കെ.എ.യു തേജസ്വിനി, കെ.എ.യു സൗഗന്ധിക, കെ.എ.യു മേധ, കെ.എ.യു ഗോൾഡൻ ഫിംഗർ, കെ.എ.യു കൊച്ചിൻ പ്രൈഡ്
തൃശൂർ: കേരളത്തിന്റെ കാലാവസ്ഥക്ക് അനുയോജ്യമായതും അധികവിളവ് തരുന്നതുമായ അഞ്ച് പുതിയ വിളയിനങ്ങൾ കേരള കാർഷിക സർവകലാശാല പുറത്തിറക്കി. കെ.എ.യു തേജസ്വിനി (മുളക്), കെ.എ.യു മേധ (ബ്രഹ്മി), കെ.എ.യു സൗഗന്ധിക (രാമച്ചം), കെ.എ.യു കൊച്ചിൻ പ്രൈഡ് (ഇഞ്ചി), കെ.എ.യു ഗോൾഡൻ ഫിംഗർ (മഞ്ഞൾ) എന്നിവയാണിവ.
കെ.എ.യു തേജസ്വിനി മുളക് വെള്ളായണി കാർഷിക കോളജിലെ വെജിറ്റബിൾ സയൻസ് ഡിപ്പാർട്ടമെന്റ് മേധാവിയും അസോസിയേറ്റ് പ്രഫസറുമായ ഡോ. എസ്. ശാരദ വികസിപ്പിച്ചെടുത്തതാണ്. കുറ്റിച്ചെടിയായി വളരുന്നതും നീളമുള്ള കായ്കൾ തരുന്നതും ഉയർന്ന വിളവ് നൽകുന്നതുമാണ്. ഇടത്തരം എരിവുള്ള ഇതിന് വൈറസ് രോഗങ്ങളെയും വാട്ടരോഗത്തെയും പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. ഹെക്ടറിന് ശരാശരി 32.50 ടൺ ആണ് വിളവ്.
സുഗന്ധവിളയായ ബ്രഹ്മി ഓടക്കാലി ഔഷധസസ്യ ഗവേഷണ കേന്ദ്രം മേധാവി ഡോ. ആൻസി ജോസഫ് ആണ് പുറത്തിറക്കിയത്. മികച്ച ഉൽപാദന ശേഷിയും ഉയർന്ന ബാക്കോസൈഡ് അളവുമാണ് പ്രത്യേകതകൾ. മണ്ണിൽ പടർന്നുവളരുന്ന ചെടിയുടെ തണ്ടുകളിൽ വളർച്ചയുടെ 80ാം ദിവസമാകുമ്പോഴേക്കും പിഗ്മെന്റേഷൻ പ്രകടമാകും. നല്ല സൂര്യപ്രകാശമുള്ള തുറസ്സായ സ്ഥലങ്ങളിൽ ഹെക്ടറിന് 34-36 ടൺ വിളവും ഉണക്കിയെടുത്താൽ 5-6 ടൺ വിളവും ലഭിക്കും.
ഡോ. ആൻസി ജോസഫ് പുറത്തിറക്കിയ രാമച്ചം ഇനമാണ് കെ.എ.യു സൗഗന്ധിക. ഉയർന്ന അളവിൽ എസ്സെൻഷ്യൽ ഓയിൽ അടങ്ങിയ രാമച്ച ഇനമാണ്. വേരുകൾക്ക് നല്ല കനവും സുഗന്ധവും നീളവുമുള്ളതിനാൽ ഹെക്ടറിന് 6.1- 7.8 ടൺ വരെ ഉണക്കവേര് വിളവായി ലഭിക്കുന്നു.
വെള്ളാനിക്കര കാർഷിക കോളജിലെ പ്ലാന്റേഷൻ ക്രോപ്സ് ആൻഡ് സ്പൈസസ് ഡിപ്പാർട്ട്മെന്റിൽ അസി. പ്രഫസറായ ഡോ. നായർ സുനിൽ അപ്പുക്കുട്ടൻ വികസിപ്പിച്ച ഇഞ്ചി ഇനമാണ് കെ.എ.യു കൊച്ചിൻ പ്രൈഡ്. ഉയർന്ന അളവിൽ സിൻജിബെറിൻ, അന്നജം, മികച്ച വിളവ് എന്നിവയോടൊപ്പം കൊച്ചിൻ ഇഞ്ചിയുടെ തനതായ എരിവും മണവും ഇതിനുണ്ട്. വിളയുടെ കാലയളവ് 240-245 ദിവസങ്ങളാണ്. ഇത് ഇഞ്ചിയുടെ റൈസോം റോട്ട് എന്ന രോഗത്തെ പ്രതിരോധിക്കുന്നു. തെങ്ങിൻതോപ്പുകളിൽ തനിവിളയായോ ഇടവിളയായോ വളർത്താം. ചുക്ക് ഉൽപാദനത്തിനായി ഇടുക്കി, കോട്ടയം ജില്ലകളിൽ കൃഷി ചെയ്യാൻ ഈ ഇനം ശിപാർശ ചെയ്യുന്നുണ്ട്.
ഡയറക്ടറേറ്റ് ഓഫ് അരീക്കനട്ട് ആൻഡ് സ്പൈസസ് ഡെവലപ്മെന്റ് കോഴിക്കോടിന്റെ സാമ്പത്തിക സഹായത്തോടെ ഡോ. നായർ സുനിൽ അപ്പുക്കുട്ടൻ വികസിപ്പിച്ച കെ.എ.യു ഗോൾഡൻ ഫിംഗർ മഞ്ഞൾ ഇനം ഉയർന്ന കുർക്കുമിൻ അടങ്ങിയ തനത് ആലപ്പി ഫിംഗർ മഞ്ഞളാണ്. ഉള്ളിൽ നല്ല കടുംഓറഞ്ച് നിറമുണ്ട്.
കയറ്റുമതിക്ക് അനുയോജ്യമായ രീതിയിൽ നല്ല വണ്ണമുള്ള മഞ്ഞൾ കിഴങ്ങുകളാണ് ഇത് ഉൽപാദിപ്പിക്കുന്നത്. ഹെക്ടറിന് ശരാശരി 39-42 ടൺ പച്ചമഞ്ഞൾ ഇതിൽനിന്ന് ലഭിക്കും. കോട്ടയം ജില്ലയിൽ കൃഷി ചെയ്യാൻ ഈ ഇനം ശിപാർശ ചെയ്യുന്നു. കാര്‍ഷിക ഉല്പാദന കമീഷണറും കൃഷി പ്രിന്‍സിപ്പൽ സെക്രട്ടറിയുമായ ടിങ്കു ബിസ്വാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കമ്മിറ്റിയാണ് പുതിയ ഇനങ്ങള്‍ പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.