തൃശൂർ: ലോകസഭ മുന്നൊരുക്കം ചർച്ച ചെയ്യാൻ കോൺഗ്രസ് തൃശൂർ പാർലമെന്റ് കമ്മിറ്റി യോഗം ബുധനാഴ്ച നടക്കും. രാവിലെ 11ന് ഡി.സി.സി ഓഫിസിലാണ് യോഗം. ടി.എൻ. പ്രതാപൻ എം.പിയാണ് യോഗം വിളിച്ചിരിക്കുന്നത്. തൃശൂർ പാർലമെന്റ് മണ്ഡലം കമ്മിറ്റി പരിധിയിലുള്ള എ.ഐ.സി.സി, കെ.പി.സി.സി, ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരോട് യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സി.പി.എം ജനകീയ പ്രതിരോധയാത്രയിലൂടെയും ബി.ജെ.പി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ എത്തിച്ച് ജനശക്തി റാലിയുടെയും പരസ്യപ്രചാരണങ്ങളിലൂടെ ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കത്തിലക്ക് കടന്നുവെങ്കിലും കോൺഗ്രസിൽ അനക്കങ്ങളില്ലാത്തത് ചർച്ചയായിരുന്നു.
കോൺഗ്രസ് നേതൃത്വത്തിൽതന്നെ പരസ്യമായ അഭിപ്രായപ്രകടനങ്ങളും തുടങ്ങിയിരുന്നു. പുനഃസംഘടനക്ക് ശേഷം തെരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് കടക്കുമെന്നായിരുന്നു നേരത്തേ നേതൃത്വം പറഞ്ഞിരുന്നത്. എന്നാൽ, പുനഃസംഘടന വൈകുന്ന സാഹചര്യത്തിൽ പ്രവർത്തനങ്ങളിലേക്ക് കടക്കാൻ നിർദേശമുണ്ടായെന്നാണ് പറയുന്നത്.
2019ൽ ശക്തമായ ത്രികോണ മത്സരത്തിലൂടെയെങ്കിലും 93,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തൃശൂരിൽ വിജയിക്കാനായിരുന്നു. എന്നാൽ, 2019ലെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നതും ബി.ജെ.പി നേരേത്തതന്നെ ഒരുക്കം തുടങ്ങിയെന്നതും മുന്നണികളെ ആശങ്കയിലാക്കുന്നുണ്ട്. സുരേഷ് ഗോപിതന്നെ തൃശൂരിൽ മത്സരിക്കുമെന്ന പരസ്യമായ സൂചന അമിത് ഷാ പങ്കെടുത്ത ജനശക്തി റാലിയിലൂടെ ബി.ജെ.പി നൽകിയിരുന്നു.
താൻ പാർലമെന്റിലേക്ക് മത്സരിക്കാനില്ലെന്ന് ടി.എൻ. പ്രതാപൻ നേരേത്തതന്നെ വ്യക്തമാക്കിയിരുന്നു. കെ.പി.സി.സി വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ വി.ടി. ബൽറാമിനെയാണ് പകരമായി നേതൃത്വം കാണുന്നതെന്നാണ് സൂചന. യോഗം കഴിയുന്നതോടെ ബൂത്ത്തലത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങാമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആത്മവിശ്വാസം.
2019ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷവും ബി.ജെ.പിയും തമ്മിലുള്ള വോട്ടിലെ അന്തരം 40,000ൽ താഴെയാണ്. ഇത് മറികടക്കാൻ പ്രയാസമുള്ളതല്ലെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് അനുഭവങ്ങൾ സൂചിപ്പിക്കുന്നു. അങ്ങനെയുണ്ടായാൽ ഇപ്പോൾ രണ്ടാംസ്ഥാനത്തുള്ളത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുമെന്നത് ഇടതുമുന്നണിയെ ആശങ്കയിലാക്കുന്നു.
മുൻ മന്ത്രിയും എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറിയുമായ കെ.പി. രാജേന്ദ്രൻ, ദേശീയ നേതാവ് ആനി രാജ എന്നിവരാണ് സി.പി.ഐ പരിഗണിക്കുന്നവർ. ഇതിൽ കെ.പി. രാജേന്ദ്രനാണ് കൂടുതൽ സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.