കേരള ലളിതകല അക്കാദമിയില്‍ നടക്കുന്ന ചിരട്ടയില്‍
ഒരുക്കിയ ചിത്രപ്രദര്‍ശനം കാണുന്നവർ
തൃശൂര്‍: പഴയകാലത്ത്, ഒരു 90 കാലഘട്ടം വരെയുണ്ടായിരുന്ന പല വസ്തുക്കളും രുചികളും കളികളും സ്കൂള്‍ ഓര്‍മകളുമെല്ലാം ഗൃഹാതുരത്വം ഉണര്‍ത്തുന്നതാണ്. കാലം കടന്നുപോയപ്പോള്‍ വിസ്മൃതിയില്‍ ആണ്ടുപോയ അവയെ ചിത്രരൂപത്തില്‍ പുനരാവിഷ്കരിച്ചിരിക്കുകയാണ് ശ്രീജ കളപ്പുരക്കല്‍ എന്ന കലാകാരി. പതിവില്‍നിന്ന് വ്യത്യസ്തമായി കാന്‍വാസ് ഉപയോഗിക്കാതെ ചിരട്ടയിലൂടെയാണ് പഴയകാല ഓര്‍മകള്‍ക്ക് ശ്രീജ പുതുവെളിച്ചം നല്‍കിയത്. കേരള ലളിതകല അക്കാദമിയിലാണ് ഈ വേറിട്ട ചിത്രപ്രദര്‍ശനം.
മുളകുപൊടിയും ഉപ്പും പുരട്ടിയ പച്ചമാങ്ങ, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ശുപ്പാണ്ടി, ലുട്ടാപ്പി, ചുവന്ന തപാൽ പെട്ടി, പഴയകാലത്തെ തീവണ്ടി എന്ജിന്, മഷി പേന, പണ്ടത്തെ സൈക്കിള്‍, പഴയ കെ.എസ്.ആര്.ടി.സി ബസ്, ചീനവല തുടങ്ങിയവയാണ് ചിരട്ടയില്‍ ഒരുക്കിയ ചിത്രങ്ങള്‍. ചിരട്ടയുടെ ഉള്‍വശത്താണ് അതിസൂക്ഷ്മവും സങ്കീര്‍ണതയും നിറഞ്ഞ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്.
ഇത്തരത്തില്‍ 350ലധികം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. കല്ലുകള്‍, തൂവലുകള്‍, ചിപ്പികള്‍ തുടങ്ങിയവയില്‍ ശ്രീജ മുമ്പ് ചിത്രം വരച്ചിരുന്നു. പ്രകൃതിദത്തമായ മറ്റൊരു വസ്തുവില്‍ തന്നെ അടുത്ത ചിത്രപരീക്ഷണവും നടത്താനാണ് ആലോചന.
ലിംക ബുക്ക് ഓഫ് റെക്കോഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ്, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ‘ശരറാന്തല്‍’ എന്ന പേരില്‍ നടക്കുന്ന ചിരട്ട ചിത്രപ്രദര്‍ശനം ആര്‍ടിസ്റ്റ് മദനന് ഉദ്ഘാടനം ചെയ്തു. രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെ പ്രദര്‍ശനം കാണാം. വ്യാഴാഴ്ച സമാപിക്കും. പ്രവേശനം സൗജന്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.