തൃശൂർ: കൂർക്കഞ്ചേരിയിൽ പൊൻപണം ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തി നിക്ഷേപങ്ങൾ സ്വീകരിച്ച് മുങ്ങിയ പ്രതി അറസ്റ്റിൽ. വടൂക്കര കൊളങ്ങരപ്പറമ്പിൽ പ്രസാദിനെയാണ് (52) നെടുപുഴ ഇൻസ്പെക്ടർ ടി.ജി. ദിലീപും സംഘവും അറസ്റ്റ് ചെയ്തത്. ഇയാൾ നടത്തിവന്ന സ്ഥാപനത്തിൽ കുറികൾ ചേർത്തും നിക്ഷേപങ്ങൾ സ്വീകരിച്ചും വലിയ തുകകൾ കൈപ്പറ്റി തിരിച്ചുകൊടുക്കാതിരിക്കുകയും ആളുകൾ അന്വേഷിച്ചുവന്നപ്പോൾ സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു.
സ്ഥാപനത്തിൽ പണം നിക്ഷേപിച്ച പാലിശേരി സ്വദേശി ഷാജുവിന് 5.25 ലക്ഷം രൂപ കിട്ടാനുണ്ടെന്ന പരാതിയിൽ നെടുപുഴ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവേയാണ് പ്രതി പിടിയിലായത്. ഇത്തരത്തിൽ നിരവധി പേരിൽ നിന്ന് ഇയാൾ പണം കൈപ്പറ്റിയിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് നിരവധി പേർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ചെറിയ തുകകളിലായി കുറി നടത്തി, കുറി പൂർത്തിയാകുമ്പോൾ വരിക്കാർക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് മുഴുവൻ തുകയും സ്ഥാപനത്തിൽ തന്നെ വീണ്ടും നിക്ഷേപിക്കുന്നതാണ് ഇയാളുടെ തട്ടിപ്പുരീതി. സാധാരണക്കാരും കൂലിപ്പണിക്കാരുമാണ് തട്ടിപ്പിൽ കൂടുതലും ഇരയായത്. തട്ടിപ്പിലൂടെ കൈക്കലാക്കിയ തുക മറ്റെവിടെയെങ്കിലും നിക്ഷേപിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് എസ്.എച്ച്.ഒ പറഞ്ഞു. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സബ് ഇൻസ്പെക്ടർമാരായ കെ.ജി. അനിൽ, കെ.ഡി. ബാബു, എ.എസ്.ഐ സുനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രദീഷ് കുമാർ, ശുഭ, സി.പി.ഒ പ്രശാന്ത് എന്നിവരാണ് മറ്റ് അന്വേഷണ സംഘാംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.