തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ കോൺഗ്രസിനെ എട്ട് തവണ തുണച്ച മണ്ഡലമാണ് തൃശൂർ. ഇത്തവണ കനത്ത പോരാട്ടാണ് തൃശൂരിൽ നടക്കുക. കോൺഗ്രസിനും യു.ഡി.എഫിനും അടത്തറയുണ്ടായിരുന്ന മണ്ഡലമാണിത്. തൃശൂരിൽനിന്ന ഏറ്റവുമധികം തവണ നിയസഭയിൽ എത്തിയത് തേറമ്പിൽ രാമകൃഷ്ണനാണ്. ആറ് തവണയാണ് അദ്ദേഹം വിജയക്കൊടി നാട്ടിയത്. സംസ്ഥാനത്തെ ആദ്യത്തെ ആരോഗ്യ മന്ത്രിയും ഭിഷഗ്വരനുമായിരുന്നു അമ്പാട്ട് രാവുണ്ണി മേനോൻ എന്ന എ.ആർ. മേനോനായിരുന്നു ആദ്യം തൃശൂരിനെ പ്രതിനിധീകരിച്ചത്. സ്വതന്ത്രനായിട്ടാണ് വിജയിച്ചത്.
1960ൽ ടി.എ. ധർമരാജ അയ്യർ കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചു. കമ്യൂണിസ്റ്റ് പ്രവർത്തകനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന കെ.എസ്. നായർ എന്ന കെ. ശേഖരൻ നായർ 1967ൽ ചെങ്കൊടി നാട്ടി. 1970ൽ തൃശൂർനിന്ന് നിയമസഭാംഗമായത് ജോസഫ് മുണ്ടശ്ശേരി എന്ന മുണ്ടശ്ശേരി മാസ്റ്ററാണ്. മലയാളത്തിലെ സാഹിത്യകാരനും സാഹിത്യനിരൂപകനുമായിരുന്ന അദ്ദേഹം. 1957ലെ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായിരുന്നു മുണ്ടശ്ശേരി. 1972 മുതൽ 1977 വരെ കോൺഗ്രസ് നേതാവാണ് പി.എ. ആന്റണിയായിരുന്നു തൃശൂരിനെ പ്രതിനിധീകരിച്ചത്.
1977ൽ ജനത പാർട്ടി നേതാവ് കെ.ജെ. ജോർജാണ് വിജയിച്ചത്. 1980ൽ സി.പി.എം നേതാവായ എം.കെ. കണ്ണൻ വിജിയച്ചു. 1980 മുതൽ 1982 വരെ അദ്ദേഹം മണ്ഡലത്തെ പ്രതിനിധീകരിച്ചു. പിന്നീട് അഭിഭാഷകനും മികച്ച രാഷ്ട്രീയ നേതാവുമായ തേറമ്പിൽ രാമകൃഷ്ണന്റെ തേരോട്ടമായിരുന്നു. 1982, 1991, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിൽ ആറ് തവണയാണ് തെരഞ്ഞെടുത്തത്. 1987ൽ മാത്രമാണ് സി.പി.എമ്മിലെ ഇ.കെ. മേനോൻ അട്ടിമറി വിജയം നേടിയത്.
2016ൽ വി.എസ്. സുനിൽ കുമാർ മണ്ഡലം ഇടതുപക്ഷത്തേക്ക് അടുപ്പിച്ചു. 2021ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പത്മജ വേണുഗോപാലിനെ 946 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പി. ബാലചന്ദ്രൻ നിയമസഭയിലേക്ക് എത്തിയത്. ഇത്തവണ സി.പി.ഐ കളത്തിലിറക്കിയത് കേരളത്തിന്റെ സാംസ്കാരിക മുഖവും കവിയും എഴുത്തുകരാനുമായ ലീലാകൃഷ്ണനെയാണ്. സാംസ്കാരിക തലസ്ഥാനം ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. കോൺഗ്രസ് പാരമ്പര്യത്തിൽനിന്ന് ബി.ജെ.പിയിലേക്ക് ചുവടുമാറിയ പത്മജയാണ് എൻ.ഡി.എ സ്ഥാനാർഥി. യു.ഡി.എഫ് സ്ഥാനാർഥി മുൻ മേയർ രാജൻ പല്ലൻ ആയിരിക്കുമെന്നാണ് പ്രതീക്ഷ. തൃശൂർ മുനിസിപ്പൽ കോർപറേഷന്റെ അഞ്ചാമത്തെ മേയറായിരുന്നു അദ്ദേഹം. തൃശൂരിലെ തെരഞ്ഞെടുപ്പ് പോരാട്ടം ഇക്കുറിയും തീപാറുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.