സി.പി.ഐ നേതാവ് മുന്നിട്ടിറങ്ങി; ദലിത് കോൺഗ്രസ് നേതാവിന് വീടൊരുങ്ങി

വാടാനപ്പള്ളി: സ്വന്തമായി വീടില്ലാതെ ക്ഷേത്രം ഊട്ടുപുരയിൽ നാല് പതിറ്റാണ്ടോളമായി അന്തിയുറങ്ങിയ ദലിത് കോൺഗ്രസ് നേതാവ് മേപ്പറമ്പിൽ കൃഷ്ണൻകുട്ടിക്ക് (67) സി.പി.ഐ നേതാവ് അഷറഫ് വലിയകത്ത് വീട് നിർമിച്ചു നൽകി. കുട്ടിക്കാലത്ത് കൃഷ്ണൻകുട്ടി ഒരു കുടിലിലാണ് കഴിഞ്ഞിരുന്നത്.

മാതാപിതാക്കൾ നേരത്തേ മരിച്ചു. ഇതോടെ കൃഷ്ണൻകുട്ടി ഒറ്റപ്പെട്ടു. ഏഴാം ക്ലാസിൽ പഠനം നിർത്തി. പിന്നീട് തെങ്ങുകയറ്റ തൊഴിലാളിയായി. തെങ്ങിൽനിന്ന് വീണ് സാരമായി പരിക്കേറ്റപ്പോൾ അത് ഉപേക്ഷിച്ചു. തുടർന്ന് വാടാനപ്പള്ളി ഭഗവതി ക്ഷേത്രത്തിൽ സഹായിയായി.

വാടാനപ്പള്ളി പഞ്ചായത്ത് 13ാം വാർഡ് വെള്ളാംകുളത്ത് മൂന്ന് സെന്‍റ് സ്ഥലം ഉണ്ടെങ്കിലും എസ്.സി വിഭാഗത്തിൽ ആയിട്ടും ആധാരം കൈവശം ഇല്ലാത്തതിനാൽ വീട് വെക്കാൻ ത്രിതല പഞ്ചായത്തുകളുടെ സഹായം കിട്ടിയില്ല. ഇതോടെ അന്തിയുറക്കം ഭഗവതി ക്ഷേത്രത്തിലെ ഊട്ടുപുരയിലായി.

ഇതിനിടയിൽ കോൺഗ്രസിൽ പ്രവർത്തിച്ചു തുടങ്ങി. കെ. കരുണാകരനുമായി അടുപ്പം ഉണ്ടായിരുന്നു. ദലിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റായിരുന്നു. രണ്ടുതവണ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചു. യു.ഡി.എഫ് രണ്ടുതവണ പഞ്ചായത്ത് ഭരിച്ചിട്ടും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനായില്ല.

ഇതിനിടയിൽ ജില്ല സർവിസ് സഹകരണ ബാങ്കിന്‍റെ വാടാനപ്പള്ളി ശാഖയിൽ രാത്രി വാച്ച്മാനായി താൽക്കാലിക ജോലി ലഭിച്ചു. ഇപ്പോൾ ഇരുകാലിലും നീര് വന്ന് രോഗിയാണ്. കുടയുടെ കാൽ ഊന്നുവടിയാക്കിയാണ് നടപ്പ്. പൊതുപ്രവർത്തകനും സി.പി.ഐ നേതാവും വഴിയോര കച്ചവട യൂനിയൻ (എ.ഐ.ടി.യു.സി) ജില്ല പ്രസിഡന്‍റുമായ അഷറഫ് വലിയകത്ത് വീടുണ്ടാക്കാൻ ഫണ്ട് സ്വരൂപിക്കാൻ ഇറങ്ങിത്തിരിച്ചു.

ടി.എൻ. പ്രതാപൻ എം.പി ഉൾപ്പെടെ പലരും സഹായിച്ചു. കഴിഞ്ഞ ദിവസം അഷറഫ്, ശങ്കരമംഗലം ക്ഷേത്രം ദേവസ്വം ചെയർമാൻ മധുസൂദനൻ എന്നിവരുടെ സാന്നിധ്യത്തിൽ വീട്ടിൽ താമസം തുടങ്ങി.  

Tags:    
News Summary - CPI leader stepped forward for preparing house for Dalit Congress leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.