ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ തൃശൂരിൽ നടന്ന മഹിള സമ്മേളനം ‘സ്ത്രീശക്തി മോദിക്കൊപ്പം’ സദസ്സിലെ പ്രവർത്തകരുടെ
ആവേശം
തൃശൂർ: തൃശൂരിനെ ഇളക്കിമറിച്ച് പ്രധാനമന്ത്രിയുടെ റോഡ്ഷോ, തേക്കിൻകാടിനെ വനിതാസാഗരമാക്കിയ സ്ത്രീസാന്നിധ്യവും അവരെ ആവേശത്തിലാക്കിയ മുക്കാൽ മണിക്കൂർ നീണ്ട പ്രസംഗവും...ആഴ്ചകൾക്ക് മുമ്പേ മാത്രം തീരുമാനിച്ച നരേന്ദ്രമോദിയുടെ സന്ദർശനവും സ്ത്രീ സമ്മേളനവും ബി.ജെ.പി ക്യാമ്പിനെ ഉണർത്തി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേരത്തെ തന്നെ അമിത്ഷാ പങ്കെടുത്ത യോഗത്തിൽ നിർദേശം നൽകിയിരുന്നു.
ഇതിന്റെ ഭാഗമായി ദേശീയനേതാക്കളുടെ നിരന്തരസാന്നിധ്യമുണ്ടായിരുന്നുവെങ്കിലും ചേരിപ്പോരിൽ കുഴഞ്ഞു കിടക്കുകയായിരുന്നു ബി.ജെ.പി നേതാക്കളെയും പ്രവർത്തകരെയും ഉണർത്തുന്നതായി മോദിയുടെ സന്ദർശനം. സംസ്ഥാന നേതൃത്വുമായി ഇടഞ്ഞുനിൽക്കുന്ന ശോഭാ സുരേന്ദ്രനെയടക്കം വേദിയിൽ പങ്കെടുപ്പിക്കുകയും പ്രസംഗിപ്പിക്കുകയും ചെയ്തതും പാർട്ടിയുമായി അകന്ന് കഴിഞ്ഞിരുന്ന നിരവധി പേരെ പരിപാടിയിലേക്ക് എത്തിച്ചതിലൂടെ വീണ്ടും സജീവമാക്കാൻ കഴിഞ്ഞതും നേട്ടമാണ്.
എട്ട് ജില്ലകളിൽ നിന്നായിരുന്നു പരിപാടിക്കായി വനിതകളുടെ പ്രാതിനിധ്യം തൃശൂരിലേക്കെത്തിച്ചത്. രണ്ട് ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും കാൽ ലക്ഷത്തിലധികം ആളുകളാണ് എത്തിയതെന്നാണ് കണക്കുകൂട്ടൽ. അതോടൊപ്പം തേക്കിൻകാടിന്റെ വിവിധയിടങ്ങളിലും റോഡ് ഷോ നടന്ന സ്വരാജ് റൗണ്ടിന്റെ പരിസരങ്ങളിലുമായും ആയിരക്കണക്കിന് പൊതുജനങ്ങളെയും എത്തിക്കാൻ കഴിഞ്ഞതും ബി.ജെ.പിയുടെ നേട്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.