പെരുമ്പിലാവ്: കാലിക്കറ്റ് യൂനിവേഴ്സിറ്റി ഡി സോൺ കലോത്സവത്തിനിടെ വിദ്യാർഥി സംഘടന പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കൂട്ടത്തല്ലും. പെരുമ്പിലാവ് അൻസാർ കോളജ് കാമ്പസിലും സ്കൂൾ ഗ്രൗണ്ടിലുമാണ് മുൻവൈരാഗ്യത്തിന്റെ പേരിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. സംഘാടനം ഒരു വിഭാഗം മാത്രം കൈയടക്കിയതിൽ പ്രതിഷേധിച്ചും വിദ്യാർഥികൾ തമ്മിൽ സംഘട്ടനം ഉണ്ടായി. എം.എസ്.എഫ് പ്രവർത്തകർ മേളയുടെ മുഴുവൻ ചുമതലയും കൈയടക്കിയെന്ന് കെ.എസ്.യു നേതാക്കൾ ആരോപിച്ചു.
കെ.എസ്.യു-എം.എസ്.എഫ് സംഘടനകളിലെ വിദ്യാർഥികൾ തമ്മിലാണ് ഏറ്റുമുട്ടിയത്. കൂടാതെ, പഴഞ്ഞി എം.ഡി കോളജ് വിദ്യാർഥികൾ ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് വിദ്യാർഥിയെ മർദിച്ചത് കാരണം വേദികളിൽ മത്സരം തുടങ്ങാൻ തടസ്സം നേരിട്ടു.
സമാപന ദിനമായ തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് ആദ്യം സംഘട്ടനം ഉണ്ടായത്. പിന്നീട് പലയിടത്തും വിദ്യാർഥി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സംഘട്ടനത്തിൽ പരിക്കേറ്റ രണ്ട് വിദ്യാർഥികളെ കുന്നംകുളത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ വർഷം കൂട്ടത്തല്ല് ഉണ്ടായതിന്റെ പേരിൽ ഇക്കുറി വൻ പൊലീസ് സുരക്ഷയിലാണ് മത്സരം നടന്നിരുന്നത്. കുന്നംകുളം അസി. പൊലീസ് കമീഷണർ സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ നിരീക്ഷണവും നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.