തൃശൂർ ജില്ല പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്‍റ് ഷീന പറയങ്ങാട്ടിൽ അവതരിപ്പിക്കുന്നു

ജില്ല പഞ്ചായത്ത് ബജറ്റ്: കൃഷിക്കും ആരോഗ്യത്തിനും നീര്‍ത്തട സംരക്ഷണത്തിനും പ്രഥമ പരിഗണന

തൃശൂർ: കാര്‍ഷിക മേഖലയ്ക്കും നീര്‍ത്തട സംരക്ഷണത്തിനും ആരോഗ്യ മേഖലയിലെ രോഗപ്രതിരോധ സംവിധാനത്തിനും ഊന്നൽ നൽകി ജില്ല പഞ്ചായത്ത് ബജറ്റ്. ശാസ്ത്രീയ കൃഷി രീതിയിലൂടെയും യന്ത്രവത്കരണത്തിലൂടെയും സമഗ്ര കൃഷിരീതികൾ ആവിഷ്‌കരിച്ച് ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് ബജറ്റ്.

വിജ്ഞാൻസാഗർ, വിദ്യാഭ്യാസ രംഗം, വയോജന പരിപാലനം, ദാരിദ്ര്യ ലഘൂകരണം, പ്രകൃതി സംരക്ഷണം, വന്യജീവികളിൽ നിന്നുള്ള സുരക്ഷ, ജലരക്ഷ, ജീവരക്ഷ, മൃഗസംരക്ഷണം, വിനോദ മേഖല തുടങ്ങി വിവിധ മേഖലകൾക്ക് പ്രത്യേക ഊന്നൽ ബജറ്റിൽ നൽകിയിട്ടുണ്ട്. 129.03 കോടി വരവും 128.53 കോടി ചെലവും 49.9 ലക്ഷം നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷീന പറയങ്ങാട്ടിൽ അവതരിപ്പിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അധ്യക്ഷത വഹിച്ചു.

വന്യജീവികളുടെ ആക്രമണം തടയാൻ പദ്ധതി

വന്യജീവികളുടെ ആക്രമണം തടയാൻ വനത്തിൽ ജീവികളുടെ ആവാസവ്യവസ്ഥ ഒരുക്കുന്ന പദ്ധതി ആവിഷ്കരിക്കും. ഇതിന് ജില്ല പഞ്ചായത്ത് ബജറ്റിൽ ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെയും വനം വകുപ്പിന്റെയും സഹകരണത്തോടെ പദ്ധതി തയാറാക്കി നടപ്പിലാക്കും. ഒപ്പം ജനവാസ കേന്ദ്രങ്ങളിലേക്കുള്ള വരവ് തടയാനും നടപടി സ്വീകരിക്കും.

വെണ്ണൂർ തുറ പദ്ധതിക്ക് മൂന്നു കോടി

കുളങ്ങളും പാടങ്ങളും ഉപേക്ഷിക്കപ്പെട്ട പാറമടകളും ഉപയോഗിച്ച് ശുദ്ധജല മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കും. കാർഷിക യന്ത്രങ്ങൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കുന്നതിനും പുതിയത് വാങ്ങുന്നതിനും തുക നീക്കിവെച്ചിട്ടുണ്ട്. പഴയന്നൂരിൽ ശീതീകരണ സംഭരണ ശാല സ്ഥാപിക്കാൻ ഒരു കോടി രൂപ വകയിരുത്തി. തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമം അനുശാസിക്കുന്നവിധം നെൽവയലുകൾ സംരക്ഷിക്കുന്നതിനുള്ള മാതൃകാ നടപടികൾ സ്വീകരിക്കുമെന്ന് ബജറ്റ് ഉറപ്പ് നൽകുന്നു.

ജില്ല പഞ്ചായത്തും വിവിധ വകുപ്പുകളും സംയോജിച്ച് നടപ്പിലാക്കുന്ന വെണ്ണൂർതുറ പദ്ധതിക്ക് ആസൂത്രണ ബോർഡിൽ നിന്ന് ലഭിക്കുന്ന രണ്ട് കോടിയടക്കം മൂന്നു കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ചേറ്റുവ കായൽ സംരക്ഷണത്തിന് ഒരുകോടിയും ഉൾപ്പെടുത്തിയിട്ടുണ്ട്. മൃഗസംരക്ഷണമേഖലയിൽ കാലികളുടെ വന്ധ്യതാ നിവാരണത്തിനായി 25ലക്ഷം രൂപയും പാലിന് സബ്‌സിഡി നൽകാൻ ഒന്നരക്കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്. എല്ലാ വീടുകളിലും മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്ന മുറ്റത്തൊരു മീൻകുളം പദ്ധതിക്ക് 15 ലക്ഷം രൂപയും നൽകും.

വടക്കാഞ്ചേരി ജില്ല ആശുപത്രിക്ക് 20 ലക്ഷം

ജില്ല പഞ്ചായത്തിന് കീഴിലുള്ള വടക്കാഞ്ചേരി ജില്ല ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഓക്‌സിജൻ എത്തിക്കുന്നതിനുള്ള പൈപ്പിങ് സംവിധാനം ഏർപ്പെടുത്തുന്നതിന് 20 ലക്ഷം രൂപയാണ് വകയിരുത്തി. അലോപ്പതി, ആയുർവേദ, ഹോമിയോ ആശുപത്രികളിൽ മരുന്നും ചികിത്സ ഉപാധികളും ലഭ്യമാക്കുന്നതിനും ഫണ്ട് അനുവദിച്ചിട്ടുണ്ട്.

ഇടത്തരം കുടിവെള്ള പദ്ധതിക്ക് ഒന്നരക്കോടി

ഗ്രാമീണ മേഖലയുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ചെറുകിട ഇടത്തരം പദ്ധതികൾ നടപ്പിലാക്കുന്നതിന് ഒന്നരക്കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വനിത ശാക്തീകരണത്തിന് ഷീ ലോഡ്ജ്, കുടുംബശ്രീ പരിശീലനകേന്ദ്രത്തിന്റെ നിർമാണം എന്നിവക്കും തുകയുണ്ട്. ഗ്രാമീണ ജനതക്ക് 20 രൂപ നിരക്കിൽ ഉച്ചഭക്ഷണം നൽകുന്ന കുടുംബശ്രീ ഭക്ഷണ ശാലകൾക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് അഞ്ച് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ജില്ല പഞ്ചായത്തിന്റേയും ഗ്രാമപഞ്ചായത്തുകളുടെയും റോഡുകൾ അറ്റകുറ്റപ്പണി നടത്തി പുനരുദ്ധരിക്കാൻ 20 കോടി രൂപയും പുതിയ റോഡ് നിർമാണത്തിന് മൂന്ന് കോടി രൂപയും റോഡുകളുടെ ഭാഗമായ കാന നിർമാണത്തിന് 60 ലക്ഷം രൂപയും കൽവർട്ടുകളുടെ നിർമാണത്തിന് 1.25 കോടി രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലൈഫ് പദ്ധതിക്ക് 17 കോടി

ലൈഫ് ഭവന നിർമാണ പദ്ധതി ഗുണഭോക്താക്കൾക്ക് ഭവന നിർമാണ ധനസഹായം നൽകുന്നതിനും പാർപ്പിട സമുച്ചയങ്ങൾ നിർമിക്കുന്നതിനും ഭൂമി വാങ്ങുന്നതിനും ഗ്രാമപഞ്ചായത്തുകളെ സഹായിക്കാൻ 17 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. പട്ടികജാതി പട്ടികവർഗ വികസനവുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികൾ നടപ്പിലാക്കാൻ 24 കോടിയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. പട്ടികജാതി വിദ്യാർഥികൾക്ക് പഠന മുറി, വിദേശത്ത് തൊഴിൽ തേടുന്ന പട്ടികജാതി യുവാക്കൾക്ക് ധനസഹായം എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഭിന്നശേഷി സൗഹൃദ ജില്ല എന്നത് ലക്ഷ്യമിട്ട് ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായി ജില്ല ഇന്‍ഫര്‍മേഷന്‍ കേന്ദ്രം തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരംഭിക്കും. രാമവര്‍മ്മപുരത്ത് നിർമാണം പൂര്‍ത്തീകരിച്ചുവന്ന ശുഭാപ്തി ജില്ല ഭിന്നശേഷി വിഭവകേന്ദ്രം ഈ വര്‍ഷം തന്നെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളും നടത്തും.

Tags:    
News Summary - District Panchayat Budget: Priority for Agriculture, Health and Watershed Protection Consideration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.