സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ ഒമ്പതിന് വിതരണം ചെയ്യും

തൃശൂർ: കേരള സംഗീത നാടക അക്കാദമിയുടെ 2021ലെ പുരസ്കാരങ്ങള്‍ ഈമാസം​ ഒമ്പതിന് രാവിലെ പത്തിന് സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്യും. കേരള സംഗീത നാടക അക്കാദമിയുടെ കെ.ടി. മുഹമ്മദ് സ്മാരക തിയറ്ററിലാണ് പുരസ്കാര വിതരണ ചടങ്ങ് സംഘടിപ്പിക്കുന്നത്. അക്കാദമിയുടെ പരിധിയില്‍ വരുന്ന വിവിധ കലാമേഖലകളില്‍ അതുല്യ സംഭാവന നല്‍കിയ മൂന്ന് പേര്‍ക്ക് ഫെലോഷിപ്പും 17 പേര്‍ക്ക് അവാര്‍ഡും 23 പേര്‍ക്ക് ഗുരുപൂജ പുരസ്കാരവുമാണ് നല്‍കുന്നത്. അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് അധ്യക്ഷത വഹിക്കും. അക്കാദമി നിര്‍വാഹക സമിതി അംഗം ഫ്രാന്‍സിസ് ടി. മാവേലിക്കര പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തും. ഫെലോഷിപ് ജേതാക്കൾക്ക്​ 50,000 രൂപയും ഫലകവും ശിൽപവും നല്‍കും. അവാര്‍ഡ്, ഗുരുപൂജ പുരസ്കാര ജേതാക്കൾക്ക്​ 30,000 രൂപയും സര്‍ട്ടിഫിക്കറ്റും ശിൽപവും കൈമാറും. 2019ലെ മികച്ച നാടക പഠന ഗ്രന്ഥത്തിനുള്ള അവാര്‍ഡും മന്ത്രി വിതരണം ചെയ്യും. മികച്ച നാടക പഠനഗ്രന്ഥത്തിനുള്ള അവാര്‍ഡിന് അര്‍ഹമായത് രാജന്‍ തിരുവോത്തിന്‍റെ കാഴ്ച-ലോക നാടക ചരിത്രം എന്ന ഗ്രന്ഥമാണ്. 25,000 രൂപയും സര്‍ട്ടിഫിക്കറ്റും ശില്പവുമാണ്​ മികച്ച നാടക പഠന ഗ്രന്ഥത്തിനുള്ള അവാര്‍ഡ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.