തൃശൂർ: 38 ഡിഗ്രി സെൽഷ്യസിനുമേൽ ചൂട്. പകൽ പുറത്തിറങ്ങിയാൽ ദേഹം തുളച്ചിറങ്ങുന്ന തീക്കാറ്റ്. പാടങ്ങളും കുടിനീരിടങ്ങളും ഉറവകളും വറ്റിവരണ്ടുകിടക്കുന്നു. തൃശൂർ നഗരത്തിലും ജില്ലയിലെ മുഴുവൻ ഗ്രാമപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും ഒക്കെ ഇതുതന്നെയാണ് സ്ഥിതി. പൊള്ളുന്ന ചൂടിനെ ഭയന്ന് പകൽ ആളുകൾ പുറത്തിറങ്ങാൻ മടിക്കുകയാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി 36, 37, 38 ഡിഗ്രി സെൽഷ്യസ് എന്ന ക്രമത്തിൽ ജില്ലയിൽ താപനില ഉയർന്നുയർന്ന് വരികയാണ്. ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിനും മുകളിലാണ് താപനില. 40നടുത്ത് ചൂട് ഉയർന്ന സ്ഥലങ്ങൾ പോലുമുണ്ട്. സാധാരണ ദിവസങ്ങളേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തേ മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു. മുന്നറിയിപ്പുകൾക്കെല്ലാം മുകളിലാണ് ഇപ്പോൾ സ്ഥിതി. അതികഠിനമായ ചൂടാണ് എല്ലായിടത്തും. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ചൂടു മൂലമുള്ള അസ്വസ്ഥതകൾ വർധിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും അറിയിക്കുന്നു. ജില്ലയിലെ ജലാശയങ്ങളും കുടിനീരിടങ്ങളും പാടങ്ങളും ഒക്കെ വറ്റിവരണ്ടു.
ഇത്തവണ ജനുവരി മുതൽ തന്നെ ചൂട് ശക്തമായിരുന്നു. ഫെബ്രുവരിയിൽ വീണ്ടും ശക്തമായി. മാർച്ച് ആദ്യവാരം തന്നെ മുൻവർഷങ്ങളെക്കാൾ ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. ഇക്കണക്കിന് പോയാൽ ഏപ്രിൽ, മേയ് മാസങ്ങളിലെ മധ്യവേനൽ എങ്ങനെ അതിജീവിക്കും എന്നാണ് ആളുകൾ ചോദിക്കുന്നത്. ഇപ്പോൾ തന്നെ പലയിടത്തും 38 ഡിഗ്രി സെൽഷ്യസിനുമേലാണ് ചൂട്. വേനൽ കനക്കുന്നതോടെ സ്ഥിതി ഇനിയും മാറും.
ജില്ലയിലെ മലയോര മേഖലയാണ് കൂടുതൽ പ്രതിസന്ധിയിലാകുക. വനത്തിനുള്ളിലെ കുടിനീരിടങ്ങൾ വറ്റിയുണങ്ങിയതോടെ വെള്ളം തേടി വന്യമൃഗങ്ങൾ കാടിറങ്ങിയെത്തും എന്ന ഭീതിയിലാണ് മലയോര ഗ്രാമങ്ങൾ. ചൂട് കൂടിയതോടെ കാട്ടുതീയും പ്രതിസന്ധി തീർക്കുന്നുണ്ട്.
കുടിവെള്ള പ്രശ്നവും വരുംദിവസങ്ങളിൽ രൂക്ഷമാകാൻ സാധ്യതയുണ്ട്. വേനൽ സംബന്ധമായ രോഗങ്ങളും ആളുകൾക്കിടയിൽ വർധിക്കാനും കടുത്ത വേനൽ ഇടയാക്കും. അതേസമയം, വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ല ദുരന്ത നിവാരണ അതോറിറ്റി കലക്ടറുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നു. ജോലി സ്ഥലങ്ങളിൽ ജലലഭ്യത ഉറപ്പുവരുത്തണമെന്നും സൂര്യാതപം ഏൽക്കാനിടയുള്ള തൊഴിലുകളിൽ പകൽ 11 മുതൽ മൂന്ന് വരെ വിശ്രമം അനുവദിക്കുന്ന തരത്തിൽ തൊഴിൽസമയം ക്രമീകരിച്ചത് കൃത്യമായി നടപ്പിലാക്കുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്നും കലക്ടർ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തൊഴിലാളികൾക്കായി വിശ്രമസ്ഥലം, ശുദ്ധമായ വെള്ളം എന്നിവ ലഭ്യമാക്കാനും അതിഥി തൊഴിലാളികൾക്ക് ബോധവത്കരണം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
പൊതുസ്ഥലങ്ങളിൽ ചപ്പുചവറുകളും മറ്റു മാലിന്യങ്ങളും കൂട്ടിയിട്ട് കത്തിച്ചാൽ നടപടിയുണ്ടാകും. ഉപേക്ഷിക്കപ്പെട്ട ജലസ്രോതസുകൾ ഉപയോഗ യോഗ്യമാക്കാൻ പരിശാധന നടത്തും. സൂര്യാഘാതം സംബന്ധിച്ച ബോധവത്കരണ കാമ്പയിനുകൾ നടത്തും. പൊതുജനങ്ങൾക്ക് കുടിവെള്ളം ഉറപ്പുവരുത്തും. കുടിവെള്ള സംരക്ഷണവുമായി ബന്ധപ്പെട്ടും വേനൽക്കാല രോഗങ്ങളെ കുറിച്ച് അവബോധം നൽകാനും ബോധവത്കരണ കാമ്പയിനുകൾ നടത്തും. വാട്ടർബെൽ സംവിധാനം മുഴുവൻ വിദ്യാലയങ്ങളും നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. ഡാമുകളിൽ നിന്നും തുറന്നുവിട്ട ജലം കൃത്യമായി കുടിവെള്ളം, കൃഷി എന്നീ ആവശ്യങ്ങള്‍ക്ക് എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. വന്യജീവികൾക്ക് കാട്ടിൽ തന്നെ കുടിവെള്ളം ലഭ്യമാക്കാൻ നടപടിയെടുക്കും.
കനത്ത ചൂടിൽ നിന്നും രക്ഷനേടാൻ കുട ചൂടി പോകുന്ന അമ്മമാർ. തൃശൂർ റീജനൽ തിയറ്റർ റോഡിൽനിന്നുള്ള ദൃശ്യം -ടി.എച്ച്. ജദീർ
വരൾച്ചയുടെ വഴിയിൽ ഷോളയാറും പെരിങ്ങൽകുത്തും
തൃശൂർ: ജില്ലയിലെ രണ്ട് പ്രധാന അണക്കെട്ടുകളാണ് ഷോളയാറും പെരിങ്ങൽകുത്തും. തൃശൂർ-പാലക്കാട് ജില്ലകളുടെ അതിർത്തിയിലായി തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് ഷോളയാർ. കഴിഞ്ഞ ഒക്ടോബർ ഷോളയാർ ഡാമിലെ ജലനിരപ്പ് 2662.10 അടിയായി ഉയർന്നതിനെ തുടർന്ന് ഇവിടെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നിലവിൽ 2646 അടി ജലമാണ് സംഭരണിയിൽ ഉള്ളത്. സംഭരണ ശേഷിയുടെ 73.13 ശതമാനം ജലമാണ് ഇപ്പോൾ ഷോളയാറിൽ ഉള്ളതെന്ന് കെ.എസ്.ഇ.ബി അധികൃതർ പറയുന്നു. വരും ദിവസങ്ങളിൽ ചൂട് കനക്കുന്നതോടെ ജലത്തിന്റെ അളവിൽ വീണ്ടും മാറ്റംവരും. അതിരപ്പിള്ളി പഞ്ചായത്തിലാണ് പെരിങ്ങൽകുത്ത് അണക്കെട്ടുള്ളത്.
424 മീറ്റർ ആണ് ഇവിടുത്തെ പരമാവധി ജലസംഭരണ ശേഷി. എന്നാൽ, ഇവിടെ നിലവിൽ 416.65 മീറ്റർ ജലമാണ് ഉള്ളത്. നിലവിലെ സംഭരണം ഏതാണ്ട് 40.92 ശതമാനമാണ്. ചെറുതും വലുതുമായ മറ്റ് ഡാമുകളുടെയും അവസ്ഥ ഇതുതന്നെ.
തൃശൂർ: ജില്ലയിലെ രണ്ട് പ്രധാന അണക്കെട്ടുകളാണ് ഷോളയാറും പെരിങ്ങൽകുത്തും. തൃശൂർ-പാലക്കാട് ജില്ലകളുടെ അതിർത്തിയിലായി തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് ഷോളയാർ. കഴിഞ്ഞ ഒക്ടോബർ ഷോളയാർ ഡാമിലെ ജലനിരപ്പ് 2662.10 അടിയായി ഉയർന്നതിനെ തുടർന്ന് ഇവിടെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നിലവിൽ 2646 അടി ജലമാണ് സംഭരണിയിൽ ഉള്ളത്. സംഭരണ ശേഷിയുടെ 73.13 ശതമാനം ജലമാണ് ഇപ്പോൾ ഷോളയാറിൽ ഉള്ളതെന്ന് കെ.എസ്.ഇ.ബി അധികൃതർ പറയുന്നു. വരും ദിവസങ്ങളിൽ ചൂട് കനക്കുന്നതോടെ ജലത്തിന്റെ അളവിൽ വീണ്ടും മാറ്റംവരും. അതിരപ്പിള്ളി പഞ്ചായത്തിലാണ് പെരിങ്ങൽകുത്ത് അണക്കെട്ടുള്ളത്.
424 മീറ്റർ ആണ് ഇവിടുത്തെ പരമാവധി ജലസംഭരണ ശേഷി. എന്നാൽ, ഇവിടെ നിലവിൽ 416.65 മീറ്റർ ജലമാണ് ഉള്ളത്. നിലവിലെ സംഭരണം ഏതാണ്ട് 40.92 ശതമാനമാണ്. ചെറുതും വലുതുമായ മറ്റ് ഡാമുകളുടെയും അവസ്ഥ ഇതുതന്നെ.
കനത്ത വെയിലിൽനിന്ന് രക്ഷപ്പെടാൻ തലയിൽ തൂവാല കുടയാക്കി വരുന്ന ആൾ
മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി
തൃശൂർ: ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിക്ക് സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. രാവിലെ 10 മുതൽ വൈകുന്നേരം മൂന്ന് വരെ ഉയർന്ന അൾട്രാ വയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു.
ചൊവ്വാഴ്ചത്തെ കണക്കു പ്രകാരം തൃശൂരിൽ അൾട്രാ വയലറ്റ് ഇൻഡക്സ് അഞ്ചാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊല്ലം ജില്ലയിൽ ഇത് ഒമ്പത് കടന്നു എന്നത് ഏറെ ഭീതി ഉയർത്തുന്നു. പകൽ സമയത്ത് ഒരു കാരണവശാലും ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കാതെ നോക്കണം എന്ന് മുന്നറിയിപ്പ് നൽകുന്നു. സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കടുത്ത വേനലിനെ അതിജീവിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
വെയിലിൽ പഴങ്ങൾ വാടാതിരിക്കാൻ വെള്ളം തളിക്കുന്ന കച്ചവടക്കാരൻ
പ്രധാന മാർക്കറ്റുകൾ, കവലകൾ, ബസ് സ്റ്റാൻഡ് തുടങ്ങി ആളുകൾ കൂടുതൽ സമയം ചെലവഴിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ തണ്ണീർ പന്തലുകൾ സ്ഥാപിക്കണം. കൂടുതൽ അപകട സാധ്യതയുള്ള ഇടങ്ങളിൽ ശരീരം തണുപ്പിക്കാൻ ശീതീകരിച്ച കെട്ടിടങ്ങൾ ഉൾപ്പെടെ സജ്ജമാക്കണം. എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാപ്യമായ രീതിയിലായിരിക്കണം ഇവ ഒരുക്കേണ്ടത്. ശുദ്ധമായ കുടിവെള്ള ലഭ്യത എല്ലായിടത്തും ഉറപ്പാക്കണം. ചൂട് മൂലമുള്ള അപകട സാധ്യതകളെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.