയയിൽനിന്ന് എങ്ങനെ ഇന്ത്യയിലെത്തി എന്ന വിവരം എവിടേയും രേഖപ്പെടുത്തിയിട്ടുമില്ല.

Tags:    
News Summary - Drug smuggling to Kerala-Critical information was received from a Nigerian native

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.