Lead ദേവസ്വങ്ങൾക്ക് അധിക ബാധ്യത വരുത്തില്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ തൃശൂർ: തൃശൂർ പൂരം ഇത്തവണ കോവിഡ് നിയന്ത്രണങ്ങളൊന്നുമില്ലാതെ ഭംഗിയായി ആഘോഷിക്കും. മന്ത്രിമാരുടെ സാന്നിധ്യത്തിൽ ചേർന്ന അവലോകന യോഗം വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. സാമ്പത്തിക പ്രതിസന്ധിയടക്കമുള്ളവ സർക്കാർ പരിഹരിക്കുമെന്ന് ദേവസ്വങ്ങൾക്ക് മന്ത്രിമാർ ഉറപ്പ് നൽകി. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, ആർ. ബിന്ദു, കെ. രാജൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന പൂരം അവലോകന യോഗത്തിലാണ് ഉറപ്പ് നൽകിയത്. പൂരത്തിന് കഴിഞ്ഞ വർഷങ്ങളിൽ ഏർപ്പെടുത്തിയത് പോലുള്ള കോവിഡ് നിയന്ത്രണങ്ങൾ ഇത്തവണ ഉണ്ടാവില്ല. അതേസമയം, മാസ്കും സാനിറ്റൈസറും ഉപയോഗിച്ച് സ്വയം സുരക്ഷ ഉറപ്പാക്കണമെന്ന് യോഗത്തിൽ മന്ത്രിമാർ നിർദേശിച്ചു. ബാരിക്കേഡ് കെട്ടുന്നതിലടക്കം ദേവസ്വങ്ങൾ ചൂണ്ടിക്കാട്ടിയ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്ന് മന്ത്രി രാധാകൃഷ്ണൻ അറിയിച്ചു. തേക്കിൻകാട് മൈതാനത്തെ ബാരിക്കേഡ് നിർമിക്കാനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ദേവസ്വങ്ങൾക്കു മേൽ അധിക ബാധ്യത വരുത്തില്ല. തർക്കമുണ്ടായിരുന്ന ബാരിക്കേഡ് നിർമാണ ചെലവ് സർക്കാർ തന്നെ വഹിക്കും. പൊലീസിന്റെയടക്കം ഭക്ഷണ ചെലവുകൾ ദേവസ്വങ്ങൾ വഹിക്കുന്നതിനും യോഗത്തിൽ ധാരണയായി. വെടിക്കെട്ടിന് സ്വരാജ് റൗണ്ടിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നത് പെസോ അധികൃതരുമായുള്ള ചർച്ചക്ക് ശേഷം തീരുമാനിക്കാമെന്നും പരമാവധി ആളുകൾക്ക് പൂരവും വെടിക്കെട്ട് അടക്കമുള്ളവ കാണുന്നതിന് സൗകര്യമൊരുക്കാനും യോഗത്തിൽ തീരുമാനമായി. മേയ് 10നാണ് തൃശൂർ പൂരം. 2020ൽ പൂർണമായും ക്ഷേത്രത്തിനകത്തെ ചടങ്ങുകളിലൊതുക്കിയപ്പോൾ കഴിഞ്ഞ വർഷം ചുരുങ്ങിയ ആളുകളെ പ്രവേശിപ്പിച്ച് ചടങ്ങുകൾ നടത്തിയായിരുന്നു പൂരം ആഘോഷിച്ചത്. കലക്ടറേറ്റിൽ നടന്ന യോഗത്തിൽ മന്ത്രിമാരെ കൂടാതെ ടി.എൻ. പ്രതാപൻ എം.പി, പി. ബാലചന്ദ്രൻ എം.എൽ.എ, മേയർ എം.കെ. വർഗീസ്, കലക്ടർ ഹരിത വി. കുമാർ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് വി. നന്ദകുമാർ, അംഗം എം.ജി. നാരായണൻ, ദേവസ്വം പ്രതിനിധികൾ, അസി. കമീഷണർ വി.കെ. രാജു തുടങ്ങിയവർ പങ്കെടുത്തു. ----------------------------------------- പാറമേക്കാവ് വിഭാഗം പന്തൽ കാൽനാട്ട് ഇന്ന് തൃശൂർ പൂരത്തിന് സ്വരാജ് റൗണ്ടിൽ നിർമിക്കുന്ന പന്തലുകളുടെ നിർമാണം തിങ്കളാഴ്ച തുടങ്ങും. പാറമേക്കാവ് വിഭാഗം മണികണ്ഠനാലിൽ നിർമിക്കുന്ന പന്തലിന്റെ കാൽനാട്ടാണ് തിങ്കളാഴ്ച നടക്കുക. രാവിലെ 8.30ന് ക്ഷേത്രം മേൽശാന്തി കാരെക്കാട്ട് രാമൻ നമ്പൂതിരി ഭൂമി പൂജ നടത്തും. തിരുവമ്പാടി വിഭാഗം സ്വരാജ് റൗണ്ടിൽ നിർമിക്കുന്ന പന്തലുകളുടെ കാൽനാട്ട് 28ന് നടക്കും. നടുവിലാലിലും നായ്ക്കനാലിലുമാണ് തിരുവമ്പാടി പന്തലുകൾ നിർമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.