നാട്ടികയിൽ പോരാട്ടം കനക്കും

അന്തിക്കാട്: ഇടതു കോട്ടയായ നാട്ടിക സംവരണ മണ്ഡലത്തിൽ ഇത്തവണ പോരാട്ടം കനക്കും. മുൻ എം.എൽ.എ സി.പി.ഐയിലെ ഗീത ഗോപി അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുമ്പോൾ കഴിഞ്ഞ തവണത്തെ അതേ സ്ഥാനാർഥിയായ കോൺഗ്രസിലെ സുനിൽ ലാലൂരാണ് യു.ഡി.എഫ് സ്ഥാനാർഥി. സി.പി.ഐ വിട്ട് ബി.ജെ.പിയിലേക്ക് ചുവടുമാറിയ നിലവിലെ എം.എൽ.എ സി.സി. മുകുന്ദൻ എൻ.ഡി.എ സ്ഥാനാർഥിയായതാണ് നാട്ടികയിലെ പോരാട്ടം ശക്തമാകാൻ കാരണം. 2011 മുതൽ 21 വരെ പത്ത് വർഷം വൻ ഭൂരിപക്ഷത്തോടെ ഗീത ഗോപിയായിരുന്നു നാട്ടികയിലെ എം.എൽ.എ. 2021ൽ സി.പി.ഐ ഗീത ഗോപിയെ മാറ്റിനിർത്തുകയായിരുന്നു. പുതുമുഖമായ സി.സി. മുകുന്ദനെയാണ് കളത്തിലിറക്കിയത്. കോൺഗ്രസിലെ സുനിൽ ലാലൂരിനെ 28431 വോട്ടുകൾക്കാണ് മുകുന്ദൻ തോൽപിച്ചത്.

പാർട്ടിയുമായി ഇടഞ്ഞുനിന്നിരുന്ന മുകുന്ദനെ ഇത്തവണ മാറ്റിനിർത്തി മുൻ എം.എൽ.എ ഗീത ഗോപിയെ മത്സരിപ്പിക്കാൻ സി.പി.ഐ തീരുമാനിക്കുകയായിരുന്നു. ഇതാണ് മുകുന്ദനെ ചൊടിപ്പിച്ചത്. സി.പി.ഐ വിട്ട മുകുന്ദൻ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന് സ്വയം ഉറപ്പിച്ച് ഡൽഹിയിൽ പോയി കോൺഗ്രസ് നേതാക്കളെ കണ്ടിരുന്നു. എന്നാൽ കോൺഗ്രസിലെ പ്രാദേശിക നേതാക്കൾ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. മുകുന്ദന് കോൺഗ്രസ് സീറ്റ് നിഷേധിച്ചതോടെ നേരെ ബി.ജെ.പിയിൽ ചേക്കേറി അംഗത്വം എടുത്താണ് എൻ.ഡി.എ സ്ഥാനാർഥിയാകുന്നത്. സീറ്റ് ഉറപ്പിച്ച മണിക്കൂറുകൾക്ക് ശേഷം തൃപ്രയാറിൽ വൻ റോഡ് ഷോ നടത്തിയാണ് മുകുന്ദൻ ആവേശകരമായ പ്രവർത്തനം ആരംഭിച്ചത്. ഈ സമയം തന്നെ ഗീത ഗോപി തൃപ്രയാറിനെ ചുവപ്പണിയിച്ച് റോഡ് ഷോ നടത്തി. സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ യു.ഡി.എഫ് സ്ഥാനാർഥി സുനിൽ ലാലൂരും ഗോദയിലിറങ്ങി. മൂന്നു സ്ഥാനാർഥികളും നാട്ടികയിൽ പരിചിതരാണ്.

അന്തിക്കാട്, താന്ന്യം, ചാഴൂർ പഞ്ചായത്തുകളിൽ സി.പി.എമ്മിനൊപ്പം സി.പി.ഐക്കും ശക്തമായ വേരുറപ്പുണ്ട്. തളിക്കുളം, നാട്ടിക, വലപ്പാട്, അവിണിശ്ശേരി, പാറളം പഞ്ചായത്തുകളിലും കഴിഞ്ഞ മൂന്നുതവണയും എൽ.ഡി.എഫിനാണ് ലീഡ് ഉണ്ടായിരുന്നത്. ചേർപ്പും നാട്ടികയുടെ ഭാഗമാണ്. സി.സി. മുകുന്ദൻ എൻ.ഡി.എക്ക് വേണ്ടി കളത്തിലിറങ്ങിയതോടെ എൽ.ഡി.എഫിൽ വോട്ട് ചോർച്ചയുണ്ടാകുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. എന്നാൽ, എൽ.ഡി.എഫ് വോട്ടുകൾ ചോരില്ലെന്നും വൻ ഭൂരിപക്ഷം നേടുമെന്നുമാണ് എൽ.ഡി.എഫ് കണക്ക് കൂട്ടൽ. എന്നാൽ, ഇരു മുന്നണികളെയും തോൽപിച്ച് സുനിൽ ലാലൂർ വിജയിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. അഞ്ച് വർഷമായി സുനിൽ മണ്ഡലത്തിൽ സജീവമാണ്.

Tags:    
News Summary - The fight will be fierce in Nattika

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT