ഹൈവേ ബൈപാസിൽ
തളിക്കുളം കലാഞ്ഞി ഭാഗത്ത് വെള്ളക്കെട്ടുള്ള ഭാഗത്ത്
ചെറിയ പൈപ്പിടുന്നു
വെള്ളക്കെട്ട് ഒഴിവാക്കാൻ കലുങ്കുകൾ നിർമിക്കണം; പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ ഇടപെടാനാകില്ലെന്ന് മന്ത്രിയുടെ ഓഫിസ്
തളിക്കുളം: ഗ്രാമപഞ്ചായത്ത് നാല്, അഞ്ച് വാർഡുകളിൽ എൻ.എച്ച് ബൈപാസ് നിർമാണത്തിന്റെ ഭാഗമായി കിഴക്കേ ടിപ്പുസുൽത്താൻ റോഡിലെ ഗതാഗതം തടസ്സപ്പെടരുതെന്നും ഒഴുക്കുതോടുകൾ അടയുന്നത് ഒഴിവാക്കാൻ കലുങ്കുകൾ നിർമിക്കണമെന്നും ആവശ്യപ്പെട്ട് അഞ്ചാം വാർഡ് അംഗം വിനയപ്രസാദ് നൽകിയ പരാതിയിൽ ഇടപെടാനാവില്ലെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. എൻ.എച്ചിന് സ്ഥലമെടുത്ത് ഹൈവേ അതോറിറ്റിക്ക് കൈമാറിയതിനാൽ അവരെ സമീപിക്കാനാണ് മന്ത്രിയുടെ ഓഫിസ് നിർദേശിച്ചത്. പരാതി എൻ.എച്ച്.എ.ഐക്ക് ഫോർവേഡ് ചെയ്തിട്ടുമുണ്ട്. അതേസമയം, എൻ.എച്ച്.എ.ഐക്കും കലക്ടർക്കും നൽകിയ പരാതിയിൽ നടപടി ഉണ്ടായതായി അറിയിച്ചിട്ടില്ല. വെള്ളക്കെട്ടിന് സാധ്യതയില്ലാത്ത ടിപ്പുസുൽത്താൻ റോഡിന്റെ കിഴക്ക് ഭാഗത്ത് മൂന്ന് കലുങ്കുകൾ പണിതു കഴിഞ്ഞു.
വെള്ളക്കെട്ടിനു സാധ്യതയുള്ള പടിഞ്ഞാറുഭാഗത്ത് പൈപ്പിട്ട് തോട് മൂടുന്നതിനാണ് ശ്രമിക്കുന്നത്. കനോലി പുഴക്കും പഴയ ദേശീയ പാതക്കുമിടയിലെ താഴ്ന്ന പ്രദേശം നിരവധി തോടുകളും ചിറയുമായി പുഴയിലേക്ക് വെള്ളമൊഴുകിയിരുന്ന ഭാഗമാണ്. മൂന്ന്, 14, ആറ് വാർഡുകളിൽനിന്ന് തോടുകൾ വഴി ഒഴുകി എത്തുന്ന വെള്ളവും ഇതുവഴിയാണ് ഒഴിഞ്ഞു പോകുന്നത്.
ബൈപാസ് വരുന്നതോടെ ആവശ്യത്തിന് കലുങ്കുകൾ ഇല്ലാതെ വന്നാൽ പ്രദേശം വെള്ളക്കെട്ടിലാവുമെന്നത് നിശ്ചയമാണ്. 2018 ലെ പ്രളയകാലത്ത് എട്ട് അടിയിലധികം വെള്ളം പൊന്തിയ പ്രദേശമാണിത്.
പ്രദേശത്തുനിന്ന് വെള്ളമൊഴുകി പോകാൻ കലുങ്കുകൾ പണിയേണ്ടത് അത്യാവശ്യമാണ്.
ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് വീണ്ടും ദേശീയപാത അതോറിറ്റിയെ സമീപിക്കുമെന്ന് വിനയപ്രസാദ് അറിയിച്ചു. ദേശീയപാത അതോറിറ്റിയുടെയും സർക്കാറിന്റെയും ഇടപെടൽ ഉണ്ടാവണമെന്ന് പഞ്ചായത്ത് അംഗം ആവശ്യപെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.