അന്ന് നാട്ടിക, ഇന്ന് കയ്പമംഗലം; ദുരന്തമൊഴിയാതെ തൃശൂർ
തൃശൂർ: വലിയ ഞെട്ടലോടെയാണ് ശനിയാഴ്ച രാവിലെ തൃശൂർ നിവാസികൾ ഉറക്കമുണർന്നത്. വെള്ളിയാഴ്ച അർധരാത്രി 12ന് ദേശീയപാത കയ്പമംഗലം ഭാഗത്തുണ്ടായ കാർ അപകടത്തിൽ എട്ടു ജീവനാണ് പൊലിഞ്ഞത്. തമിഴ്നാട്ടിലെ ദിണ്ഡിഗൽ പി.എൻ.എസ് എൻജിനീയറിങ് കോളജ് വിദ്യാർഥികൾ സഞ്ചരിച്ച സെവൻ സീറ്റർ കാറാണ് നിർത്തിയിട്ട ലോറിക്ക് പിന്നിലിടിച്ച് കാർ യാത്രികരായ മുഴുവൻ പേരും മരിച്ചത്. പുതിയ കാറിൽ സോഷ്യൽ മീഡിയയിൽ യാത്രയുടെ റീൽ ഒക്കെ പങ്കുവെച്ചായിരുന്നു സംഘത്തിന്‍റെ യാത്ര. അവസാനം വലിയ അപകടത്തിൽ മുഴുവൻപേർക്കും ജീവൻ നഷ്ടപ്പെട്ടു.
കൃത്യം രണ്ട് വർഷംമുമ്പ് 2024 നവംബറിൽ കയ്പമംഗലത്തിന് അധികം ദൂരമില്ലാത്ത നാട്ടികയിൽ നിർമാണം നടന്നുകൊണ്ടിരുന്ന ദേശീയപാതയിൽ കിടന്നുറങ്ങിയ അഞ്ചു നാടോടികളെ ലോറി ഇടിച്ചുതെറിപ്പിച്ചിരുന്നു. പാലക്കാട് സ്വദേശികളാണ് അന്ന് മരിച്ചത്. രണ്ട് കുട്ടികളും മരിച്ചിരുന്നു. അതിന്റെ നടുക്കം വിട്ടുമാറും മുമ്പാണ് സമീപപ്രദേശത്ത് തന്നെ വീണ്ടും ദുരന്തമെത്തിയത്.
2024 നവംബറിൽ തൃപ്രയാറിനടുത്തു നാട്ടികയില്‍ തടിലോറി ദേശീയപാതയിൽ വാഹനങ്ങൾക്ക് വിലക്കുള്ള സ്ഥലത്ത് ഉറങ്ങിക്കിടന്ന നാടോടിസംഘത്തിനിടയിലേക്കു പാഞ്ഞുകയറി അഞ്ചുപേരാണ് മരിച്ചത്. ജെ.കെ തിയറ്ററിനടുത്തു പുലർച്ചെ നാലിനായിരുന്നു അപകടം. പാലക്കാട് സ്വദേശികളായ കാളിയപ്പന്‍ (50), നാഗമ്മ (39), ബംഗാഴി (20), ജീവന്‍ (നാല്), മറ്റൊരു കുട്ടി എന്നിവരാണ് അന്ന് മരിച്ചത്.
ദേശീയപാത 66ന്റെ നിർമാണം നടക്കുന്ന ഭാഗത്ത്, വഴിമാറ്റത്തിനായി സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾക്ക് സമീപം ഉറങ്ങിക്കിടന്ന 11 നാടോടി തൊഴിലാളികൾക്കുമേൽ മരം കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് പാഞ്ഞുകയറുകയായിരുന്നു. കുട്ടികളടക്കം അഞ്ചുപേർ സംഭവസ്ഥലത്തുതന്നെ മരിക്കുകയും, ആറു പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ലോറി ഓടിച്ച ക്ലീനർ മദ്യപിച്ചിരുന്നതായും ഇയാൾക്ക് ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു.
അപകടമുന്നറിയിപ്പ് ബോർഡുകളോ മറ്റ് സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെയുള്ള ദേശീയപാത അതോറിറ്റിയുടെ നടപടിക്കെതിരെ അന്നേ ജനങ്ങളിൽ രോഷമുയർന്നിരുന്നു. ഈ വലിയ സംഭവത്തിന് പിന്നാലെ ദേശീയപാതക്കായി എടുത്ത കുഴിയിൽ വീണ്ടും ബാരിക്കേഡിൽ ഇരുചക്രവാഹനമിടിച്ചും മറ്റും അപകടങ്ങളും മരണങ്ങളും സംഭവിച്ചിട്ടുണ്ട്.
മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെയും ജനങ്ങളുടെയും യാത്രക്കാരുടെയും ജീവന് വിലകൽപിക്കാതെയുമാണ് ദേശീയപാത നിർമാണം നടക്കുന്നത്. ആലപ്പുഴ അരൂരിൽ ദേശീയപാത ഉയരപ്പാതയുടെ ഗർഡർ വീണ് വാഹന ഡ്രൈവർ മരിക്കുന്ന സംഭവം വരെയുണ്ടായി. കയ്പമംഗലം ദേശീയപാതയിൽ അപകടമുണ്ടായ സ്ഥലത്ത് വലിയ ഇരുട്ടാണ്. താൽക്കാലിക തെരുവുവിളക്കുകൾ പോലും ഇവിടെ സ്ഥാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.