നാടിന് മാതൃകയായി എയ്യാലിലെ യുവകർഷകൻ
പന്നിത്തടം: പച്ചപ്പ് നിറയും വയലേലകളിൽ സാമൂഹികവിരുദ്ധർ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ എന്നിവ പെറുക്കി മാലിന്യ നിർമാർജനവും ഹരിത-ജൈവ സമൃദ്ധിയും ഉറപ്പാക്കുന്ന യുവകർഷകൻ നാടിന് മാതൃകയായി. എയ്യാൽ ആവേൻവീട്ടിൽ ബിജീഷാണ് (44) പരിസ്ഥിതിയെ പ്ലാസ്റ്റിക്ക് വിമുക്തമാക്കാൻ ശ്രമിക്കുന്ന യുവ കർഷകൻ.
ഗൾഫിൽനിന്ന് മടങ്ങിയെത്തിയ ശേഷം മുഴുവൻ സമയം കർഷകനായി മാറിയ ബിജീഷ് മറ്റു കൃഷിക്കാർക്ക് മാതൃകയാണ്. എയ്യാൽ- കുണ്ടുതോട്-ആദൂർ പാടശേഖരത്തിലെ 25 ഏക്കർ വയൽ നെൽകൃഷിക്ക് ഒരുക്കുന്നതിനിടയിലാണ് വലിയ തോതിൽ പ്ലാസ്റ്റിക് മാലിന്യ നിക്ഷേപം കണ്ടെത്തിയത്. തുടർന്ന് ഇവയുടെ നിർമാർജനം ലക്ഷ്യമിട്ട് ബിജീഷ് ഒറ്റയാൾ പോരാട്ടത്തിനിറങ്ങി. ഓരോ ദിനവും കഴിയുന്നത്ര പ്ലാസ്റ്റിക് മാലിന്യം പെറുക്കി കടങ്ങോട് പഞ്ചായത്ത് ഗ്രാമസുന്ദരി എന്ന പേരിൽ റോഡരികിൽ സ്ഥാപിച്ച ബോട്ടിൽ ബൂത്തിൽ നിക്ഷേപിക്കും. ഇതുകണ്ട് നാട്ടുകാരും കുട്ടികളും സഹകരിച്ചു. വലിയൊരു പ്ലാസ്റ്റിക് ശേഖരം വയലിൽനിന്ന് ലഭിച്ചു. തുടർന്നാണ് നെൽകൃഷി ആരംഭിച്ചത്. ബിജീഷിന് മികച്ച കർഷകനുളള കടങ്ങോട് പഞ്ചായത്ത് തല അവാർഡ് ലഭിച്ചിട്ടുണ്ട്. പിതാവ് ബാലനും മികച്ച കർഷകനുള്ള അംഗീകാരം നേടിയ വ്യക്തിയാണ്. കൃഷിയോടും പരിസ്ഥിതിയോടും ഈ യുവകർഷകൻ നടത്തിയ ആത്മാർഥതയോടെയുള്ള സേവനം കണ്ടറിഞ്ഞ നാട്ടുകാർ ബിജീഷിനെ അഭിനന്ദിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.