മാള: കൊടുങ്ങല്ലൂർ മണ്ഡലം ഇക്കുറി പ്രവചനാതീതമായ പോരാട്ടത്തിനാണ് വേദിയാകുന്നത്. മികച്ച വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി ഹാട്രിക് വിജയത്തിനായി എൽ.ഡി.എഫിന്റെ വി.ആർ. സുനിൽകുമാർ വീണ്ടും ജനവിധി തേടുമ്പോൾ, യുവനേതാവ് ജനീഷിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. എൻ.ഡി.എ സ്ഥാനാർഥിയായി ട്വന്റി 20 നേതാവ് ഡോ. വർഗീസ് ജോർജ് കൂടി എത്തുന്നതോടെ കൊടുങ്ങല്ലൂരിലെ പോർക്കളം കൂടുതൽ സജീവമാവുകയാണ്.
കഴിഞ്ഞ പത്തുവർഷത്തെ വികസന നേട്ടങ്ങളും ‘ഹരിത ജനപ്രതിനിധി’ എന്ന പ്രതിച്ഛായയുമാണ് സിറ്റിങ് എം.എൽ.എ കൂടിയായ സി.പി.ഐയിലെ വി.ആർ. സുനിൽകുമാറിന്റെ പ്രധാന കരുത്ത്. 2021ൽ നേടിയ 23,893 വോട്ടുകളുടെ മികച്ച ഭൂരിപക്ഷം ഇടതുമുന്നണിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. സാധാരണക്കാർക്കിടയിൽ ഇറങ്ങിച്ചെല്ലാനുള്ള കഴിവും മണ്ഡലത്തിലെ വ്യക്തിപരമായ സ്വാധീനവും സുനിൽകുമാറിന് അനുകൂല ഘടകങ്ങളാണ്.
മുൻ കൃഷിമന്ത്രിയും സി.പി.ഐ നേതാവുമായിരുന്ന വി.കെ. രാജന്റെ മകനായ സുനിൽകുമാർ, പിതാവിന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ചാണ് രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചത്. 1996ൽ കോൺഗ്രസിന്റെ കുത്തക മണ്ഡലമായിരുന്ന കൊടുങ്ങല്ലൂർ കെ. ധനപാലനെ പരാജയപ്പെടുത്തി വി.കെ. രാജൻ പിടിച്ചെടുത്ത ചരിത്രമുണ്ട്. പിന്നീട് അതേ എതിരാളിയെ പരാജയപ്പെടുത്തിയാണ് സുനിൽകുമാർ മണ്ഡലത്തിൽ ആദ്യമെത്തുന്നത്. 2016, 2021 എന്നീ വർഷങ്ങളിൽ ലഭിച്ച വിജയം 2026ലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് പാർട്ടി.
മറുഭാഗത്ത്, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹിയും കുഴൂർ സ്വദേശിയുമായ ജനീഷിലൂടെ യുവ വോട്ടർമാരെ ഒപ്പം നിർത്താമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു. പാലിയേക്കര ടോൾ ഉൾപ്പെടെ ജനകീയ വിഷയങ്ങളിലെ സജീവ ഇടപെടലുകളിലൂടെ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയനായ വ്യക്തിത്വമാണ് ജനീഷിന്റേത്. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കോൺഗ്രസിലെ വിഭാഗീയതകൾ മറന്ന് നേതാക്കൾ ഐക്യത്തോടെ പ്രചാരണ രംഗത്തുണ്ട്. കെ. കരുണാകരന് തുടർച്ചയായ വിജയങ്ങൾ സമ്മാനിച്ച പഴയ മാള മണ്ഡലത്തിന്റെ പാരമ്പര്യം ഉയർത്തിക്കാട്ടി വോട്ടുകൾ തിരികെ പിടിക്കാനാണ് യു.ഡി.എഫ് ശ്രമം. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അവർ വിശ്വസിക്കുന്നു.
എൻ.ഡി.എ സ്ഥാനാർഥിയായ ഡോ. വർഗീസ് ജോർജും മണ്ഡലത്തിൽ ഇതിനകം തന്നെ ശക്തമായ പ്രചാരണമാണ് നടത്തുന്നത്. കൊടുങ്ങല്ലൂർ നഗരസഭയിലും മാള, കുഴൂർ, പുത്തൻചിറ പഞ്ചായത്തുകളിലും ബി.ജെ.പിക്കുള്ള സ്വാധീനം വോട്ടുനിലയിൽ നിർണായകമാകും. കൊടുങ്ങല്ലൂർ ബൈപ്പാസ്, തീരദേശ വികസനം, മുസിരിസ് പൈതൃക പദ്ധതി തുടങ്ങിയവയാണ് മണ്ഡലത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ. ഇതിനുപുറമെ ആനാപ്പുഴയിലെ അരയസമാജം, കോട്ടപ്പുറം രൂപത, ഇരിങ്ങാലക്കുട രൂപതയുടെ കീഴിൽ വരുന്ന മാള, പുത്തൻചിറ ഫൊറോനകൾ, ചേരമാൻ ജുമാ മസ്ജിദ് തുടങ്ങിയവയുടെ നിലപാടുകളും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും. ഏപ്രിൽ ഒമ്പതിന് നടക്കുന്ന വോട്ടെടുപ്പിന് ശേഷം മേയ് നാലിന് ഫലം വരുമ്പോൾ മാത്രമേ ലീഡറുടെ പഴയ തട്ടകം ഇടതിന് ഹാട്രിക് നൽകുമോ അതോ വലത്തേക്ക് തിരിയുമോ എന്ന് വ്യക്തമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.