കേന്ദ്ര നിയമം: വളർത്തുമൃഗങ്ങളുടെ വിൽപനശാലകൾക്ക്​ താഴുവീഴുന്നു

സ്ഥലവും സൗകര്യവും സ്വന്തമായുള്ള വൻകിടക്കാർക്ക്​ മാത്ര​മേ ഇനി പെറ്റ്​ഷോപ്പുകൾ നടത്താനാകൂ പി.പി. പ്രശാന്ത്​ തൃശൂർ: 2016 ഡിസംബറിലെ മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമ ഭേദഗതി നിർദേശങ്ങൾ കർശനമാക്കാൻ സംസ്ഥാനങ്ങൾ തുടങ്ങിയതോടെ വളർത്തുമൃഗങ്ങളുടെ ചെറുകിട വിൽപനശാലകൾക്ക്​ താഴുവീഴുന്നു. നിയമപ്രകാരമുള്ള സ്ഥലപരിധികളും മാനദണ്ഡങ്ങളും പരിഗണിക്കുമ്പോൾ കേരളത്തിലെ നിലവിലെ വളർത്തുമൃഗ വിൽപനകേന്ദ്രങ്ങൾ ഒന്നും ബാക്കിയുണ്ടായേക്കില്ല. നടപടിക്ക്​ മുന്നോടിയായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്​ പെറ്റ്​ഷോപ് കടയുടമകളുമായി നേരിൽകണ്ട്​ നിയമം നടപ്പാക്കാനുള്ള കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്​. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2016ൽ കൊണ്ടുവന്ന്​ രണ്ട്​ വർഷത്തിനുശേഷം നടപ്പാക്കിയ ഭേദഗതി 38ാം സെക്ഷനിലാണ്​ വളർത്തുമൃഗങ്ങളുടെ വിൽപന സംബന്ധിച്ച കാര്യങ്ങളുള്ളത്​. നിയമം പ്രാബല്യത്തിൽ വന്നെങ്കിലും ​കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിൽ നിർദേശം നടപ്പാക്കിയിരുന്നില്ല. പട്ടിക്കുട്ടിയെ പാർപ്പിക്കുന്ന ഇരുമ്പുകൂടിന്​ 24 ചതുരശ്ര അടി വേണമെന്നാണ്​ പുതിയ നിർദേശങ്ങളിലൊന്ന്​. നായ്​വർഗങ്ങളുടെ അടുത്ത്​ പൂച്ചയുടെയോ ഇവ രണ്ടിന്‍റെയും അടുത്ത്​ പക്ഷി, മുയൽ, പന്നികൾ തുടങ്ങിയവയുടെയോ കൂടുകൾ സജ്ജീകരിക്കാൻ പാടില്ല. ഈ നിർദേശങ്ങൾ നടപ്പാക്കാൻ വലിയ സൂപ്പർ മാർക്കറ്റ്​ വലുപ്പത്തിലുള്ള കടമുറികൾ വേണമെന്ന്​ വ്യക്തം. മൂന്ന്​ മാസത്തിലൊരിക്കൽ വെറ്ററിനറി ഡോക്ടർ പരിശോധന നടത്തി കടയുടമക്ക്​ സാക്ഷ്യപത്രം നൽകണം. മൃഗസംരക്ഷണ വകുപ്പിന്​ പുറമെ സൊസൈറ്റി ഫോർ ദ പ്രിവൻഷൻ ഓഫ്​ ക്രുവൽറ്റി ടു അനിമൽസ് (എസ്​.പി.സി.എ) എന്ന സംഘടനക്കും വിൽപനശാലകളിൽ പരിശോധന നടത്താനും നടപടിക്ക്​ ശിപാർശ ചെയ്യാനും അധികാരമുണ്ട്​. അറവുശാലയുടെ 100 മീറ്റർ പരിധിയിൽ ആയിരിക്കരുത്​ വിൽപനശാലയെന്നും നിർദേശങ്ങൾ പാലിക്കുന്നില്ലെങ്കിൽ കടയുടെ ലൈസൻസ്​ റദ്ദ്​ ചെയ്യുന്നതുൾപ്പെടെ നടപടി സ്വീകരിക്കാമെന്നും ഭേദഗതിയിൽ നിർദേശിക്കുന്നു. ​ അവസരം മുതലെടുത്ത്​ റിലയൻസ്​ ഉൾപ്പെടെ വൻകിട കോർപറേറ്റുകൾ മേഖലയിലേക്ക്​ കടന്നുവരുന്നത്​ ആശങ്കയുണ്ടാക്കുന്നുണ്ട്​. ഈ സാഹചര്യത്തിൽ ആശങ്കകൾ വിശദീകരിച്ച്​ മൃഗസംരക്ഷണ വകുപ്പ്​ ഡയറക്ടർ, വകുപ്പ്​ മന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക്​ നിവേദനം നൽകിയിട്ടുണ്ടെന്ന്​ ഓൾ കേരള പെറ്റ്​ഷോപ്​ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ്​ കണ്ണൂർ 'മാധ്യമ'ത്തോട്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.