തൃശൂർ: കുടിവെള്ളക്കരം ഉയർത്തിയ സർക്കാർ ഉത്തരവിന് പിന്നാലെ, കുടിവെള്ളംതന്നെ മുട്ടിക്കാൻ കോർപറേഷൻ. വിൽവട്ടത്തെ ഇ.എം.എസ് ഫ്ലാറ്റിലേക്കും സർക്കാർ സ്ഥാപനങ്ങളായ ആശാഭവൻ, പ്രത്യാശ ഭവൻ, ഗവ. ഒബ്സർവേഷൻ ഹോം, ഗവ. പ്ലെയ്സ് ഓഫ് സേഫ്റ്റി, ഗവ. വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം, ജില്ല കോടതി.
കലക്ടറേറ്റ്, എൻ.ഡി.ആർ.എഫ്, മാനസികാരോഗ്യകേന്ദ്രം, ജില്ല ആശുപത്രി, ലാലൂർ ക്രിമറ്റോറിയം, ഷീ ലോഡ്ജ് തുടങ്ങിയിടങ്ങളിലേക്കും ടാങ്കറിൽ നൽകുന്ന കുടിവെള്ള വിതരണം അവസാനിപ്പിക്കാനാണ് നീക്കം. അടുത്ത ദിവസം ചേരുന്ന കൗൺസിൽ യോഗ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തിയിട്ടുണ്ട്.
ജയ്ഹിന്ദ് എ.ബി.സി കെട്ടിടം-8000 ലിറ്റർ, ജയ് ഹിന്ദ് കംഫർട്ട് സ്റ്റേഷൻ-24,000 ലിറ്റർ, എ.ബി.സി ഡോഗ്സ് പറവട്ടാനി-8000 ലിറ്റർ, വടക്കേ ബസ് സ്റ്റാൻഡ്-12,000 ലിറ്റർ, കുരിയച്ചിറ സ്റ്റാഫ് ക്വാർട്ടേഴ്സ്-8000 ലിറ്റർ എന്നിവ ദിവസവും കുടിവെള്ള വിതരണം നടത്തുന്ന കേന്ദ്രങ്ങളാണ്.
നടത്തറ 21ാം ഡിവിഷനിൽ 18,000 ലിറ്റർ, മണ്ണുത്തി മാർക്കറ്റ്-6000 ലിറ്റർ എന്നിവിടങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിലും ജില്ല കോടതി, ജില്ല ആശുപത്രി-24 മണിക്കൂറും, കലക്ടറേറ്റ്-24,000 ലിറ്റർ, എൻ.ഡി.ആർ.എഫ്-12,000 ലിറ്റർ, മാനസികാരോഗ്യകേന്ദ്രം-24,000, ലാലൂർ ക്രിമറ്റോറിയം-500 ലിറ്റർ, ഷീ ലോഡ്ജ്-2000 ലിറ്റർ എന്നിവിടങ്ങളിൽ പലപ്പോഴായി ആവശ്യപ്പെടുന്നതനുസരിച്ചും ടാങ്കറുകളിൽ വെള്ളമെത്തിക്കുന്നു.
ഇ.എം.എസ് ഫ്ലാറ്റ് നിവാസികൾക്ക് 36,000 ലിറ്റർ വെള്ളമാണ് ദിവസവും എത്തിക്കുന്നത്. ഇവിടേക്ക് ജലവകുപ്പിന്റെ വെള്ളവും എത്തുന്നുണ്ടെന്നതാണ് ജലവിതരണം നിർത്തുന്നതിനുള്ള ന്യായീകരണം.
നാല് സർക്കാർ സ്ഥാപനങ്ങളിലേക്കായി 24,000 ലിറ്റർ വെള്ളം നൽകുന്നുണ്ട്. കോർപറേഷന് വിട്ടുകിട്ടാത്ത ഇവിടേക്കായി നാല് തൊഴിലാളികളെ ഉപയോഗിച്ച് ജലവിതരണം ചെയ്യാൻ 70,000 രൂപ കോർപറേഷന് പ്രതിമാസം െചലവ് വരുന്നുണ്ട്. സർക്കാർ സ്ഥാപനങ്ങളിലെല്ലാം 10 ലക്ഷം സംഭരണശേഷിയുള്ള ജലസംഭരണികൾ ഉണ്ട്. ജലവകുപ്പിന്റെ പമ്പിങ് സംവിധാനങ്ങൾ മെച്ചപ്പെടുത്തിയാൽ പ്രശ്നം പരിഹരിക്കാവുന്നതേ ഉള്ളൂവെന്നാണ് വെള്ളം നിർത്താനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.
കുടിവെള്ള വിതരണം സാങ്കേതികത്വത്തിന്റെ പേരിൽ അവസാനിപ്പിക്കുന്നത് ക്രൂരതയാണെന്ന് പ്രതിപക്ഷ കൗൺസിലർ ജോൺ ഡാനിയൽ പറഞ്ഞു. വാട്ടർ അതോറിറ്റിയുടെ പൈപ്പുകളിൽ കുടിവെള്ളം ലഭ്യമല്ലാത്തതിനാലാണ് വർഷങ്ങളായി ഈ സ്ഥാപനങ്ങളിൽ ടാങ്കറിൽ കുടിവെള്ളം എത്തിക്കുന്നത്.
ഇത് മുന്നറിയിപ്പില്ലാതെ നിർത്തുന്നത് അന്തേവാസികളെ സാരമായി ബാധിക്കും. ബദൽ സംവിധാനം ഒരുക്കാതെ ഏകപക്ഷീയമായി വെള്ളം നിർത്തലാക്കരുത്. കുടിവെള്ളം കൊടുക്കുന്നതിലെ കോർപറേഷന്റെ വിവേചനം അംഗീകരിക്കാനാവില്ലെന്നും ജോൺ ഡാനിയൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.