മഹേഷ്
തൃശൂർ: ദിവാൻജിമൂലയിൽ അന്തർ സംസ്ഥാന യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം കുരിയാത്തി മുടുമ്പിൽ വീട്ടിൽ മഹേഷാണ് (38) അറസ്റ്റിലായത്. ആന്ധ്രപ്രദേശ് സ്വദേശി ബോയ രാമകൃഷ്ണക്കാണ് (36) വെട്ടേറ്റത്. കഴുത്തിനും കൈക്കും വെട്ടേറ്റ ബോയ രാമകൃഷ്ണ മുളങ്കുന്നത്തുകാവ് മെഡി. കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
ശനിയാഴ്ച രാത്രി എട്ടോടെ പൂത്തോളിലെ ബാറിന് സമീപമായിരുന്നു സംഭവം. വാക്തർക്കത്തിനിടെയാണ് കത്തിയുപയോഗിച്ച് മഹേഷ് ബോയ രാമകൃഷ്ണയെ ആക്രമിച്ചത്. ബോയ വെട്ടേറ്റ് നിലത്ത് വീണതോടെ മഹേഷ് രക്ഷപ്പെടുകയായിരുന്നു.
സി.സി ടി.വി കേന്ദ്രീകരിച്ച അന്വേഷണത്തിൽ രാത്രിയോടെതന്നെ ഇയാളെ പൊലീസ് പിടികൂടി. ഏറെ നാളായി തൃശൂർ കേന്ദ്രീകരിച്ചാണ് മഹേഷ് കഴിയുന്നത്. ഇയാൾക്കെതിരെ തൃശൂർ ഈസ്റ്റ്, നെടുപുഴ, ഗുരുവായൂർ ടെമ്പിൾ, തമ്പാനൂർ, വഞ്ചിയൂർ, മഞ്ചേരി, റെയിൽവേ പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകം, പിടിച്ചുപറി കേസുകളുണ്ടെന്നും സ്ഥിരം അക്രമകാരിയാണെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഗുണ്ടസംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾ കുത്തേറ്റ് കൊല്ലപ്പെട്ട ദിവാൻജിമൂലയിൽതന്നെയാണ് വീണ്ടും കൊലപാതക ശ്രമമുണ്ടായത്. ശനിയാഴ്ച രാത്രിയിൽതന്നെ ദിവാൻജിമൂല പൂത്തോൾ റോഡിൽ മദ്യപിച്ച് റോഡിൽ അക്രമാസക്തനായ യുവാവിനെയും പൊലീസ് പിടികൂടിയിരുന്നു.
നഗരത്തിൽ തുടർച്ചയായി സംഘർഷവും കൊലപാതകശ്രമവുമുണ്ടായ സാഹചര്യത്തിൽ രാത്രികാല പട്രോളിങ് ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.