സനീഷ് കുമാർ ജോസഫ് എം.എൽ.എയുടെ ഓഫിസിലേക്ക് സി.പി.എം നടത്തിയ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ
കൈക്കൂലി ആരോപണം: സനീഷ് കുമാർ ജോസഫ് എം.എൽ.എക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
ചാലക്കുടി: പട്ടയം നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതിയിൽ ആരോപിതനായ സനീഷ് കുമാർ ജോസഫ് എം.എൽ.എ രാജിവയ്ക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. സി.പി.എം ചാലക്കുടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫിസിലേക്ക് മാർച്ച് നടത്തി. സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി കെ.എസ്.അശോകൻ ഉദ്ഘാടനം ചെയ്തു. കെ.പി. തോമസ് അധ്യക്ഷത വഹിച്ചു. പി.ആർ.പ്രസാദൻ, അഡ്വ.കെ.ആർ.സുമേഷ്, കെ.പി.ഷാജൻ തുടങ്ങിയവർ സംസാരിച്ചു.
ചാലക്കുടി പൊലീസ് സൗത്ത് ജങ്ഷനിൽ മാർച്ച് തടഞ്ഞു. ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫിനെതിരെ കേസെടുക്കാൻ തൃശ്ശൂർ വിജിലൻസ് കോടതി ഉത്തരവിട്ട സാഹചര്യത്തിൽ, എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് ട്വന്റി ട്വന്റി ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കേസിന്റെ മെറിറ്റും തെളിവുകളും കൃത്യമായി പരിശോധിച്ച ശേഷമാണ് കോടതി വിജിലൻസിനോട് കേസെടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്.
അഴിമതിയുടെ കറപുരണ്ട കൈകളുമായി ജനപ്രതിനിധിയായി തുടരാൻ സനീഷ് കുമാർ ജോസഫിന് യാതൊരു ധാർമ്മിക അവകാശവുമില്ലെന്ന് യോഗം വിലയിരുത്തി. കോടതി ഉത്തരവ് പുറത്തുവന്നിട്ടും യാതൊരു ലജ്ജയുമില്ലാതെ എം.എൽ.എയെ ന്യായീകരിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന സൈബർ ''ന്യായീകരണ തൊഴിലാളികളുടെ'' നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അഭിപ്രായപ്പെട്ടു.
വാർത്തസമ്മേളനം മാറ്റിവെച്ച് എം.എൽ.എ
ചാലക്കുടി: കൈക്കൂലി ആവശ്യപ്പെട്ടുവെന്ന ആരോപണത്തിനെതിരായി സനീഷ് കുമാർ ജോസഫ് എം.എൽ.എ വിളിച്ചു ചേർത്ത വാർത്താ സമ്മേളനം അവസാന നിമിഷത്തിൽ മാറ്റിവെച്ചു. വ്യാഴാഴ്ച ഉച്ചക്ക് 12ന് ചാലക്കുടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലാണ് എം.എൽ.എ വാർത്താസമ്മേളനം നിശ്ചയിച്ചിരുന്നത്. വിവരം മാധ്യമ പ്രവർത്തകരെയും സ്ഥാപനങ്ങളെയും അദ്ദേഹം വിളിച്ചറിയിച്ചിരുന്നു.
എന്നാൽ അവസാന നിമിഷം മാറ്റിവച്ചതായി അറിയിക്കുകയായിരുന്നു. ഹാജരാക്കാൻ വേണ്ടിയുള്ള ഏതാനും തെളിവുകൾ കൈവശം എത്തിയിട്ടില്ല എന്നാണ് കാരണമായി പറഞ്ഞത്. അവ കിട്ടിയാൽ വാർത്താസമ്മേളനം വിളിക്കുമെന്നുമാണ് അറിയിപ്പ്. 2012 ൽ പട്ടയം അനുവദിക്കാൻ താണിക്കുടം സ്വദേശിയായ ദേവേന്ദ്രനോട് പണം ആവശ്യപ്പെട്ടുവെന്ന പരാതിയിൽ കഴിഞ്ഞ ദിവസം ജില്ല വിജിലൻസ് കോടതി സനീഷ് കുമാർ ജോസഫ് അടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടിരുന്നു.
ഇതേ തുടർന്ന് സി.പി.എം അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എം.എൽ.എ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 2012 ൽ കോടതി ഈ കേസ് തള്ളിയിരുന്നു. എന്നാൽ വീണ്ടും കേസ് അന്വേഷിക്കുവാനുള്ള വിജിലൻസ് കോടതിയുടെ ഉത്തരവ് സുപ്രീംകോടതി വിധിക്ക് എതിരെയുള്ളതാണെന്ന് സനീഷ് കുമാർ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.