തൃശൂർ: ചേർപ്പിലും കരുവന്നൂരിലും ഫാമിലെ പന്നികൾക്ക് ആഫ്രിക്കൻ പന്നിപ്പനി പടരാനിടയായത് എവിടെ നിന്നെന്ന് അന്വേഷിച്ച് മൃഗസംരക്ഷണ വകുപ്പ്. വയനാട് മാനന്തവാടിയിലെ പന്നി ഫാമിലാണ് കഴിഞ്ഞ ജൂലൈയിൽ സംസ്ഥാനത്ത് ആദ്യമായി രോഗം കണ്ടെത്തിയത്.
മൂന്നുമാസത്തിനകം ചേർപ്പിലുമെത്തി. മിസോറം, മണിപ്പൂർ, നാഗാലാൻഡ് എന്നിവിടങ്ങളിൽ ആഫ്രിക്കൻ പന്നിപ്പനിയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടുവർഷത്തിനിടെ അസമിൽ 40,159 പന്നികൾ രോഗം ബാധിച്ച് ചത്തു.
സംസ്ഥാനത്ത് കോഴിക്കോടും വയനാടും തൃശൂരിലുമായി ആയിരക്കണക്കിന് പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കി. കരുവന്നൂരിൽ പന്നികൾക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയിൽ 10 കേന്ദ്രങ്ങൾ നിരീക്ഷണ പരിധിയിലുൾപ്പെടുത്തി. കോഴിക്കോടും മലപ്പുറവും നിരീക്ഷണ പരിധിയിലുണ്ട്.
എങ്ങനെയാണ് ആഫ്രിക്കൻ പന്നിപ്പനി കരുവന്നൂരിലെ ഫാമിലെത്തിയതെന്ന് വ്യക്തമായിട്ടില്ല. സംസ്ഥാനത്ത് വൻതോതിൽ പന്നികളെ കൊണ്ടുവരുകയും വളർത്തുകയും കൊണ്ടുപോവുകയും പന്നി മാംസം വിനിയോഗിക്കുകയും ചെയ്യുന്ന അങ്കമാലി മേഖലയിലാവട്ടെ ഈ ആശങ്കയില്ലെന്നതാണ് മൃഗസംരക്ഷണ വകുപ്പിനെയും ആരോഗ്യ വകുപ്പിനെയും ആശയക്കുഴപ്പത്തിലാക്കുന്നത്.
കരുവന്നൂരിലെ ഒരു ഫാമിലെ മാത്രം ഇരുന്നൂറിലധികം പന്നികളെയാണ് കഴിഞ്ഞദിവസം കൂട്ടത്തോടെ കൊന്നൊടുക്കിയത്. നിരീക്ഷണത്തിലുള്ള മറ്റ് ഫാമുകളിലെ പന്നികളുടെ സാമ്പിൾ അടുത്തദിവസങ്ങളിൽ പരിശോധിക്കും.
ഇതര സംസ്ഥാനങ്ങളിൽനിന്ന് പന്നിയോ പന്നിയിറച്ചിയോ കൊണ്ടുവരാൻ പാടില്ലെന്ന നിർദേശമുണ്ടായിരിക്കെയാണ് കേരളത്തിൽ പന്നിപ്പനി സ്ഥിരീകരിക്കുന്നത്. വൈറസുകൾ വഴിയാണ് രോഗബാധയേൽക്കുന്നത്.
മനുഷ്യനിലേക്ക് പടരുന്ന വൈറസ് അല്ല എന്നതാണ് ആശ്വാസം. ഫലപ്രദമായ ചികിത്സയോ വാക്‌സിനോ നിലവിലില്ല. രോഗം ബാധിച്ചാൽ കൊന്നാടുക്കുകയേ നിവൃത്തിയുള്ളൂ. തെക്കുകിഴക്കൻ ഏഷ്യയിൽ പന്നിവളർത്തൽ മേഖലയെ പിടിച്ചുലച്ച ആഫ്രിക്കൻ പന്നിപ്പനി തൃശൂരിലെത്തിയത് ഉത്തരേന്ത്യയിൽ നിന്നാകാമെന്ന് നിഗമനത്തിലാണ് ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.