ഹൈ റോഡിൽ തകർന്ന പഴയ കെട്ടിടം അനധികൃതമായി പുനർനിർമിക്കാൻ മേയർ കൂട്ടുനിൽക്കുന്നതായി ആരോപിച്ച് കോർപറേഷൻ കൗൺസിൽ യോഗത്തിൽ കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേധിക്കുന്നു
അപകടാവസ്ഥയിലായ കെട്ടിടങ്ങളെചൊല്ലി കൗണ്‍സില്‍ യോഗം പ്രക്ഷുബ്ധം
തൃശൂര്‍: കോര്പറേഷന് പരിധിയില്‍ കാലപ്പഴക്കം കാരണം അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളെചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. 174 കെട്ടിടങ്ങള്‍ അപകടാവസ്ഥയിലാണെന്നും ഇവയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വ്യാപാരസ്ഥാപനങ്ങളുടെയും ലൈസന്‍സ് റദ്ദ് ചെയ്യണമെന്നും പ്രതിപക്ഷനേതാവ് രാജന് ജെ. പല്ലന് ആവശ്യപ്പെട്ടു. ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ച് പുതുക്കി പണിയുന്നതിന് പ്രത്യേക പാക്കേജ് അനുവദിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ ഹൈ റോഡില്‍ പഴയ കെട്ടിടം തകര്‍ന്ന് വീണതോടെയാണ് നഗരത്തിലെ കെട്ടിടങ്ങളുടെ സുരക്ഷ ചര്‍ച്ചാവിഷയമായത്. ഏഴ് വര്‍ഷം മുമ്പത്തെ റിപ്പോര്‍ട്ട് പ്രകാരം 144 കെട്ടിടങ്ങളും പുതിയ പട്ടികയിലുള്ള 30 എണ്ണവും ഉള്‍പ്പെടെ 174 കെട്ടിടങ്ങള്‍ സുരക്ഷഭീഷണി നേരിടുന്നുവെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. അപകടാവസ്ഥയിലുള്ള ഈ കെട്ടിടങ്ങള്‍ കോര്പറേഷന് ചെലവില്‍ പൊളിച്ച് നീക്കി കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി അവിടെ തന്നെ പുതിയ കെട്ടിടം പണിയാന്‍ അനുമതി നല്‍കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ഹൈ റോഡില്‍ തകര്‍ന്നുവീണ കെട്ടിടം അനധികൃതമായി പുനര്‍നിര്‍മിക്കാന്‍ മേയറും സി.പി.എമ്മും കൂട്ടുനില്‍ക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ മേയറുടെ ചെയര്‍ വളഞ്ഞ് മേയര്‍ എം.കെ. വര്‍ഗീസിനെ ഉപരോധിച്ചു.
കുരിയച്ചിറയില്‍ മാലിന്യസംസ്കരണത്തിനായി ഓട്ടോമാറ്റിക് പ്ലാന്റ് സ്ഥാപിക്കാന്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലെന്ന് പ്രതിപക്ഷം ഉന്നയിച്ചു. അഞ്ച് കോടി രൂപ ചെലവിട്ട് വാങ്ങിയ ഓര്‍ഗാനിക് വേസ്റ്റ് കണ്‍വേര്‍ട്ടര്‍ മെഷീന് മാസങ്ങൾ കഴിഞ്ഞിട്ടും പ്രവര്‍ത്തിപ്പിച്ച് നോക്കാത്തത് ഗുരുതരമായ ക്രമക്കേടും അഴിമതിയാണെന്നും പ്രതിപക്ഷനേതാവ് രാജന് പല്ലന് പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് ഇ.വി. സുനില്‍രാജ്, ജോണ്‍ ഡാനിയേല്‍, കെ. രാമനാഥന്, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ ജയപ്രകാശ് പൂവത്തിങ്കല്‍, മുകേഷ് കൂളപറമ്പില്‍, ശ്യാമള മുരളിധരന്, ലാലി ജെയിംസ്, മേഴ്സി അജി, ലീല വര്‍ഗീസ്, സിന്ധു ആന്റോ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.