തൃശൂർ: ജില്ല പഞ്ചായത്തിലെ വിദ്യഭ്യാസ വിഭാഗത്തിൽ ഉദ്യോഗസ്ഥ പ്രതിസന്ധി. വിദ്യഭ്യാസ നിലവാരത്തിൽ ഒന്നാമതായിരുന്ന ജില്ലയുടെ സ്ഥാനം ഇപ്പോൾ ആറാമതാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇത് അഞ്ചാമതായിരുന്നു. ഈ വർഷം ഇത് പിന്നാക്കം പോയി.
എസ്.എസ്.എൽ.സി പഠന നിലവാരമുയർത്താൻ ജില്ല പഞ്ചായത്ത് വിവിധ പദ്ധതികൾ വർഷങ്ങളായി ആവിഷ്കരിക്കുന്നുണ്ടെങ്കിലും സമീപകാലത്ത് ഫലപ്രദമാകുന്നില്ലെന്നതാണ് അനുഭവം. ഇതിന് പ്രധാനം ഇത് കൈകാര്യം ചെയ്യാൻ പാകത്തിൽ ആവശ്യത്തിന് ജീവനക്കാരില്ലെന്നതും. ജില്ല പഞ്ചായത്തിന് കീഴിൽ ജില്ലയിൽ 29 ഡിവിഷനുകളിലായി 115 സ്കൂളുകളുണ്ട്.
പക്ഷേ, ഇവയുടെ ഫയലുകൾ കൈകാര്യം ചെയ്യാൻ ആകെയുള്ളത് ഏഴ് സീനിയർ ക്ലർക്കുമാരും ഒരു ജൂനിയർ ക്ലർക്കുമടക്കം എട്ട് പേർ മാത്രം. ഇവർ വിശ്രമമില്ലാതെ കുത്തിയിരുന്നാണ് ഈ നിലയിലെങ്കിലും തള്ളി നീങ്ങുന്നത്. വിവിധ വകുപ്പുകളിൽ നിന്നുള്ള പുനർ വിന്യാസം വഴിയുള്ള ഉദ്യോഗസ്ഥ നിയമനം നടക്കാത്തതാണ് ജീവനക്കാരുടെ പ്രതിസന്ധിക്ക് കാരണമെന്ന് പറയുന്നു.
സംസ്ഥാനത്ത് തൃശൂരിൽ മാത്രമാണ് ഈ നിലയുള്ളത്. 23 ഡിവിഷൻ മാത്രമുള്ള ആലപ്പുഴ ജില്ല പഞ്ചായത്തിൽ ഏഴ് സീനിയർ ക്ലർക്കുമാരും അഞ്ച് ജൂനിയർ ക്ലർക്കുമാരുമുള്ളപ്പോഴാണ് 29 ഡിവിഷനുകളുള്ള തൃശൂർ ജില്ല പഞ്ചായത്തിൽ എട്ട് പേരെ വെച്ച് നീങ്ങുന്നത്. വിദ്യാഭ്യാസം, ജലസേചനം, റവന്യൂ, കാർഷിക വകുപ്പുകളിൽ നിന്നാണ് ഉദ്യോഗസ്ഥരെ പുനർവിന്യാസം നടത്താറുള്ളത്.
നേരത്തെ പുനർവിന്യാസ പ്രക്രിയ കൃത്യമായി നടന്നിരുന്നു. എന്നാൽ വർഷങ്ങളായി പുനർവിന്യാസം നടക്കുന്നില്ല. നേരത്തെ നിയോഗിച്ച ഉദ്യോഗസ്ഥരിൽ പലരും സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്ന് മാതൃവകുപ്പിലേക്ക് തന്നെ മടങ്ങിപ്പോയതും പകരത്തിനായി മറ്റ് വകുപ്പുകളിൽ നിന്നുള്ളവർ വരാതായതുമാണ് വിദ്യഭ്യാസ വിഭാഗത്തിന് ഇരട്ടിഭാരമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.