തൃശൂർ: ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരുടെ തെക്കൻ കേരള വിഭാഗത്തിന്‍റെ വാർഷിക പൊതുയോഗത്തിൽ സംഘർഷം. തൃശൂർ എം.ജി റോഡിലുള്ള ശ്രീശങ്കര ഓഡിറ്റോറിയത്തിലായിരുന്നു വാർഷിക പൊതുയോഗം.
പൊലീസ് ഇടപെട്ട് ശാന്തരാക്കിയെങ്കിലും പൊലീസ് സാനിധ്യത്തിലും അംഗങ്ങൾ ചേരിതിരിഞ്ഞ് പോർവിളി മുഴക്കി. ബഹളം വാക്കേറ്റവും കൈയാങ്കളിയിലേക്കും കടന്നതോടെ പൊലീസ് ഇടപെട്ട് യോഗം നിർത്തിവെപ്പിക്കുകയും ചെയ്തു. യോഗം ആരംഭിച്ചയുടൻ സി.ഐ.ടി.യു അനുകൂലികൾ വേദിയുടെ ഒരു ഭാഗത്ത് കൂടി പ്രവേശിപ്പിച്ച് യോഗനടപടികളെ തടസ്സപ്പെടുത്താൻ ശ്രമിച്ചു. ഇതോടെ ബി.എം.എസ് അനുകൂലികളായ ഒരു വിഭാഗം മറ്റൊരു ഭാഗത്ത് കൂടി വേദിയിലേക്ക് പ്രവേശിച്ച് ഇത് ചോദ്യം ചെയ്തു.
തർക്കം വാക്കേറ്റത്തിലേക്കും കസേരകൾ വലിച്ചിടലും എടാ പോടാ വിളികളിലേക്കും ഉന്തും തള്ളിലേക്കുമായി. ഇതോടെ പൊലീസ് ഇടപെട്ട് ശാന്തമാക്കിയെങ്കിലും വൈകാതെ വീണ്ടും പോർവിളിയിലേക്ക് കടന്നു. ബഹളവും പ്രതിഷേധവും ഉന്തും തള്ളുമായതോടെ വീണ്ടും പൊലീസ് ഇടപെട്ട് യോഗം നിർത്താൻ നിർദേശിച്ചു. ഈസ്റ്റ് സി.ഐയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം യോഗ പരിസരത്ത് ഉണ്ടായിരുന്നു. പൊലീസ് നോക്കി നിൽക്കെയും സംഘം ചേർന്ന് മറു ചേരിക്ക് നേരെ കടുത്ത വിമർശനവും അധിക്ഷേപവും പ്രതിനിധികൾ തുടർന്നു.
കോഫി ബോർഡ് സഹകരണ സംഘം അഡ്മിനിസ്ട്രേറ്ററെ ഉപയോഗിച്ച് പിടിച്ചെടുക്കാൻ സി.ഐ.ടി.യു ശ്രമിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് നടത്താൻ ഹൈകോടതി നിർദേശിച്ച് അഡ്മിനിസ്ട്രേറ്ററെ നീക്കിയിരുന്നു. സി.ഐ.ടി.യു വിരുദ്ധ ചേരിയിലുള്ളവരാണ് ഇപ്പോൾ കോഫി ബോർഡ് ഭരണസമിതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.