ഇന്ത്യ ഒരിക്കലും ഒരു രാജ്യത്തിനും ഭീഷണിയായിട്ടില്ല -മോദി

ന്യൂഡൽഹി: ഇന്ത്യ ഒരിക്കലും ഒരു രാജ്യത്തിനും ഭീഷണി ഉയർത്തിയിട്ടില്ലെന്നും ആഗോള സംഘർഷങ്ങൾക്കിടയിലും ലോകത്തിന്റെ മുഴുവൻ ക്ഷേമത്തിനുവേണ്ടിയാണ് രാജ്യം ചിന്തിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമ്പതാമത് സിഖ് ഗുരുവായ ഗുരു തേജ് ബഹാദൂറിന്റെ 400ാം ജന്മവാർഷിക ആഘോഷത്തിൽ പങ്കെടുത്ത് ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. ചടങ്ങിൽ സ്മരണിക നാണയവും തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പുറത്തിറക്കി. ചെങ്കോട്ടക്ക് സമീപമുള്ള ഗുരുദ്വാര സിസ് ഗഞ്ച് സാഹിബ് ഗുരു തേജ് ബഹാദൂറിന്റെ അനശ്വര ത്യാഗത്തിന്റെ പ്രതീകമാണെന്ന് മോദി പറഞ്ഞു. നമ്മുടെ മഹത്തായ സംസ്കാരം സംരക്ഷിക്കാൻ ഗുരു തേജ് ബഹാദൂർ ജിയുടെ ത്യാഗം എത്ര മഹത്തരമാണെന്ന് ഗുരുദ്വാര നമ്മെ ഓർമിപ്പിക്കുന്നു. അക്കാലത്ത് രാജ്യത്ത് മതഭ്രാന്തിന്റെ കൊടുങ്കാറ്റായിരുന്നു. മതത്തെ തത്ത്വശാസ്ത്രവും ശാസ്ത്രവും സ്വയം പ്രതിഫലനവുമായി കണക്കാക്കിയ ഇന്ത്യ മതത്തിന്റെ പേരിൽ അക്രമങ്ങളും അതിക്രമങ്ങളും നടത്തിയ ആളുകളെയാണ് നേരിട്ടത്. അക്കാലത്ത്, ഗുരു തേജ് ബഹാദൂറിന്റെ രൂപത്തിൽ ഇന്ത്യയുടെ സ്വത്വം സംരക്ഷിക്കപ്പെടുമെന്ന് വലിയ പ്രതീക്ഷയുണ്ടായിരുന്നു. ഔറംഗസേബിന്റെ സ്വേച്ഛാധിപത്യ ചിന്താഗതിക്ക് മുന്നിൽ ഗുരു തേജ് ബഹാദൂർ ജി ഒരു പാറ പോലെ ഉറച്ചു നിന്നു. ഔറംഗസേബും അദ്ദേഹത്തെപ്പോലുള്ള സ്വേച്ഛാധിപതികളും നിരവധി ആളുകളുടെ തലയറുത്ത് കൊന്നിട്ടുണ്ടാകാം എന്നതിന് ചെങ്കോട്ട സാക്ഷിയാണ്, എന്നാൽ വിശ്വാസത്തെ നമ്മിൽനിന്ന് വേർപെടുത്താൻ കഴിഞ്ഞില്ല. വലിയ ശക്തികൾ അപ്രത്യക്ഷമായി. വലിയ കൊടുങ്കാറ്റുകൾ ശാന്തമായി. പക്ഷേ ഇന്ത്യ ഇപ്പോഴും അനശ്വരമായി നിലകൊള്ളുന്നു, മുന്നോട്ട് പോകുന്നു -മോദി പറഞ്ഞു. സാംസ്കാരിക മന്ത്രാലയ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, 1675ൽ ഗുരു തേജ് ബഹാദൂറിനെ വധിക്കാൻ ഔറംഗസേബ് ഉത്തരവിട്ടത് ചെങ്കോട്ടയിൽനിന്നായതിനാലാണ് അത് വേദിയായി തെരഞ്ഞെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.