കേച്ചേരി: പെരുന്നാൾ ആഘോഷം കേമമാക്കാനുള്ള ഒരുക്കങ്ങൾക്കിടയിൽ ഫർസാനക്കേറ്റ ദാരുണാന്ത്യം സഹപാഠികളേയും സുഹൃത്തുക്കളേയും കണ്ണീർക്കടലിലാക്കി. തലക്കോട്ടുകാര പള്ളിക്കുളം വീട്ടിൽ റാഫിയുടെ മകൾ ഫർസാനയാണ് (20) മരിച്ചത്. പുതുവസ്ത്രമെടുത്ത് വീട്ടിലെത്തിയ വിദ്യാർഥിനി വസ്ത്രം മാറ്റിയെടുക്കാനായി ചൂണ്ടലിലെ കടയിലേക്ക് സ്കൂട്ടറിൽ ബന്ധുവായ 15 കാരിയോടൊപ്പം യാത്ര ചെയ്യുന്നതിനിടയിലാണ് പാറപ്പുറത്ത് വെച്ച് ലോറിയിടിച്ചത്.
ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായ ഫർസാനയുടെ മൃതദേഹം ഒരു നോക്കുകാണാൻ എത്തിയ സഹപാഠികൾ വാവിട്ട് കരയുന്നത് നിയന്ത്രിക്കാൻ കണ്ടുനിന്നവരും ഏറെ പാടുപ്പെട്ടു. ഒരു മാസം മുമ്പ് അൻസാർ കോളജിൽ നടന്ന ഡി സോൺ കലോത്സവത്തിൽ ഒപ്പനയിൽ മണവാട്ടിയായി അഭിനയിച്ച ഫർസാനയുടെ ടീമിനായിരുന്നു രണ്ടാം സ്ഥാനം. ഇനി സ്വർഗത്തിലെ ഫർസാന മണവാട്ടിയാകുമെന്ന് പറഞ്ഞായിരുന്നു സഹപാഠികൾ വിലപിച്ചത്.
കൂടെയുണ്ടായിരുന്ന പിതൃസഹോദരന്റെ മകൾ വേലൂർ ആർഎംഎസ് പള്ളിക്കുളം വീട്ടിൽ ഷമീറിന്റെ മകൾ ഫാത്തിമ ഗുരുതര പരിക്കുകളോടെ അമല ആശുപതിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെ 11.55 ഓടെയായിരുന്നു സംഭവം. ഗുരുതര പരിക്കേറ്റ ഇരുവരെയും അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ രാത്രി ഫർസാന മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച് വൈകീട്ട് ഖബറടക്കി. ഫർസാനയുടെ പിതാവ് റാഫി 10 വർഷം മുമ്പ് സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. സംസ്കാര ചടങ്ങിൽ ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളജ് പ്രിൻസിപ്പൽ ജെനി തെരേസ, അൻസാർ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ ഷൈനി ഹംസ, യു.ഡി.എഫ് സ്ഥാനാർഥി അജയ് മോഹൻ, വേലൂർ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ, അൻസാർ ഇംഗ്ലീഷ് സ്കൂൾ, ലിറ്റിൽ ഫ്ലവർ കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികൾ, സാംസ്കാരിക സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.